Image

മോഹന്‍ലാലിന്റെ മരക്കാര്‍ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Published on 26 February, 2020
മോഹന്‍ലാലിന്റെ മരക്കാര്‍ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച്‌ അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയുടെ ടീസര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.


റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരിക്കുകയാണ്. സിനിമ തങ്ങളുടെ കുടുംബത്തെയും മരക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച്‌ മരക്കാരുടെ പിന്‍മുറക്കാരി കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.


കുഞ്ഞാലി മരക്കാരുടെ യഥാര്‍ത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിട്ടുളളതെന്നും സിനിമക്ക് പ്രദര്‍ശാനുമതി നല്‍കിയാല്‍ മതവിദ്വേഷത്തിന് കാരണമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സമുദായ സൗഹാര്‍ദ്ദം തകരുമെന്നും ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മാര്‍ച്ച്‌ 26നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലെ എറ്റവും ചിലവേറിയ ചിത്രം കൂടിയാണ് സിനിമ. മോഹന്‍ലാലിനൊപ്പം വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക