Image

ഡല്‍ഹി സംഘര്‍ഷം: മരിച്ചവരുടെ എണ്ണം അഞ്ചായി

Published on 24 February, 2020
ഡല്‍ഹി സംഘര്‍ഷം: മരിച്ചവരുടെ എണ്ണം അഞ്ചായി
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അന്പതോളംപേര്‍ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘര്‍ഷം. ഡല്‍ഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികള്‍. രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.

ദേശീയ പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും തമ്മില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു.

ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിനു തീവെച്ചു. ഡി.സി.പി.യുടെ കാര്‍ കത്തിച്ചു. അഗ്‌നിശമനസേനയുടെ വാഹനം കേടാക്കി. വീടുകളും കടകളും കൊള്ളയടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക