Image

വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കും: ജസ്റ്റിസ് ദീപക് ഗുപ്ത

Published on 24 February, 2020
വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കും: ജസ്റ്റിസ് ദീപക് ഗുപ്ത
ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതിയിലെ ന്യായാധിപനായ ജസ്റ്റിസ് ദീപക് ഗുപ്ത. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ജനാധിപത്യവും വിയോജിപ്പും' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഏതു നീക്കവും ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ഒരു പാര്‍ട്ടിക്ക് 51 ശതമാനം വോട്ട് ലഭിച്ചു എന്നതുകൊണ്ട്, ബാക്കിയുള്ള 49 ശതമാനം പേരും അഞ്ച് വര്‍ഷത്തേക്ക് നിശബ്ദരാകണമെന്നില്ല. എല്ലാവര്‍ക്കും ജനാധിപത്യത്തില്‍ അവരവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്.

വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു എന്നതുകൊണ്ട് രാജ്യത്തോട് ആദരവില്ലെന്ന് വിലയിരുത്തേണ്ടതില്ല. വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ വിയോജിപ്പും ഉണ്ടാകും. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. സമാധാന മാര്‍ഗത്തില്‍ പ്രതിപക്ഷത്തിന് ഏതറ്റംവരെയും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.

വിയോജിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ജനാധിപത്യത്തിന് തടസം സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക