Image

രവി പൂജാരിയെ കൊച്ചിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും

Published on 25 February, 2020
രവി പൂജാരിയെ കൊച്ചിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും
ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവിലെത്തിച്ച അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ കൊണ്ടുവന്നും തെളിവെടുപ്പു നടത്തും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസിലെ ഒന്നാം പ്രതിയാണിയാള്‍. ടഒട്ടേറെ കേസുകളില്‍ പ്രതിയായതിനാല്‍  കേരള പൊലീസിനു കസ്റ്റഡിയില്‍ ലഭിക്കാന്‍ കാലതാമസമുണ്ടായേക്കും.രവി പൂജാരിയെ മാര്‍ച്ച് 7 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്‌ െചയ്തു. ഇന്നു മുതല്‍  മഡിവാളയിലെ പ്രത്യേക കേന്ദ്രത്തില്‍ ചോദ്യം ചെയ്യും. കര്‍ണാടകയില്‍ ഇയാള്‍ക്കെതിരെ 96 കേസുണ്ട്;   രാജ്യത്തൊട്ടാകെ 200–ല്‍ അധികം കേസുകളും. രവി പൂജാരി പൂര്‍ണ ആരോഗ്യവാനാണെന്നും പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും  ബെംഗളൂരുവില്‍ എത്തിച്ച കര്‍ണാടക പൊലീസ് സംഘത്തെ നയിച്ച എഡിജിപി അമര്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെനഗലില്‍ അറസ്റ്റിലായ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ വ്യാജപാസ്‌പോര്‍ട്ടുമായി ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. അവിടെനിന്ന്, ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും(റോ) സെനഗല്‍ പൊലീസും ചേര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.  ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് 2007ല്‍ ശബ്‌നം ഡവലപ്പേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയിലെ 2 ജീവനക്കാരെ വെടിവച്ചുകൊന്ന കേസാണ് രവി പൂജാരിയുടെ പേരില്‍ ബെംഗളൂരുവില്‍ ഒടുവില്‍ റജിസ്റ്റര്‍ ചെയ്തത്.രവി പൂജാരിയുടെ ഭാര്യ പത്മയും 3 കുട്ടികളും നേരത്തെ തന്നെ ഓസ്‌ട്രേലിയയിലേക്കു കടന്നിരുന്നു.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ ബിലാല്‍, വിപിന്‍, അജാസ്, മോനായി (നിസാം) എന്നിവരാണു മറ്റു പ്രതികള്‍. സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതി ലീന മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ഇവരുടെ ബ്യൂട്ടി പാര്‍ലറില്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരം 2018 ഡിസംബര്‍ 15നു വെടി വെടിവയ്പു നടത്തിയത്. ലീനയുടെ പക്കല്‍ വന്‍തോതില്‍ കള്ളപ്പണം എത്തിയെന്ന സൂചനയെ തുടര്‍ന്നായിരുന്ന ആക്രമണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക