Image

മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; ജനങ്ങള്‍ വീടൊഴിഞ്ഞു പോകുന്നു, കലാപത്തീയില്‍ രാജ്യ തലസ്ഥാനം

Published on 25 February, 2020
മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; ജനങ്ങള്‍ വീടൊഴിഞ്ഞു പോകുന്നു, കലാപത്തീയില്‍ രാജ്യ തലസ്ഥാനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം അയവില്ലാതെ തുടരുമ്ബോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണം. മൗജ്പൂരില്‍ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ ആകാശിന് വെടിയേറ്റു. നെഞ്ചില്‍ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്‍ഡി ടിവി, ന്യൂസ്18, മനോരമ ന്യൂസ്, ടൈംസ് നൗ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്‍ഡി ടിവിയിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാമറകള്‍ തകര്‍ത്ത അക്രമികള്‍, ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്തു. ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്യാന്‍ വിസ്സമ്മതിച്ച എന്‍ഡി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിനെ വളഞ്ഞിട്ട് മര്‍ദിച്ചു.


പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്. ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. ആയുധങ്ങളുമേന്തി അക്രമികള്‍ തെരുവുകള്‍ കയ്യേറിയപ്പോള്‍, പലയിടത്തം പൊലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി. അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.


കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ സംഘര്‍ഷം തുടരുകയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഒമ്ബതുപേര്‍ മരിച്ചെന്ന് ആശുപത്രികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 150ന് പുറത്ത് ആളുകള്‍ക്ക്് പരിക്കേറ്റിട്ടുണ്ട്. ഇന്നു മാത്രം ജിടിബി ആശുപത്രിയില്‍ 31പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.


അക്രമം ഭയന്ന് പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വീടൊഴിഞ്ഞ് പോവുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിയെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ കെജരിവാള്‍ സന്ദര്‍ശിച്ചു.

ദീര്‍ഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോളനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴി സൈന്യത്തെ രംഗത്തിറക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക