Image

ഓര്‍മകളുണ്ടായിരിക്കണം: ഇന്ത്യ ജനിച്ചത് 2014-ല്‍ അല്ല (വെള്ളാശേരി ജോസഫ്)

Published on 23 February, 2020
ഓര്‍മകളുണ്ടായിരിക്കണം: ഇന്ത്യ ജനിച്ചത് 2014-ല്‍ അല്ല (വെള്ളാശേരി ജോസഫ്)
കസ്തുര്‍ബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരില്‍ ഒരാളുമായിരുന്ന കസ്തുര്‍ബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത്. കസ്തുര്‍ബാ ഗാന്ധിയുടെ സഹനജീവിതവും, സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് സജീവമായി ഇറക്കുന്നതും ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃക ആവേണ്ടതുണ്ട്.

പലരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു; കമ്യൂണിസ്റ്റുകാര്‍ പോലും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിനെ പോലെ ഇന്ത്യയിലെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മറ്റൊരു ദേശീയ പാര്‍ട്ടിയില്ല എന്നതാണ് കാരണം. പക്ഷെ കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവരും എന്നതിനെ കുറിച്ച് പലര്‍ക്കും ഒരു രൂപവുമില്ല; കോണ്‍ഗ്രസുകാര്‍ തന്നെ ആ രീതിയിലുള്ള ഒരു ഇച്ഛാശക്തി പുറത്തെടുക്കുന്നില്ലാ. സത്യത്തില്‍ സ്ത്രീകളെ പൊതുരംഗത്ത് കൂട്ടിക്കൊണ്ടാണ് കോണ്‍ഗ്രസ്സ് തിരിച്ചുവരേണ്ടത്. സര്‍വേകള്‍ സൂചിപ്പിക്കുന്നത് ഇക്കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത് സ്ത്രീകളുടെ ശക്തമായ പിന്തുണയോട് കൂടിയായിരുന്നു എന്നാണ്. അതാണ് ബി.ജെ.പി.- യുടെ വര്‍ഗീയ പ്രചാരണം ഏശാതെ പോയത്. 

ബി.ജെ.പി. - യുടേയും സംഘ പരിവാറിന്റ്റേയും പ്രചാരണം മൊത്തത്തില്‍ ഇംഗ്ലീഷില്‍ പറയുന്ന 'മാക്കോ നാഷണലിസത്തില്‍' അധിഷ്ഠിതമാണ്. ഇത്തരത്തിലുള്ള തീവ്ര ദേശീയതയെ നേരിടേണ്ടത് സ്ത്രീ സഹജമായ കാരുണ്യവും, മാതൃസഹജമായ പരിലാളനയും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചായിരിക്കണം. കസ്തൂര്‍ബാ ഗാന്ധി ആ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയായിരുന്നു. മഹാത്മാ ഗാന്ധിയുടെ സഹനസമരത്തില്‍ അദ്ദേഹത്തിന് ഉറച്ച പിന്തുണ കൊടുക്കാന്‍ കസ്തൂര്‍ബാ ഗാന്ധിയെ സഹായിച്ചതും ഇത്തരം മഹനീയമായ മൂല്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്.

വാസ്തവത്തില്‍ മറ്റാരേക്കാളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ച ആളാണ് ഗാന്ധി. സുശീലാ നയ്യരെ തന്റ്റെ 'പേഴ്സണല്‍ ഫിസിഷ്യന്‍' ആയി ഗാന്ധി അപ്പോയിന്റ്റ് ചെയ്തത് സ്ത്രീകളെ ആദരിച്ചതു കൊണ്ടായിരുന്നു. ഇനി കസ്തൂര്‍ബാ ഗാന്ധിയുടെ കാര്യം പറയുമ്പോള്‍, വസ്ത്ര വ്യാപാരിയും, വളരെ സമ്പന്നനുമായിരുന്ന ഗോകുല്‍ ദാസ് മഖന്‍ജിയുടെ ഏക മകളായിരുന്നു കസ്തൂര്‍ബാ. കൊട്ടാര തുല്യമായ വീട്ടില്‍ ജനിച്ചു വളര്‍ന്ന കസ്തൂര്‍ബാ വിവാഹത്തിന് ശേഷം സഹനത്തിന്റ്റേയും, പതിഭക്തിയുടേയും, പാതിവ്രത്യത്തിന്റ്റേയും പ്രതീകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അറിയപ്പെട്ടിരുന്നത് കേവലം പാരമ്പര്യ മൂല്യങ്ങള്‍ മുറുകെ പിടിച്ചതുകൊണ്ട് മാത്രം അലായിരുന്നു. ഗാന്ധിയും കസ്തൂര്‍ബയും ജനിച്ചു വളര്‍ന്ന പോര്‍ബന്തര്‍ എന്ന പട്ടണം കൃഷ്ണ ഭക്തിക്കും, കഠിനമായ ചാതുര്‍മാസ്യ വ്രതാനുഷ്ഠാനത്തിനും, സോമനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥ യാത്രക്കും, ദരിദ്രനായ കുചേലനും ഒക്കെ പേര് കേട്ടതാണ്. ദാരിദ്ര്യവും, അല്‍പ വസ്ത്രവും ഗാന്ധിയും കസ്തൂര്‍ബയും ഒക്കെ തിരഞ്ഞെടുത്തത് ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും പാഠങ്ങളില്‍ നിന്നായിരുന്നു. 

ദീനനായ കുചേലന്റ്റെ (സുദാമാവ്) പേരില്‍ 'സുദാമാപുരി' എന്നായിരുന്നു പോര്‍ബന്ദര്‍ നേരത്തേ അറിയപ്പെട്ടിരുന്നത് തന്നെ. പോര്‍ബന്ദര്‍ സ്വദേശിയായ നരസിംഹ മേത്ത രചിച്ച 'വൈഷ്ണവ ജനതോ തേനേ കഹിയെ പീഡ് പരായി ജാനേരേ.....' എന്ന ഭജന്‍ ഗാന്ധിയുടെ ഇഷ്ട ഗാനമായി മാറിയതും പോര്‍ബന്ദറിലേ കൃഷ്ണഭക്തി കാരണമായിരുന്നു. ചുരുക്കം പറഞ്ഞാല്‍ കൃഷ്ണഭക്തി, ദരിദ്രനായ കുചേലന്റ്റെ മഹത്ത്വകഥ കേട്ട് വളര്‍ന്ന കുട്ടിക്കാലം, കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ - ഇങ്ങനെയുള്ള അനേകം ഭക്തിയുടേയും ആധ്യാത്മികതയുടേയും സ്വാധീനങ്ങളും, അവയുണ്ടാക്കിയ ആത്മത്യാഗത്തിന്റ്റെ മൂല്യബോധവും കാരണമാണ് മഹാത്മാ ഗാന്ധിയും, കസ്തൂര്‍ബാ ഗാന്ധിയും മഹനീയമായ വ്യക്തിത്വങ്ങള്‍ ആയി മാറിയത്.

മഹാത്മാ ഗാന്ധിയുടെ ആ കാലഘട്ടം കഴിഞ്ഞപ്പോള്‍ പിന്നീട് ഇന്ത്യയില്‍ വന്നത് ജവഹര്‍ലാല്‍ നെഹ്റുവിന്റ്റെ രാഷ്ട്ര നിര്‍മാണ പ്രക്രിയയുടേതായ കാലഘട്ടമാണ്. പക്ഷെ ഇപ്പോള്‍, നെഹ്റുവിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കാന്‍ ഈയിടെ അന്തരിച്ച പി.പരമേശ്വരനെ പോലുള്ള സംഘ പരിവാറുകാര്‍ ശ്രമിച്ചപ്പോള്‍ അത് തിരുത്തേണ്ട കോണ്‍ഗ്രസുകാരെ കാണാനില്ലായിരുന്നു എന്നതാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഒരു ദുര്യോഗം. കോണ്‍ഗ്രസിന്റ്റെ കാലത്തെ കുറിച്ച് പറയാനാണെങ്കില്‍ ധവള വിപ്ലവം, ഹരിത വിപ്ലവം, കംപ്യുട്ടറൈസേഷന്‍, ടെലികോം റെവലൂഷന്‍ - അങ്ങനെ പലതുമുണ്ട്. ആ ചരിത്രമൊന്നും കോണ്‍ഗ്രസുകാര്‍ ഇന്ത്യന്‍ ജനതയെ പഠിപ്പിക്കാത്തതാണ് ബി.ജെ.പി. നേട്ടമുണ്ടാക്കാന്‍ കാരണം. 

ഇന്ത്യ ജനിച്ചത് 2014 മുതല്‍ അല്ലാ. ജവഹര്‍ലാല്‍ നെഹ്റുവിന്റ്റെ കാലം തന്നെ നോക്കൂ: വിഭജനത്തെ തുടര്‍ന്ന് ഒരു കോടിയിലേറെ അഭയാര്‍ഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സര്‍ക്കാര്‍ ആണ് നെഹ്‌റു സര്‍ക്കാര്‍. അതിനോട് താരതമ്യപെടുത്തുമ്പോള്‍ കുറെ നാള്‍ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങള്‍ പോലും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രശ്‌നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആര്‍.ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷന്‍ - ഇതെല്ലാം നെഹ്‌റു സര്‍ക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീല്‍ പ്ലാന്റ്റ്, ഭക്രാ നന്‍ഗല്‍ ഡാം - ഇവയൊക്കെ നെഹ്‌റു യാഥാര്‍ദ്ധ്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാര്‍ഥികള്‍ ഇന്ത്യന്‍ മണ്ണില്‍ ഉണ്ടായിട്ട് ഒരു വലിയ വര്‍ഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. 

ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്‌റു ആയിരുന്നു. ഐ.എഫ്.എസ്.-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്‌റു നേരിട്ടാണ് ഇന്റ്റെര്‍വ്യൂ ചെയ്തിരുന്നത്. നമ്മുടെ കെ.ആര്‍. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇന്റ്റെര്‍വ്യൂ ചെയ്യാന്‍ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാര്‍ ഇന്ത്യയില്‍ ഉണ്ട്? നെഹ്റുവിനെ കുറിച്ച് മാത്രമല്ല; ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷന്‍ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗിന്റെ ആധാര്‍ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്.

ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റ്റെ സംഭാവനകള്‍ നോക്കൂ: ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇന്ത്യയില്‍ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡല്‍ഹി മെട്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികവ് - ഇതൊക്കെ മന്‍മോഹന്‍ സിംഗിന്റ്റെ നേട്ടങ്ങളാണ്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റ്റെ കൂടെ പ്രവര്‍ത്തിച്ച ചിലരെ ഇതെഴുതുന്ന ആള്‍ക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മന്‍മോഹന്‍ സിംഗ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തന്റ്റെ പ്രീമിയര്‍ പദ്മിനി കാറില്‍ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാള്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള മന്‍മോഹന്‍ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ 2G കേസില്‍ അഴിമതികാരനാക്കി. 

ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ??? മാധ്യമ പ്രവര്‍ത്തകര്‍ മുന്‍ CAG വിനോദ് റായിയോട് അതിന്റ്റെ പേരില്‍ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അന്തര്‍ മുഖനായിരുന്നു. അത് ബി.ജെ.പി. - യും, സംഘ പരിവാറുകാരും മാക്‌സിമം മുതലാക്കി. പക്ഷെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീര്‍ഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും. UPA ആദ്യം ഭരണത്തിലേറിയപ്പോള്‍ എല്ലാ എതിര്‍പ്പുകളേയും മറി കടന്നാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മന്‍മോഹന്‍ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തില്‍ സാക്ഷ്യ പെടുത്തുന്നു.

 കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളൂമ്പോള്‍ 'Social Good' എന്ന മഹത്തായ ആശയം ആണ് മുന്‍ പ്രധാന മന്ത്രിയായ ഡോക്ടര്‍ മന്‍മോഹന്‍ സിങ് മുന്നോട്ടു വെച്ചത്. UPA ഭരണ കാലത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യണ്‍ എന്ന സംഖ്യയില്‍ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തില്‍ നിന്ന് 2011-12-ല്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാന്‍ സാധിച്ചു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അര്‍ത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളര്‍ച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികള്‍ പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തിക്കുവാന്‍ സാധിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് പങ്കെടുക്കുവാന്‍ സാധിച്ച ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞത് 'ഉദാരവല്‍ക്കരണത്തിന്റ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വര്‍ഗത്തെ ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ്' എന്നായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റ്റെ ഫലമായി ശക്തമായ മധ്യ വര്‍ഗം ഇന്ത്യയില്‍ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ ബി.ജെ.പി. - യും സംഘ പരിവാറുകാരും പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടര്‍ മന്‍മോഹന്‍ സിങ് പരാജയമാകും?

ബി.ജെ.പി. - ക്കാര്‍ ഇന്ന് സ്ഥിരം പ്രചരിപ്പിക്കുന്ന ഒന്നാണ് പാക്കിസ്ഥാന്‍ വിരോധം. പക്ഷെ 1948 - ലും, 1965 - ലും, 1971 - ലും ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പാക്കിസ്ഥാനെതിരേ സൈനികവിജയം നേടിയെന്ന കാര്യം അവര്‍ ഓര്‍മിക്കുന്നുണ്ടോ? കോണ്‍ഗ്രസുകാര്‍ പോലും ഇത് ഇന്ത്യന്‍ ജനതയെ ഓര്‍മപ്പെടുത്തുന്നില്ലാ. ബി.ജെ.പി. - യുടേയും സംഘ പരിവാറുകാരുടേയും ഇന്നത്തെ പാക്കിസ്ഥാനെതിരെയുള്ള ശത്രുത മുസ്ലീം വിരോധത്തില്‍ അധിഷ്ഠിതമാണ്; കോണ്‍ഗ്രസ് പാര്‍ട്ടിയുടേത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പി. - യും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍. 2011 - ലെ സെന്‍സസ് അനുസരിച്ച് 172 മില്യണ്‍ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. ഇത്രയും വലിയൊരു ജന വിഭാഗത്തെ മാറ്റിനിര്‍ത്തി എങ്ങനെ ഇന്ത്യ കെട്ടിപ്പെടുക്കാന്‍ സാധിക്കും? ഇന്ത്യയിലെ കോണ്‍ഗ്രസ് രാഷ്ട്രീയ നെത്ര്വത്വങ്ങള്‍ക്ക് ഇക്കാര്യത്തെകുറിച്ച് തികഞ്ഞ യാഥാര്‍ഥ്യബോധം ഉണ്ടായിരുന്നു എന്നതാണ് കോണ്‍ഗ്രസും ബി.ജെ.പി. - യും തമ്മിലുള്ള വിത്യാസം.

1965 - ല്‍ സൈനിക വിജയം നേടിയതിന് ശേഷം ഒരു വിദേശ പത്ര പ്രവര്‍ത്തകനോട് ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യയുടെ മത സാഹോദര്യത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ ദേശീയത എല്ലാ മത വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി കൃത്യമായി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏല്ലാ മത വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ആ വിശാല സമീപനമാണ് ഇന്നത്തെ ഇന്ത്യയില്‍ പതുക്കെ പതുക്കെ ഇല്ലാതാവുന്നത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
VJ Kumr 2020-02-23 11:07:38
കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി മദ്യം ഓണ്‍ലൈനില്‍ ; റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ 3,000 മദ്യവില്‍പ്പന ശാലകള്‍ തുറക്കും. Read more: https://www.emalayalee.com/varthaFull.php?newsId=205503
VJ Kumr 2020-02-23 12:42:02
അതെ ! ഇന്ത്യ ജനിച്ചത് 1947 ഓഗസ്റ്റ് 15 എന്നും പറയാം ; അതും മറക്കണ്ട , കാരണം അന്നുമുതൽ പത്തറുപതു് വര്ഷം ഭരിച്ച ഭരിച്ച , കൊറേ എണ്ണത്തിന്റ്റെ കീശ വീർപ്പിച്ചു ; ഇറ്റാലിയാനാ മാതാമ്മ ഉൾപ്പെടെ ഉള്ളവർ.
VJ Kumr 2020-02-23 12:47:40
ഗ്രൂപ്പ് നേതാക്കന്മാര്‍ കേരളത്തിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തരിപ്പണമാക്കും - (ചാരുംമൂട് ജോസ്) Read more: https://www.emalayalee.com/ varthaFull.php?newsId=205414
കീശ 2020-02-23 13:42:10
ആര് കീശ വീർപ്പിചു, കുമാരേട്ടാ? ആർ.എസ.എസ.ഉം ബി.ജെ.പിയും പറയുന്ന കള്ളക്കഥ. ബി.ജെ.പി ഇപ്പോൾ കീശ വീർപ്പിക്കുന്നുണ്ട്. വിനോദ് റായി പറഞ്ഞു 1 .76 ലക്ഷം കോടി അഴിമതി എന്ന് . കോടതിയിൽ തെളിഞ്ഞു പച്ച നുണ. അത്തരം നുണകൾ പറഞ്ഞാണ് ബി.ജെ.പി അധികാരത്തിൽ വന്നത് .
കുമാരന്റെ ഇന്ത്യ 2020-02-23 13:59:55
അമേരിക്കയുടെ രാഷ്ട്രീയസ്ഥിതിയിൽ റിപ്പബ്ലിക്കനും ഡെമോക്രറ്റും മാറി മാറി പ്രസിഡന്റുമാരാകും. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി അന്ധമായി ട്രംപിനെ പിന്താങ്ങിയിരിക്കുകയാണ്. ഡെമോക്രറ്റുകൾ ആരെങ്കിലും പ്രസിഡണ്ടാകുന്നുവെങ്കിൽ അതിനുള്ള ശിക്ഷ ഇന്ത്യയ്ക്ക് കിട്ടുകയും ചെയ്യും. എന്തെല്ലാം വിഡ്ഢിത്തരങ്ങളാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പ്ലാറ്റ് ഫോറങ്ങളിൽ പ്രസംഗിക്കുന്നത്. ശ്രീ വി. ജെ. കുമാർ ചരിത പുസ്തകങ്ങൾ ഒന്ന് വായിച്ചാൽ നന്നായിരിക്കും. 3000 കോടി പട്ടേൽ പ്രതിമയോ ഐഐടി യോ രാജ്യത്തിന് നല്ലതെന്നു ചിന്തിക്കുക. പട്ടേൽ പ്രതിമ യിലാണ് താങ്കൾ വിശ്വസിക്കുന്നതെങ്കിൽ ഇന്ന് ഈ കംപ്യുട്ടറിന്റെ മുമ്പിലിരുന്ന് താങ്കൾക്ക് എഴുതാൻ സാധിക്കില്ലായിരുന്നു. അതിന് താങ്കൾ ജവഹർലാൽ നെഹ്രുവിനോടും കോൺഗ്രസ്സ് സർക്കാരുകളോടും കടപ്പെട്ടിരിക്കുന്നു. പശുക്കളേയും തവളകളെയും വിവാഹം കഴിപ്പിക്കുന്ന ഒരു സംസ്ക്കാരത്തിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടം നമുക്ക് ആവശ്യമുണ്ടോ ? പൊൻകുന്നത്ത് രണ്ടു മരങ്ങളുടെ വിവാഹം രണ്ടു ഹൈസ്‌കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗാംഭീര്യമായി ആഡംബര കോലാഹലങ്ങളോടെ നടത്തിയതും കഴിഞ്ഞ ദിവസത്തെ പത്രത്തിലുണ്ടായിരുന്നു. നാണം കെട്ട കെട്ട ആചാരങ്ങൾ, കഷ്ടം!
നാണു കണിയാർ 2020-02-23 21:31:13
വിവരം കേട്ടവർ ഉള്ളടത്തോളം കാലം ഇന്ത്യ രക്ഷപ്പെടില്ല . കോടിക്കണക്കിന് ജനങ്ങളെ മതില് കെട്ടി അതിനുള്ളിൽ തള്ളും. പിന്നെ മുംബയിലെ 'ദാരാവി' ക്ക് ചുറ്റും മതിലുകെട്ടാൻ മോഡി തുണിയുന്നതും അമേരിക്കക്ക് ചുറ്റും മതില് കെട്ടാൻ ട്രംപ് തുണിയുന്നതും ഒന്ന് തന്നെ. ഇപ്പോൾ ശുക്രൻ ശനിയിലായതു കൊണ്ട് അമേരിക്കക്കും ഇന്ത്യക്കും കഷ്ടകാലമാണ് . ചായക്കടക്കാരനും , കെട്ടിടം പണിക്കാരനും, തട്ടിപ്പുകാരും അധികാരത്തിൽ വരികയും ജനം കഷ്ടപ്പെടുകയും ചെയ്യും . വിഡ്ഢികൾ ആഫ്രിക്കയിലെ വെട്ടുക്കിളികളെപ്പോലെ പെരുകിവരികയും വായിൽ തോന്നുന്ന വിവരക്കേട് പുലമ്പി നാടിനും നാട്ടാർക്കും ആപത്ത് വരുത്തും . അണ്ണാക്കിൽ ഒരു ഏത്തക്ക കാലത്തെ പുഴുകി തള്ളികയറ്റി വച്ച് ഒരു മൊട്ട പ്രയോഗം കൂടി ചെയ്‌താൽ ശല്യം കുറഞ്ഞിരിക്കും ശുഭം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക