Image

കപില്‍ മിശ്രക്കെതിരെ വിമര്‍ശനം; ഗൗതം ഗംഭീറിനെതിരെ ട്വിറ്ററില്‍ ആക്രമണം

Published on 26 February, 2020
കപില്‍ മിശ്രക്കെതിരെ വിമര്‍ശനം; ഗൗതം ഗംഭീറിനെതിരെ ട്വിറ്ററില്‍ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിന്‌ ആഹ്വാനം നടത്തിയ ബിജെപി നേതാവ്‌ കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ ട്വിറ്ററില്‍ ആക്രമണം. 

ഗംഭീറിനെ ബിജെപിയില്‍ നിന്ന്‌ പുറത്താക്കണമെന്നും തനിനിറം പുറത്തായതില്‍ സന്തോഷമെന്നും ആണ്‌ ട്വീറ്റുകള്‍.

'കപില്‍ മിശ്ര സത്യം പറഞ്ഞു. ഗൗതം ഗംഭീര്‍ ഒന്നുമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അദ്ദേഹത്തിന്‌ എന്തിന്‌ ടിക്കറ്റ്‌ നല്‍കി എന്ന്‌ എനിക്കറിയില്ല.'- ഒരു ട്വീറ്റ്‌ പറയുന്നു.

'അടുത്ത വട്ടം ഗംഭീറിനു പകരം മറ്റൊരാള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ ബിജെപിയോട്‌ ആവശ്യപ്പെടണം'.- മറ്റൊരു ട്വീറ്റ്‌.

'സത്യമറിയാതെ എന്തിനാണ്‌ അദ്ദേഹം ഈ കാര്യത്തില്‍ അഭിപ്രായം പറയുന്നത്‌? ഞങ്ങള്‍ കപില്‍ മിശ്രയെ പിന്തുണക്കുന്നു. ഞങ്ങള്‍ക്ക്‌ ഗംഭീറിനെ ആവശ്യമില്ല.'- മറ്റൊരു ട്വീറ്റ്‌ പറയുന്നു.

കപില്‍ മിശ്രയുടെ പ്രസ്‌താവന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ ഗൗതം ഗംഭീര്‍ പറഞ്ഞത്‌. കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.

 പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അത്‌ കപില്‍ മിശ്ര അല്ല മറ്റാരായാലും ഏത്‌ പാര്‍ട്ടിക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക