Image

രണ്ടാം ബാല്യം (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 23 February, 2020
രണ്ടാം ബാല്യം (കവിത: മാര്‍ഗരറ്റ് ജോസഫ്)
ജീവകുടീരം തിരയുന്ന,
ജീവിതമെന്ന മഹാ സ്വപ്നം,
ഏതോ ജാലകദര്‍ശനമായ്,
ജനിമൃതിയോളം ദൂരത്ത്.

മാത്രകളായ് ദിനരാത്രങ്ങള്‍,
യാത്രാവേഗതയറിയിച്ച്,
ഗാത്രവളര്‍ച്ച പിറന്നാളായ്,
പ്രായത്തിന്‍ പടികയറുമ്പോള്‍,
ശൈശ ബാല്യങ്ങള്‍ ക്രമമായ്,
കൗമാരം പോയ് യൗവ്വനമായ്,
വര്‍ദ്ധക്യം ജരാനരയായ്,
എത്രയതിശയചിത്രങ്ങള്‍,
കാലമതുല്യ കലാകാരന്‍,
ചായക്കൂട്ടുകള്‍ പലതാക്കി,
സര്‍വാംഗം കളമെഴുതുന്നു,
മായിക്കുന്നൊടുവില്‍ തനിയെ.

മൗനമെത്തുന്ന മേഖലയില്‍,
പദമെത്തിക്കാനാകാതെ,
വയസ്സായിത്തളരും വേള,
ഊന്നുവടിയുടെ കൂട്ടായ്മ,
വേഗത മന്ദതയാകുന്നു,
വെണ്‍മുടി തലയില്‍ ചൂടുന്നു,
മിഴികള്‍ മങ്ങിമയങ്ങുന്നു,
ചിന്തകള്‍ ചിന്നിച്ചിതറുന്നു,
രോഗമടക്കി ഭരിക്കുന്നു,
വേദന ശയ്യയൊരുക്കുന്നു,
ഉറ്റവരോടിയൊളിക്കുന്നു,
ഒറ്റപ്പെട്ടവരാകുന്നു,
ഓര്‍മ്മത്തിരകളണയുന്നു,
മരണം മാടിവിളിക്കുന്നു.

പഴുത്തില താഴെ വീഴുമ്പോള്‍,
പച്ചില മന്ദസിക്കുന്ന,
ആയുസ്സിനസ്തമയം തന്നെ,
ദു:ഖസുഖങ്ങള്‍ക്കവസാനം,
ജന്മക്ഷേത്രത്തിരുനടയില്‍,
സാഷ്ടാംഗം പ്രണമിക്കുന്ന,
വാര്‍ദ്ധക്യം, രണ്ടാം ബാല്യം,
മര്‍ത്ത്യന് പ്രായശ്ചിത്തദശ.


Join WhatsApp News
ഗുഡ് 2020-02-25 09:53:03
കവിത നന്നായിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക