Image

ഒ.എൻ.വി ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സർഗ്ഗവേദി (പി. ടി. പൗലോസ്)

Published on 25 February, 2020
ഒ.എൻ.വി ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സർഗ്ഗവേദി (പി. ടി. പൗലോസ്)
ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ 2020 ഫെബ്രുവരി  16 ഞായർ വൈകുന്നേരം 6 .30 ന്  എൽമോണ്ടിലുള്ള കേരളാ സെന്ററിൽ  ഒ.എൻ.വി സ്‌മൃതി ആചരിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തകനായ വര്‍ഗീസ് ചുങ്കത്തിൽ അദ്ധ്യക്ഷനായി .  മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യൻ ഒ.എൻ.വി ഓർമ്മയായിട്ട് ഫെബ്രുവരി 13 ന്  നാല് വർഷം തികയുമ്പോൾ ഈ ഓർമ്മപുതുക്കലിന് പ്രസക്തിയുണ്ടെന്നും മനുഷ്യത്വം തുളുമ്പുന്ന ഗൃഹാതുരത്വത്തിലേക്ക് നമ്മെ കൊത്തിവലിച്ച മറ്റൊരു കവി ഒഎൻവി അല്ലാതെ മലയാളത്തിലില്ല എന്ന് പി. ടി. പൗലോസ് തന്റെ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് എഴുത്തുകാരനും സർഗ്ഗവേദിയുടെ ആത്മബന്ധുവുമായ കെ. കെ. ജോൺസൺ ''ഒ.എൻ.വി - മാനവികതയെ ചേർത്തുനിർത്തിയ കവി'' എന്ന വിഷയം ചർച്ചക്ക് അവതരിപ്പിച്ചു. ഒരു കവിത മനുഷ്യരാശിക്കാകെ നന്മയും ശാന്തിയും നേരുന്നൊരു പ്രാർത്ഥനയാവാം ,  ഹൃദയങ്ങളെ ഇണക്കിചേർക്കുന്ന ഒരു മന്ത്രമാവാം, ആസന്നമായ കൊടുങ്കാറ്റിനെ കുറിച്ചൊരു മുന്നറിയിപ്പാകാം, നിണമൊലിക്കുന്ന മുറിവിലൊരു സ്വാന്തനസ്പർശമാവാം, വേർപാടിന്റെ വേദനയാവാം, ഒത്തുചേരലിൻറെ നിർവൃതിയാകാം, ഭാഷാതീതമായി ഭൂമിശാസ്ത്രപരമായ അതിരുകളെ ലംഘിച്ചുകൊണ്ട് കവിത എന്നും നിലനിൽക്കുമെന്ന് ഒഎൻവി ഒരിക്കൽ പറഞ്ഞ വാക്കുകൾ ഉരുവിട്ടുകൊണ്ടാണ് കെ. കെ. ജോൺസൺ തന്റെ പ്രസംഗമാരംഭിച്ചത് .  1946 ല്‍  സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്തെഴുതിയ ''മുന്നോട്ടു'' എന്ന ആദ്യകവിത മുതൽ ഇന്നോളമെഴുതിയ ഒഎൻവി രചനകളെല്ലാം ഈ ദർശനത്തിലും വെളിപാടിലും അധിഷ്ടിതമാണ്. തന്റെ കവിത തന്നെയാണ് തന്റെ ജീവിതം എന്ന് വിശ്വസിച്ച വിശ്വമാനവികതയുടെ ഗാഥാകാരനായ ഒഎൻവി എന്ന കവിയുടെ ഭാവനയിൽനിന്നും മയിൽ‌പ്പീലി, അഗ്നിശലഭങ്ങൾ, ഉപ്പ് , ഭൂമിക്കൊരുചരമഗീതം, മൃഗയ, ഉജ്ജയിനി, സ്വയംവരം, സ്നേഹിച്ചുതീരാത്തവർ, ചോറൂണ് , ഭൈരവന്റെതുടി, വെറുതെ, ക്ഷണികം, പക്ഷേ തുടങ്ങി ആയിരത്തിലേറെ കവിതകളും അത്രത്തോളം ചലചിത്രഗീതങ്ങളും നാടകഗാനങ്ങളും പിറന്നുവീണു. കേരളത്തെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വിപ്ലവത്തിന്റെ സംഗീതവും സന്ദേശവുമായിരുന്നു ഒഎൻവിയുടെ ആദ്യകാലകവിതകൾ. പ്രണയവും വിപ്ലവവും നവോത്ഥാനാനന്തര രാഷ്ട്രീയവും മണ്ണും മഴയും സ്വപ്നങ്ങളും ഒഎൻവിയുടെ രചനകളിൽ പ്രമേയങ്ങളായി. ഇന്നും അസ്തമിച്ചിട്ടില്ലാത്ത കേരളീയ പ്രബുദ്ധതയെ വളർത്തിയവരിൽ ചുവന്ന കവിത്രയങ്ങൾ എന്ന് വിളിക്കുന്ന ഒഎൻവി - വയലാർ - പി. ഭാസ്കരൻ എന്നിവർ വഹിച്ച പങ്ക് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും നിറപ്പകിട്ടോടെ നിലനിൽക്കും. കീഴാളന്മാരുടെയും പണിയാളുകളുടെയും ഭാഷയും ബിംബങ്ങളും ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയത് ഒഎൻവി ഉല്‍പ്പടെയുളള പുരോഗമനപക്ഷ കവികളുടെ കടന്നുവരവോടെയാണ്. കവിതയുടെ സംഗീതാത്മകതയും വായനാസുഖവുമാണ് ഒഎൻവി കവിതകളെ ജനപ്രിയമാക്കിയത്. കാലിക തീവ്രതയുള്ള സാമൂഹിക രാഷ്ട്രീയ സമസ്യകളെ കവിതയ്ക്ക് വിഷയമാക്കിയ ഈ കവി ബോധപൂർവ്വം തന്നെയായിരിക്കണം ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. ഏറ്റവും സാധാരണക്കാരന് വേണ്ടിയാണ് താൻ നിലകൊള്ളുന്നത് എന്നതിനാൽ തന്റെ കവിതകളും അങ്ങനെ ആയിരിക്കട്ടെ എന്ന് കവി നിശ്ചയിച്ചിരിക്കാം. ഭൂമിയേയും മനുഷ്യരേയും ഉഷസന്ധ്യകളേയും പൂക്കളേയും ശലഭങ്ങളേയും ഋതുഭേദങ്ങളേയും സ്നേഹിച്ചുതീരാത്ത കവി വിഷാദാത്മകനാവുമ്പോഴും നീതിബോധത്താൽ ജ്വലിക്കുമ്പോഴും അന്യദുഖങ്ങളിൽ ഉലയുമ്പോഴും ജീവിതത്തിന്റെ വിരിമാറിൽ പറ്റിപ്പിടിച്ചുകിടന്നു. നാം അധിവസിക്കുന്ന ഭൂമിതന്നെ മൃത്യുവിനെ അഭിമുഖീകരിക്കുന്ന ആപൽക്കരകാലത്താണ് നാം ജീവിക്കുന്നതെന്ന ആഴമേറിയ ദാർശിനികതയോടെ നമ്മെ അനുഭവപ്പെടുത്തുകയും നമ്മുടെ ചിന്തകളെ ഉണർത്തുകയും ചെയ്ത കവിതയാണ് ''ഭൂമിക്കൊരു ചരമഗീതം'' .  നമ്മുടെ കൊച്ചു കേരളത്തിൽ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സ്നേഹാനുഭൂതികളുടെ വൻകര തീര്‍ത്ത് കടന്നുപോയ ഒഎൻവി എന്ന കാവ്യതേജസ്സിന് പ്രണാമം അർപ്പിച്ചുകൊണ്ട് ജോൺസൺ തന്റെ പ്രസംഗമവസാനിപ്പിച്ചു.

ഒഎൻവി - വയലാർ - പി. ഭാസ്കരൻ എന്ന ഇടതുപക്ഷ കവിത്രയങ്ങളിൽ അടിച്ചമർത്തപ്പെട്ട കീഴാളന്മാർക്കുവേണ്ടി തൂലിക എടുത്ത ഭാവഗായകനായ കവിയാണ് ഒഎൻവി എന്നും കാല്പനികമായ മനുഷ്യബന്ധങ്ങളുടെ സരളമായുള്ള കഥപറച്ചിലുകളാണ് ഒഎൻവി കവിതകൾ എന്നും ജയൻ കെ. സി. അഭിപ്രായപ്പെട്ടു. ''കുഞ്ഞേടത്തിയെ തന്നേയല്ലോ ഉണ്ണിയ്ക്കെന്നും ഏറെയിഷ്ടം.....'' കുഞ്ഞേടത്തി എന്ന ഒഎൻവി കവിതയുടെ ഭാവസുന്ദരമായ ഈ വരികളെ ഹൈലൈറ്റ് ചെയ്തുകൊണ്ടായിരുന്നു സന്തോഷ് പാലാ സംസാരിച്ചത്. കാവ്യതലത്തിലും സിനിമ - നാടക - ആത്മീയ ഗാനതലങ്ങളിലും ഒഎൻവി വേറിട്ടുനിന്നു. തന്റെ ശൈലി വിടാൻ തയ്യാറാകാത്തതുകൊണ്ടാകണം പുതുമക്കാരുടെ  നിരൂപണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന്  സന്തോഷ് ചൂണ്ടിക്കാട്ടി. ഇരുപത്തൊന്നാം വയസ്സുമുതൽ കവിതയെഴുതി കവിതയിലൂടെ ജീവിച്ച ഈശ്വരവിശ്വാസമുള്ള കമ്മ്യൂണിസ്റ്റുകാരനായ കവിയായിരുന്നു ഒഎൻവി കുറുപ്പ് എന്ന് മോൺസി കൊടുമൺ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ഒഎൻവി പല പ്രാവശ്യം അതിഥി ആയി എത്തിയിട്ടുണ്ട്. സംസാരഭാഷയിൽ കവിതയെഴുതി മനുഷ്യമനസ്സിൽ മൃദുലവികാരങ്ങളെ ഉണർത്തുന്ന ഒരു കവി ആയിരുന്നു ഒഎൻവി എന്നായിരുന്നു ജോസ് ചെരിപുറത്തിന്റെ അഭിപ്രായം. അലക്സ് എസ്തപ്പാന്റെ സംശയം മറ്റൊന്നായിരുന്നു. കവികൾ ഭൂരിപക്ഷവും ഇടതുപക്ഷ ചിന്താഗതിക്കാരാണ്. എന്നാൽ ഇടതുപക്ഷം തെറ്റ് ചെയ്താൽ വിമർശിക്കപ്പെടുമോ എന്നായിരുന്നു അലക്സിന്റെ ചോദ്യം.

മാമ്മൻ സി. മാത്യു തന്റെ ഹൃസ്വമായ പ്രസംഗത്തിൽ പറഞ്ഞത് ഗഗനമായ തത്വശാസ്ത്രമില്ലാതെ സരളമായ ഭാഷയിൽ വേണ്ടിവന്നാൽ ആർക്കും കവിതയെഴുതാം എന്ന് തോന്നിപ്പിക്കുന്നവിധം കവിതകളെഴുതിയ, തോന്ന്യാക്ഷരങ്ങൾ തന്നെയാണ് കവിതയെന്നു പറഞ്ഞ, താൻ സൂര്യോദയവും സൂര്യാസ്തമയവും കണ്ട ചവറയുടെ മണൽ തരികൾക്ക് തന്റെ ജ്ഞാനപീഠം സമർപ്പിച്ച പ്രതിഭാധനനായ കവിയായിരുന്നു ഒഎൻവി എന്നാണ്‌ .  സ്വാതന്ത്ര്യാനന്തര കാലത്ത്  കമ്മ്യുണിസ്റ്റ് സഹയാത്രികനായി മലയാള ഭാഷയുടെ സൗന്ദര്യം മലയാളിക്ക് ബോധ്യപ്പെടുത്തിയ എക്കാലത്തെയും വലിയ കവിയാണ് ഒഎൻവി എന്ന് രാജു തോമസ് അഭിപ്രായപ്പെട്ടു. ഒരു എഴുത്തുകാരൻ സാംസ്കാരിക പ്രവർത്തകൻ  ആകണമെങ്കിൽ അവൻ ഇടതുപക്ഷത് ആയിരിക്കണം എന്നായിരുന്നു ഇ. എം. സ്റ്റീഫന്റെ അഭിപ്രായം.

ഒരു നുറുങ്ങു വെളിച്ചമായി ആരുടേയും  ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന വരികളുടെ ലാളിത്യം ഒട്ടും വിടാതെ ഭാവസാന്ദ്രമായി സന്തോഷ് പാലായും കെ. കെ. ജോൺസണും ഒഎൻവി കവിതകൾ ആലപിച്ചതോടെ ഒരു സർഗ്ഗസായാഹ്നത്തിന് തിരശീല വീണു. അത് മലയാളകവിതയുടെ പര്യായമായ ഒ.എൻ.വി. എന്ന ത്രയാക്ഷരപ്രതിഭക്ക് ശ്രദ്ധാഞ്ജലിയുമായി. 
ഒ.എൻ.വി ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സർഗ്ഗവേദി (പി. ടി. പൗലോസ്)ഒ.എൻ.വി ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സർഗ്ഗവേദി (പി. ടി. പൗലോസ്)ഒ.എൻ.വി ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സർഗ്ഗവേദി (പി. ടി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക