Image

വ്യായാമവും ഗ്രീന്‍ടീയും ഫാറ്റി ലിവര്‍ തടയും

Published on 26 February, 2020
വ്യായാമവും ഗ്രീന്‍ടീയും ഫാറ്റി ലിവര്‍ തടയും
വ്യായാമവും ഗ്രീന്‍ടീയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് കുറയ്ക്കുമെന്നു പഠനം. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗത്തെ 75 ശതമാനം കുറയ്ക്കാന്‍ ഗ്രീന്‍ ടീ സത്തിനും വ്യായാമത്തിനും സാധിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും കൂടി വരുന്ന സാഹചര്യത്തില്‍, 2030 ഓടെ പത്തു കോടിയിലധികം ആളുകള്‍ക്ക് ഫാറ്റി ലിവര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ രോഗത്തിന് നിലവില്‍ കൃത്യമായ ചികിത്സ ഇല്ല.

കൊഴുപ്പ് കൂടിയ ഭക്ഷണം നല്‍കി വളര്‍ത്തിയ എലികളിലാണ് പഠനം നടത്തിയത്. 16 ആഴ്ച ഇവയ്ക്ക് ഗ്രീന്‍ ടീ സത്ത് നല്‍കി. ഒപ്പം പതിവായി വ്യായാമവും ചെയ്യിച്ചു. കണ്‍ട്രോള്‍ ഗ്രൂപ്പില്‍ പെട്ട എലികളെ അപേക്ഷിച്ച് ഇവയുടെ കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നാലിലൊന്നായി കുറഞ്ഞു.

ഗ്രീന്‍ ടീ സത്തു മാത്രം കൊടുക്കുകയോ വ്യായാമം മാത്രം ചെയ്യിക്കുകയോ ചെയ്ത എലികളില്‍ കരളില്‍ പകുതിയോളം കൊഴുപ്പ് ഉണ്ടായിരുന്നു. എലികളുടെ വിസര്‍ജ്യത്തിലെ പ്രോട്ടീന്റെയും കൊഴുപ്പിന്റെയും അളവും പരിശോധിച്ചു. ഗ്രീന്‍ ടീ സത്തു കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്ത എലികളുടെ വിസര്‍ജ്യത്തില്‍ ലിപ്പിഡ്, പ്രോട്ടീന്‍ ഇവയുടെ അവയുടെ അളവ് കൂടുതലായിരുന്നു. ഈ എലികളുടെ ശരീരം പോഷകങ്ങളെ ദഹിപ്പിക്കുന്നത് വ്യത്യസ്തമായാണ് എന്നു കണ്ടു.

ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍ ചെറുകുടലിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് കാര്‍ബോ ഹൈഡ്രേറ്റിന്റെ വിഘടനം ഭാഗികമായി തടയുന്നു എന്ന് പഠനം പറയുന്നു. ഭക്ഷണത്തില്‍ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ കൊഴുപ്പും അതുമായി ബന്ധപ്പെട്ട കാലറികളും എലിയുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുകയും അതില്‍ കുറച്ചളവ് വിസര്‍ജ്യത്തില്‍ എത്തുകയും ചെയ്യും.

മദ്യപിക്കാത്തവരില്‍ വരുന്ന കരള്‍ രോഗമായ ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ ഗ്രീന്‍ ടീയ്ക്കും പതിവായ വ്യായാമത്തിനും കഴിയും എന്ന ഈ പഠനം യു എസിലെ പെന്‍സില്‍വാനിയയില്‍ പ്രഫസര്‍ ജോഷ്വ ലാംബെര്‍ട്ടിന്റെ നേതൃത്വത്തിലാണ് നടത്തിയത്. ന്യൂട്രീഷന്‍ ബയോകെമിസ്ട്രി എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക