Image

സമാധാന ആഹ്വനവുമായി കെജ്രിവാള്‍; കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Published on 26 February, 2020
സമാധാന ആഹ്വനവുമായി കെജ്രിവാള്‍; കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം എത്തിയ അദ്ദേഹം പ്രദേശത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തി. നേരത്തെ കലാപത്തെപ്പറ്റി നിയമസഭയില്‍ സംസാരിച്ച അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയക്കാരും പുറത്തുനിന്ന് എത്തിയവരും കലാപത്തിന് ഉത്തരവാദികളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഡല്‍ഹിക്ക് ഇപ്പോള്‍ രണ്ട് വഴികളാണ് തിരഞ്ഞെടുക്കാനുള്ളത്. ഒന്നുങ്കില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അക്രമം അവസാനിപ്പിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ പരസ്പരം തല്ലിക്കൊല്ലാം

മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡല്‍ഹി രൂപപ്പെടുത്തേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമടക്കം എല്ലാവര്‍ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പോലീസുകാര്‍ ഉള്‍പ്പെടെ 20ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്നും അക്രമബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. അക്രമം ഉപേക്ഷിച്ച്  പ്രദേശത്തെ സമാധാനം നശിപ്പിക്കാന്‍ പുറത്തുനിന്നുള്ളവര്‍ വരുന്നുണ്ടെങ്കില്‍ പോലീസിനെ അറിയിക്കാനും അദ്ദേഹം ജനങ്ങളോട് നിര്‍ദ്ദേശിച്ചു. പോലീസ് കലാപകാരികളെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഡല്‍ഹിയിലെ ജനങ്ങളുടെ 
ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കാണ്. ജനങ്ങള്‍ മതസൗഹാര്‍ദത്തോടെയും സ്‌നേഹത്തോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക