Image

ട്രംപിനുമുണ്ടായിരുന്നു ഒരു താജ്മഹല്‍- ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് നഗരത്തില്‍

Published on 24 February, 2020
ട്രംപിനുമുണ്ടായിരുന്നു ഒരു താജ്മഹല്‍-  ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് നഗരത്തില്‍

ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറ്റൊരു താജ്മഹലും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് നഗരത്തിലുമുണ്ട് ഒരു താജ്മഹല്‍. അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയായിരുന്നു ആദ്യകാലത്ത് അതിന്റെ ഉടമസ്ഥന്‍. 1983-ലാണ് ട്രംപ് താജ്മഹലിന്റെ നിര്‍മാണം ആരംഭിക്കുന്നത്. റിസോര്‍ട്ട്സ് ഇന്റര്‍നാഷണലായിരുന്നു നിര്‍മാണത്തിന് പിന്നില്‍. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോട്ടല്‍ എന്ന പേരുനല്‍കണമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍ 1986-ല്‍ റിസോര്‍ട്ട്സ് ഇന്റര്‍നാഷണലിന്റെ തലവന്‍ ജെയിംസ് ക്രോസ്ബി മരണപ്പെട്ടതോടെ കമ്പനി കൂപ്പുകുത്തി. 1987-ല്‍ ട്രംപ് റിസോര്‍ട്ട്സ് ഇന്റര്‍നാഷണലിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുകയും റിസോര്‍ട്ട്സ് 
ഇന്റര്‍നാഷണലിന്റെ ചെയര്‍മാനാവുകയും ചെയ്തു. പക്ഷേ അതുകൊണ്ടും താജ്മഹലിന്റെ നിര്‍മാണം സുഗമമായി നടന്നില്ല. കണക്കുകൂട്ടലുകളെ തകര്‍ത്ത് നിര്‍മാണ ചെലവ് കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്നു. ഇതോടെ പണം കണ്ടെത്താനാകാതെ കമ്പനി കിതച്ചുതുടങ്ങി. ഈ സമയത്താണ് ബാക്കിയുള്ള എല്ലാ ഓഹരികളും വാങ്ങാമെന്ന ഓഫര്‍ ട്രംപ് മുന്നോട്ട് വെക്കുന്നത്. കമ്പനി പൂര്‍ണമായി തന്റെ ഉടമസ്ഥതയിലായാല്‍ നിര്‍മാണ ചെലവ് വഹിക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.

ടെലിവിഷന്‍ അവതാരകനായ മെര്‍വ് ഗ്രിഫിനും റിസോര്‍ട്ട്സ് ഇന്റര്‍നാഷണല്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 1988 നവംബറില്‍ ഒടുവില്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പായി. ഗ്രിഫിന്‍ കമ്പനിയും ട്രംപ് 273 മില്യണ്‍ ഡോളറിന് കമ്പനിയില്‍ നിന്ന് താജ്മഹലും സ്വന്തമാക്കി. 

സങ്കീര്‍ണതകള്‍ക്കൊടുവില്‍ 1990 ഏപ്രില്‍ 2 താജ്മഹല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1,20,000 ചതുരശ്ര അടി ഗെയിമിങ് സ്പേസുള്ള താജ്മഹലിന്റെ ഉദ്ഘാടനത്തിന് മൈക്കിള്‍ ജാക്സണും എല്‍ട്ടണ്‍ ജോണും ഉല്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. ലോകത്തെ എട്ടാമത്തെ അത്ഭുതമെന്നാണ് ട്രംപ് താജ്മഹലിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.

ട്രംപ് പ്ലാസ, ട്രംപ് കാസില്‍, ട്രംപ് താജ്മഹല്‍. എന്നിങ്ങനെ മൂന്ന് കാസിനോകളാണ് അറ്റ്ലാന്റിക് സിറ്റിയില്‍ ട്രംപ് ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ താജ്മഹല്‍ കാസിനോയ്ക്ക് സാധിച്ചില്ല. 2009-ല്‍ ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഡോണാള്‍ഡ് ട്രംപും മകള്‍ ഇവാങ്ക ട്രംപും രാജിവെച്ചു. ദിവസങ്ങള്‍ക്കുളളില്‍ താജ്മഹല്‍ സ്റ്റേറ്റ് ഏറ്റെടുത്തു. എന്നാല്‍ ട്രംപ് എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കണമെന്ന ട്രംപിന്റെയും ഓഹരി ഉടമകളുടെയും 
അഭ്യര്‍ഥന കോടതി അംഗീകരിച്ചു. നടത്തിപ്പവകാശം ഇല്ലാതിരുന്ന കാലത്തുപോലും കാസിനോയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം പലകൈകളിലൂടെ ട്രംപില്‍ തന്നെയാണ് എത്തിയിരുന്നതത്രേ.

കാസിനോ ജീവനക്കാര്‍ സമരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് 2016-ല്‍ ട്രംപ് താജ്മഹല്‍ അടച്ചുപൂട്ടി. അതേവര്‍ഷം ട്രംപ് എന്റര്‍ടെയിന്‍മെന്റ് റിസോര്‍ട്ട്സില്‍ നിന്ന് ട്രംപ് രാജിവെച്ചു. താജ്മഹല്‍ പല കൈകള്‍ മറിഞ്ഞ് ഒടുവില്‍ ഹാര്‍ഡ് റോക്ക് കഫേയുടെ ഉടമസ്ഥതയിലായി. 2018 ജൂണ്‍ 17ന് ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ അറ്റലാന്റിക് സിറ്റി എന്ന പേരുമാറ്റത്തോടെ ട്രംപ് താജ്മഹല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

(മാതൃഭൂമി)

ട്രംപിനുമുണ്ടായിരുന്നു ഒരു താജ്മഹല്‍-  ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് നഗരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക