Image

പ്രേംനസീറിന്റെ ഓര്‍മയ്ക്ക് ജന്മനാട്ടില്‍ സാംസ്കാരികകേന്ദ്രം വരുന്നു

Published on 24 February, 2020
പ്രേംനസീറിന്റെ ഓര്‍മയ്ക്ക് ജന്മനാട്ടില്‍ സാംസ്കാരികകേന്ദ്രം വരുന്നു
ചിറയിന്‍കീഴ്: അനശ്വര നടന്‍ പ്രേംനസീറിനു ജന്മനാടായ ചിറയിന്‍കീഴില്‍  സ്മാരകമുയരുന്നു. സ്ഥലം എംഎല്‍എ കൂടിയായ നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്നു പ്രേംനസീറിന്റെ പേരില്‍ സാംസ്കാരികനിലയം സ്ഥാപിക്കുന്നതിനു ഇക്കുറി ബജറ്റില്‍ ഒരുകോടി രൂപ നീക്കിവച്ചതോടെയാണു ചിറയിന്‍കീഴുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹപൂര്‍ത്തീകരണത്തിനു കളമൊരുങ്ങിയത്.

ശാര്‍ക്കര ദേവീക്ഷേത്രത്തിനു പിന്നിലായി സര്‍ക്കാര്‍ യുപി സ്കൂളായി പ്രവര്‍ത്തിച്ചുവന്നിരുന്ന നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള മലയാളം പള്ളിക്കൂടവും ഒരേക്കറോളം   സ്ഥലവുമാണു സാംസ്കാരിക കേന്ദ്രമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു   സ്ഥലം എംപിയായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍   ചിറയിന്‍കീഴില്‍  പ്രേംനസീര്‍ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം മാനിച്ചു പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുലക്ഷം രൂപ അനുവദിച്ചിരുന്നു.

അന്നു കടകത്ത് പ്രധാന പാതയ്ക്കരികില്‍ സ്ഥലം കണ്ടെത്തി ശിലയിട്ടു. എന്നാല്‍ സ്മാരകത്തിനു കണ്ടെത്തിയ സ്ഥലത്തിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും മരാമത്ത് വകുപ്പ് കെട്ടിടനിര്‍മാണത്തിനു അനുമതി നിഷേധിക്കുകയും ചെയ്തതോടെ  പദ്ധതി അകാലചരമമടയുകയായിരുന്നു. ആധുനിക രീതിയില്‍ ചലച്ചിത്രങ്ങളെയും കലകളെയും പരിപോഷിപ്പിക്കുന്ന തരത്തില്‍ ചലച്ചിത്രമ്യൂസിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, ലോകസിനിമയെക്കുറിച്ചു പഠിക്കാന്‍  ഡിജിറ്റലൈസ്ഡ് ലൈബ്രറി എന്നിവ പ്രേംനസീര്‍ സാംസ്കാരിക കേന്ദ്രത്തിലുണ്ടാവുമെന്നു ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. അഞ്ചുകോടി രൂപയാണു സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടത്.

നിലവില്‍ അനുവദിച്ച ഒരുകോടി രൂപ ആദ്യഗഡുവെന്ന നിലയില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും രണ്ടാം ഘട്ടത്തില്‍ ശേഷിച്ച തുക സര്‍ക്കാരില്‍ നിന്നോ മറ്റു പദ്ധതികളിലുള്‍പ്പെടുത്തിയോ ലഭ്യമാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും  വി.ശശി പറഞ്ഞു. വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന മലയാളം പള്ളിക്കൂടത്തിന്റെ സ്ഥലവും അനുബന്ധ മന്ദിരങ്ങളും ഇതിനകം സാംസ്കാരികവകുപ്പിനു കൈമാറിക്കഴിഞ്ഞു.

ഒഴിഞ്ഞുകിടക്കുന്ന മന്ദിരസമുച്ചയത്തില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ വിവിധ കലകളില്‍ പരിശീലനം നല്‍കിവരുന്നു. മലയാളം പള്ളിക്കൂടത്തിനു കലാഗ്രാമമെന്ന പേരുനല്‍കി പ്രേംനസീര്‍ അടക്കം   മണ്‍മറഞ്ഞുപോയ കലാകാരന്‍മാരായ ഭരത്‌ഗോപി, ശോഭന പരമേശ്വരന്‍ നായര്‍, ജി.ശങ്കരപ്പിള്ള എന്നിവരുടെ സ്മരണയ്ക്കായി ശില്‍പ്പങ്ങള്‍ ആലേഖനം ചെയ്ത കോണ്‍ക്രീറ്റ് സ്തൂപവും സ്ഥാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക