Image

നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്; ജോബൈഡന്‍ രണ്ടാം സ്ഥാനത്ത്

Published on 22 February, 2020
നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്; ജോബൈഡന്‍ രണ്ടാം സ്ഥാനത്ത്
ലാസ് വേഗസ്: നെവാദ കോക്കസില്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് മുന്നേറുന്നു. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടാമതുണ്ട്.

43 ശതമാനം ഫലം വന്നപ്പോള്‍ വോട്ട് നില ഇപ്രകാരമാണ്. സാന്‍ഡേഴ്‌സ്: 46.8 ശതമാനം വോട്ട്. ബൈഡന്‍ 20.7 ശതമാനം

മുന്‍ മേയര്‍ പീറ്റ് ബട്ടിജ് 15.1%; സെനറ്റര്‍ എലിസബത്ത് വാറന്‍ 9.5%;  സെന്റർ എമി ക്ളോബുച്ചർ 4 % 
ബാക്കിയുള്ളവരൊന്നും പച്ച തപ്പിയില്ല.

ന്യു യോര്‍ക്ക് മുന്‍ മേയര്‍ കോടീശ്വരനായ മൈക്ക് ബ്ലൂംബര്‍ഗ് ഇവിടെയും മല്‍സരിച്ചില്ല.

അടുത്ത ശനിയാഴ്ച (ഫേബ്രു-29) സൗത്ത് കരലിനയില്‍ പ്രൈമറി ഉണ്ട്. ബൈഡന്‍ അവിടെ പ്രതീക്ഷ പുലര്‍ത്തുന്നു. മാര്‍ച്ച് 3-നു ടെക്‌സസും കാലിഫോര്‍ണിയയുമടക്കം 14 സ്റ്റേറ്റുകളില്‍ പ്രൈമറി നടക്കുന്നു-സൂപ്പര്‍ ട്യൂസ്‌ഡെ. അടുത്ത ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആരാണെന്നു മിക്കവാറും അന്നു അറിയാം.

ലാസ് വേഗസടക്കം തൊഴിലാളികള്‍ക്ക് മുന്‍ കൈ ഉള്ള നെവാഡയില്‍ സാന്‍ഡേഴ്‌സിന്റെ ഡമോക്രാറ്റിക്ക് സോഷ്യലിസം നല്ല പിന്തുണയാണു നേടുന്നത്. അയോവക്കും ന്യു ഹാമ്പ്ഷയറിനും ശേഷം പ്രൈമറി/കോക്കസ് നടക്കുന്ന മൂന്നാമത്തെ സ്റ്റേറ്റാണു നെവാഡ. അയോവ കോക്കസില്‍ പീറ്റ് ബട്ടീജും ന്യു ഹാമ്പ്ഷയറില്‍ സാന്‍ഡേഴ്‌സും ആണുവിജയിച്ചത്. ഇത് സാന്‍ഡേഴ്‌സിന്റെ രണ്ടാം വിജയം. 36 ഇലക്ടറല്‍ വോട്ടാണു നെവാഡയിലുള്ളത്.

എന്നാല്‍ ട്രമ്പിനെ തോല്പിക്കാന്‍ ഏറ്റവും കഴിവുള്ള സ്ഥാനാര്‍ഥി താനാണെന്ന സന്ദേശവുമായി അടൂത്ത സ്റ്റേറ്റുകളിലേക്കു നീങ്ങുകയാണെന്നു ബൈഡന്‍ പറഞ്ഞു.

സാന്‍ഡേഴ്‌സിനെ റഷ്യ സഹായിക്കുന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടരുതെന്നു സാന്‍ഡേഴ്‌സ് റഷ്യക്കു തക്കീതു നല്കി.

സാന്‍ഡേഴ്‌സിന്റെ മുന്നേറ്റം ഡമോക്രാറ്റിക് നേത്രുത്വം അവിശ്വസനീയതയോടെയാണു നോക്കിക്കാണുന്നത്. കഴിഞ്ഞ തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പ് കൈവരിച്ച മുന്നേറ്റത്തിനു സമമാണിതെന്നു അവര്‍ വിലയിരുത്തുന്നു.

ഇരുവരും സ്ഥാനാര്‍ഥികളായാല്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പേര്‍ തമ്മിലുള്ള ഏറ്റുമുട്ടലാകും അത്. ട്രമ്പ് നിലകൊള്ളുന്ന ആശയങ്ങള്‍ക്കു നേര്‍ വിപരീതമാണു സാന്‍ഡേഴ്‌സിന്റെ പല ആശയങ്ങളും. എല്ലാവര്‍ക്കും മെഡിക്കെയര്‍, സ്റ്റുഡന്റ് ലോണില്‍ പരിഷകരണം, മിനിമം കൂലി തുടങ്ങി സാധാരണ ജനത്തെ ആകര്‍ഷിക്കുന്ന നയങ്ങളാണു സാന്‍ഡേഴ്‌സ് മുന്നോട്ടു വയ്ക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം-78 വയസ്-, ഈയിടെ ഉണ്ടായ ഹാര്‍ട്ട് അറ്റാക്ക്, വലിയ മത വിശ്വാസി അല്ലെങ്കിലും യഹൂദ മാതാപിതാക്കളുടെ പുത്രനാണെന്നത്, എല്ലാം അദ്ധേഹത്തിനു എതിരായി വന്നെന്നുമിരിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക