Image

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്ക് അന്തരിച്ചു; അറബ് വസന്തത്തില്‍ അധികാരം നഷ്ടപ്പെട്ട ഭരണാധികാരി

Published on 25 February, 2020
ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്ക് അന്തരിച്ചു; അറബ് വസന്തത്തില്‍ അധികാരം നഷ്ടപ്പെട്ട ഭരണാധികാരി
കെയ്റോ: മൂന്നു പതിറ്റാണ്ടു കാലം ഈജിപ്തിനെ നയിച്ച ഭരണത്തലവന്‍ ഹൊസ്നി മുബാറക്ക് അന്തരിച്ചു. 91 വയസ്സായിരുന്നു. 2011ല്‍ അധികാരഭൃഷ്ടനായ ഹൊസ്നി ഏറെക്കാലമായി കെയ്റോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

അറബ് വസന്തം എന്ന ജനകീയ പ്രതിഷേധത്തിലൂടെയാണ് ഹൊസ്നി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പ്രക്ഷോഭകരെ വധിച്ചതിന്റെ പേരില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഹൊസ്നി 2017ലാണ്  ശിക്ഷ റദ്ദാക്കപ്പെട്ട് ജയില്‍ മോചിതനായത്.

2011ല്‍ 18 ദിവസം നീണ്ടു നിന്ന് പ്രതിഷേധത്തിനിടെ 239 പ്രതിഷേധക്കാരെ വധിച്ചകേസില്‍ ഹൊസ്നിയെ 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2014ല്‍ ഹൊസ്നി നല്‍കിയ അപ്പീലില്‍ കോടതി വീണ്ടും വിചാരണയ്ക്ക് ഉത്തരവിടുകയും പരമോന്നത കോടതി 2017ല്‍ അദ്ദേഹത്തെ മോചിപ്പിക്കുകയുമായിരുന്നു. 

1928 മേയ് നാലിന് ജനിച്ച മുഹമ്മദ് ഹൊസ്നി എല്‍ സയ്ദ് മുബാറക്ക് എന്ന ഹൊസ്നി മുബാറക്ക് 1981 മുതല്‍ 2011 വരെയാണ് പ്രസിഡന്റായിരുന്നത്.  ഈജിപ്ത്തിന്റെ നാലാമത്തെ പ്രസിഡന്റാകും മുന്‍പ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972 മുതല്‍ 1975 വരെ കമാന്‍ഡര്‍ ആയിരുന്നു. പ്രസിഡന്റായിരുന്ന അന്‍സര്‍ സാദത്ത് കൊല്ലപ്പെട്ടതോടെയാണ് മുബാറക്ക് അധികാരം പിടിച്ചെടുത്തത്. 1978ല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തുന്നത്. 

അഴിമതി, ഉയര്‍ന്ന തൊഴിലില്ലായ്മ, ഭക്ഷ്യവില വര്‍ധന, കുറഞ്ഞ വേതനം, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ, പൊതു സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലായ്മ എന്നിവയില്‍ ശ്വാസംമുട്ടിയ ജനത ഒടുവില്‍ പ്രതിഷേധസ്വരമുയര്‍ത്തി. 2011 ജനുവരി 25ന് പൊട്ടിപ്പുറപ്പെട്ട അറബ് വസന്തം വൈകാതെ രാജ്യമെമ്പാടും പടര്‍ന്നു. മുഖാറക്കിന്റെ് ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കെതിരെ യുവജനത തെരുവിലിറങ്ങി. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലില്‍ 846 പേരാണ് കൊല്ലപ്പെട്ടത്. 6000 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികാരമെന്നവണ്ണം പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി 90 പോലീസ് സ്റ്റേഷനുകള്‍ കത്തിച്ചു.

2011 ഫെബ്രുവരി 11ന് മുബാറക്ക് രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അരങ്ങേറി. സൈന്യത്തിന് അധികാരം കൈമാറിയ ശേഷമായിരുന്നു മുബാറക്കിന്റെ സ്ഥാനത്യാഗം. വൈകാതെ ഭരണഘടനയും പാര്‍െേലന്റും റദ്ദാക്കപ്പെട്ടു. തുടര്‍ന്നുള്ള ആറു മാസം സൈന്യമാണ് രാജ്യം ഭരിച്ചത്. തെരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക് കാവല്‍ സര്‍ക്കാരായി നിലനിന്നു.

തെരഞ്ഞെടുപ്പിലൂടെ 2012ല്‍ ജൂണില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് അധികാരം പിടിച്ചു. എന്നാല്‍ മുര്‍സിക്കും അധിക കാലം ഭരിക്കാന്‍ കഴിഞ്ഞില്ല. 2013 ജൂണ്‍ 28ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ജൂലായ് മൂന്നിന് മുര്‍സിക്ക് അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനറല്‍ അബ്ദല്‍ ഫത്ത എല്‍ സിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക