Image

സി.എം. എസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

Published on 26 February, 2020
സി.എം. എസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
ന്യൂജേഴ്‌സി: സി.എം. എസ് കോളജ് അലംമ്‌നൈ അസോസിയേഷന്‍- ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുവാന്‍ തീരുമാനമെടുത്തു.

ഇന്ത്യയിലെ തന്നെ ആദ്യ കലാലയമായ സി.എം. എസ് കോളജ് അതിന്റെ 200-ം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉപഹാരമെന്ന നിലയ്ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്.

വൈസ് പ്രസിഡന്റ് ആന്‍ഡ്രു പാപ്പച്ചന്റെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം 2020 ജൂണ്‍ മാസത്തിലാരംഭിക്കുന്ന അധ്യയന വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു തുടങ്ങും. 20000 രൂപയുടെ 20 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

യാതൊരു സാമ്പത്തിക സഹായവും ലഭിക്കാത്ത ഇടത്തരം കുടുംബങ്ങളിലെ അനേകം വിദ്യാര്‍ത്ഥികള്‍ ഇന്നു കോളജിലുണ്ട്. ഇവര്‍ക്ക് കൈത്താങ്ങല്‍ കൊടുക്കുകയെന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു കോളജിനു വേണ്ടി ചെയ്യാവുന്ന വലിയ സഹായമായിരിക്കുമെന്ന് കോളജധികൃതരുമായി കമ്മിറ്റിയംഗങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ നിന്നും വ്യക്തമാകയുണ്ടായി.

ഈ ചരിത്ര മുഹൂര്‍ത്തത്തില്‍, മാതൃവിദ്യാലയത്തെ സ്‌നേഹിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നമ്മെ നാമാക്കിയ കലാലയമുത്തശ്ശിക്ക് ഒരു ഉപഹാരമര്‍പ്പിക്കുവാനുള്ള സുവര്‍ണ്ണാവസരമാണിത്.

അമേരിക്കയിലെമ്പാടുമുള്ള നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സംരംഭത്തില്‍ ഹൃദയപൂര്‍വ്വം സഹകരിക്കുമെന്നാണ് കമ്മിറ്റിയുടെ പ്രതീക്ഷ.

സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് ( 201 736-8767, sunnymat101@yahoo.com)
സെക്രട്ടറി കോശി ജോര്‍ജ് (718-314-8171, koshygeorge47@gmail.com) ട്രഷറര്‍ ഡോ. ടി.വി. ജോണ്‍ (732-829-9238, tvjohn2020@gmail.com) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

തങ്ങളുടെ സ്വന്തം പേരിലോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്മരണാര്‍ത്ഥമോ ഈ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാം.

ബഞ്ചമിന്‍ ബെയിലി മ്യൂസിയം

കോളജിന്റെ ആദ്യ പ്രിന്‍സിപ്പലും മലയാളം അച്ചടിയുടെ പിതാവുമായ റവ. ബഞ്ചമിന്‍ ബെയിലിയുടെ സ്മരണാര്‍ത്ഥം സി.എം. എസ്. കോളജില്‍ സ്ഥാപിതമായ ബെയിലി മ്യൂസിയത്തിന്റെ വികസനത്തിനു വേണ്ടി കേരള സര്‍ക്കാര്‍ 2020 ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നുള്ളത് അത്യന്തം സന്തോഷകരമായ വാര്‍ത്തയാണ്.

ഇതിനു പ്രത്യേക താല്‍പ്പര്യമെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചു. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ പങ്കാളികളാകുവാനും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയോട് കോളജധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 
സി.എം. എസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക