Image

ഏഴുതിരി വെട്ടം (ചെറുകഥ: രാഹുല്‍ ശങ്കുണ്ണി)

Published on 21 February, 2020
ഏഴുതിരി വെട്ടം (ചെറുകഥ: രാഹുല്‍ ശങ്കുണ്ണി)
ഹിമാലയ യാത്ര കഴിഞ്ഞുവരുന്ന  അരവിന്ദനെ കാത്തിരിക്കുകയാണ് റഷീദും  വനജയും.ഇരുവരുടെയും മുഖത്ത് സംഘര്‍ഷം മുട്ടിത്തിരിയുന്നു.സാധാരണ ഗ്രാമത്തിലെ വിശ്വഭാരതി വായനശാലയില്‍ അരവിന്ദനോടൊപ്പം  കൂടുമ്പോഴൊക്കെ റഷീദും വനജയും ഏതെങ്കിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമെന്നത് നിശ്ചയമുള്ള കാര്യമാണ്.അവ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചാകാം,ദര്‍ശന സംബന്ധിയായ കാര്യങ്ങളാകാം,കളമല പള്ളിയിലെ എഴുന്നള്ളത്തിനെ ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചാകാം.അവരുടെ വര്‍ഷങ്ങളായുള്ള പ്രണയം വിജയകരമായി പരിസമാപ്തിയില്‍ എത്തിക്കുന്ന കാര്യമൊഴികെ  എന്തുമാകാം.കറുകറുത്ത തടിയന്‍ മേശമേല്‍ കൈകുത്തിനിന്ന് മന്ദഹസിക്കുമെന്നല്ലാതെ കമിതാക്കളുടെ തര്‍ക്കത്തില്‍ അരവിന്ദന്‍ ഇടപെടില്ല.തര്‍ക്കങ്ങള്‍ക്കിടയില്‍ അനുസ്യൂതം നടക്കുന്ന പിച്ചലുകള്‍ക്കും മാന്തലുകള്‍ക്കും അരവിന്ദന്‍റെ സാന്നിദ്ധ്യം തടസ്സമാകാറുമില്ല.അരവിന്ദന്‍ ഒന്നിനും തടസ്സമല്ല.ഒന്നിനും സഹായവുമല്ല.  കൂട്ടുകാരെ സംബന്ധിച്ചിടത്തോളം ഒരു ദാര്‍ശനിക വൃക്ഷം. ഫലങ്ങള്‍ വളരെ മുകളില്‍ എന്നു മാത്രം. കൗമാരം വിട്ടൊഴിയും മുമ്പേ ആധ്യാത്മികതചിന്തകളുടെ  തിരത്തള്ളല്‍ അനുഭവിക്കുന്ന അയാള്‍ കൂട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത് ഒരു കാര്യം മാത്രം: "കല്ല്യാണം കഴിഞ്ഞു രണ്ട് കുട്ടികളായാല്‍ നിങ്ങള്‍ ഇരുവരും അഖണ്ഡ ബ്രഹ്മചര്യം പാലിക്കണം."
 
പരമസത്യം സാക്ഷാത്കരിക്കുവാന്‍ കഴിയുമെന്ന് അരവിന്ദന്‍ ഉറച്ചു വിശ്വസിക്കുന്നു.പുരാതനവും നവീനവുമായ പല പന്ഥാക്കളും ഈ വിഷയത്തില്‍ അയാള്‍ സൂക്ഷ്മമായി പഠനവിഷയമാക്കിയിട്ടുണ്ട്.ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്നു. ദാര്‍ശനിക കാര്യങ്ങളില്‍ കൗതുകമുള്ള കമിതാക്കളാണ് റഷീദും വനജയും.വനജക്കു ഒരു നെല്ലിട കൂടുതല്‍വരും താല്‍പര്യം.റഷീദിനെ സംബന്ധിച്ചിടത്തോളം ആശയപരമായി കമ്പോടുകമ്പ് അരവിന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ട്.അതേസമയം സാമ്പത്തിക വിഷയത്തില്‍ അയാള്‍ക്ക് ഒരു കല്പതരുവാണ് അരവിന്ദന്‍. അരവിന്ദന് കുടുംബത്തുനിന്നും പത്തേക്കര്‍ റബ്ബറും അഞ്ചേക്കര്‍ കായ്ഫലമുള്ള പുരയിടവും കിട്ടിയിട്ടുണ്ട്. റഷീദിന് ഇക്കാലം വരെ തൊഴില്‍ ഒന്നുമില്ല. നെഞ്ചിടിപ്പോടെ കാത്തിരുന്ന വിസ വന്നെത്തിയിട്ടുണ്ടെങ്കിലും  ആഹ്ലാദിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ്.

എല്ലാ തൊഴില്‍ രഹിതരുടെ പ്രണയങ്ങള്‍ക്കും വന്നു ചേരുന്ന പ്രതിസന്ധി ഇവിടെയും വന്നു കൂടി.വനജക്ക് ആലോചനകള്‍ പെരുകി.ഒരെണ്ണം പക്വം ആവുന്നതിന്റെ അപായ സൂചനകള്‍ നല്‍കി.അങ്ങോട്ട് പോയവര്‍ക്കും ഇങ്ങോട്ടു വന്നവര്‍ക്കും തൃപ്തി. പോരാത്തതിന് റഷീദിന് ഉടനെ കുടുംബഭാരവുമായി ഗള്‍ഫിലേക്ക് പറക്കുകയും വേണം. തങ്ങളുടെ പ്രണയത്തെക്കുറിച്ച് റഷീദും വനജയും ആശങ്ക എന്നും വെച്ചു പുലര്‍ത്തിയിരുന്നു.മതം രണ്ട്,ഇരുവരുടെയും സമുദായങ്ങള്‍ തമ്മില്‍ നാട്ടില്‍ നിലനില്‍ക്കുന്ന അകല്‍ച്ച, റഷീദിന്‍റെ സാമ്പത്തികമായ പരാധീനത ഒക്കെ ചേര്‍ന്ന് പ്രണയം അനിവാര്യമായും വിരഹത്തിലേക്ക് നീങ്ങുമെന്ന് ഇരുവരും സ്വകാര്യമായി ഭയപ്പെട്ടിരുന്നു.വേര്‍പാടിനെ പറ്റിയുള്ള ചിന്തകള്‍ ഇരുവരും മനസ്സില്‍ നിന്ന് മാറ്റി നിറുത്തിയിരുന്നു എന്നുമാത്രം.

ഒരു തവണ റഷീദ് അരവിന്ദനോട് തന്‍റെ ഉത്കണ്ഠ പങ്കുവച്ചിരുന്നു.അരവിന്ദന്‍ പറഞ്ഞത് ഇത്രമാത്രം:"നടക്കേണ്ടതെന്തോ അത് നടക്കും.നാം അതേക്കുറിച്ചു വേവലാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല."അതിസാധാരണമായ ഒരു പ്രസ്താവമാണെങ്കിലും റഷീദിന് ധനാത്മകമായ ഒരു മാനസിക നില അത് നല്‍കി എന്നതാണ് വാസ്തവം.തട്ടമിട്ട് റഷീദിന്‍റെ വീട്ടില്‍ നില്‍ക്കുന്നത്  വനജയും ഭാവന ചെയ്യും.നേരിയ നൊമ്പരം അപ്പോള്‍ മനസ്സില്‍ നിറയും.റഷീദിന് ആ സാഹസമെടുക്കാനുള്ള ധൈര്യമില്ലെന്ന് അവള്‍ക്കറിയാം. അതുകൊണ്ടുതന്നെ ഭാവനയില്‍ നിന്ന് വേഗം പിന്തിരിയും. വിവാഹജീവിതമേ വേണ്ടെന്ന് വെക്കുന്നത് വനജ ആലോചിച്ചു.ആ ചിന്ത മനസ്സില്‍ സ്വാതന്ത്ര്യത്തിന്‍റെ കുളിര്‍മ നിറച്ചു.പക്ഷെ അനുജത്തിയുടെ വിവാഹത്തെ അത് ബാധിക്കുമല്ലോ എന്നോര്‍ത്ത് ഖേദിച്ചു.ഒടുവില്‍ വീട്ടുകാരുടെ തീരുമാനത്തിന് വഴങ്ങാന്‍ തീരുമാനിച്ചു.ഇന്നോടെ റഷീദുമായുള്ള ബന്ധം അവസാനിപ്പിക്കണം.അയാളെ കണ്ട് തീരുമാനം അറിയിക്കണം.വനജ പുറപ്പെട്ടു.

വായനശാലയുടെ ഹാളില്‍ റഷീദ് വെരുകിനെ പോലെ നടക്കുന്നുണ്ടായിരുന്നു.വനജ ഒരു ബെഞ്ചിലിരുന്ന് മേശമേല്‍ കൈമുട്ടു കുത്തി അയാളെ നോക്കി ഇരുന്നു. റഷീദ് നടത്തം നിറുത്തി വനജയെ ഉറ്റുനോക്കി.പിന്നീട് അവള്‍ക്ക് അഭിമുഖമായി വന്നിരുന്നു.

"ഞാന്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ നീ എന്നെന്നേക്കുമായി എന്നെ വെറുക്കുമോ എന്ന് എനിക്ക് ഭയം."വനജ മുഖം ഉയര്‍ത്തി അയാളെ പകച്ചു നോക്കി.അയാള്‍ തുടര്‍ന്നു : " അത്രയ്ക്ക് ജുഗുപ്‌സാവഹമാണത്,അപഹാസ്യവും." ഇരുവരും അല്‍പനേരം ഒന്നും മിണ്ടിയില്ല.വനജ സ്വന്തം തീരുമാനം അറിയിക്കുന്നതിന്റെ ധര്‍മ്മസങ്കടത്തില്‍ ആയിരുന്നതിനാല്‍ അയാള്‍ പറഞ്ഞതിന് വലിയ മനസ്സു കൊടുത്തില്ല. എന്നാല്‍ തുടര്‍ന്ന് അയാള്‍ പറഞ്ഞത് കേട്ട് അവള്‍ നടുങ്ങിപ്പോയി. "നീ അരവിന്ദനെ വിവാഹം കഴിക്കുമോ?"
"എന്തിന്?"

റഷീദ് നിശ്ശബ്ദനായിരുന്നു.വനജയെ മനസ്സില്‍ നിന്ന് മാറ്റി നിറുത്തുവാന്‍ അയാളും രണ്ടുമൂന്നു ദിവസങ്ങളായി ശ്രമിക്കുന്നു.അത് സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അയാളുടെ മനസ്സ് ഭ്രാന്തന്‍ വേഗത്തില്‍ ഉപായങ്ങള്‍ തേടാന്‍ തുടങ്ങി. പൊടുന്നനെയാണ് അരവിന്ദന്റേയും വനജയുടെയും വിവാഹം എന്ന ആശയം അയാള്‍ക്ക് തോന്നിയത്.അതിന്‍റെ പരിഹാസ്യതയില്‍ അയാള്‍ പുളഞ്ഞു.അങ്ങനെ ഒരു ആശയം മനസ്സില്‍ നിലനിറുത്തിയതിന് അയാള്‍ സ്വയം ശപിച്ചു. പിന്നീട് മറ്റുപായങ്ങളൊന്നും തോന്നാതെയായപ്പോള്‍ വീണ്ടും ദയനീയമായി അതിലേക്ക് തന്നെ വന്നു.പിറ്റേന്ന് അയാള്‍ക്ക് പനിച്ചു.

"നിന്നെ വല്ലപ്പോഴുമെങ്കിലും വന്നുകാണാമല്ലൊ.പിന്നെ അല്പം സമയം, അതാണല്ലോ ഇപ്പോഴത്തെ പ്രശ്!നം.അതും കിട്ടും.പിന്നെ എന്നെങ്കിലും കാര്യങ്ങള്‍ അനുകൂലമായാല്‍........"

തിരിഞ്ഞുനിന്നു റഷീദ് അത് പറയുമ്പോള്‍ വനജ കാത് പൊത്തിയിരുന്നു.എങ്കിലും പൂര്‍ണ്ണ ഏകാഗ്രതയില്‍ സകലതും കേട്ടു.പിന്നെ ഒന്നും മിണ്ടാതെ വായനശാലയില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു. എങ്കിലും പിറ്റേന്ന് കണ്‍കോണില്‍ അശ്രു നിറച്ചു ചിരിച്ചു ചോദിച്ചതിങ്ങനെ:"അരവിന്ദേട്ടന്‍ സമ്മതിക്കുമോ?" അവര്‍ക്ക് ആ വിഷയം തുടര്‍ന്ന് സംസാരിക്കാന്‍ പ്രയാസമുണ്ടായെങ്കിലും അവരുടെ കണ്ണുകള്‍ ആ ജോലി ഏറ്റെടുത്തു.ഭൂമിയില്‍ തങ്ങളുള്ള കാലം പരസ്പരം കണ്ടു ജീവിക്കണം.അതിന് എന്തും ചെയ്യണം.അരവിന്ദന്‍റെ ജീവിതം വച്ചാണ് തങ്ങള്‍ കളിക്കുന്നതെന്ന് ഇരുവരും ഓര്‍ക്കാതിരുന്നില്ല.വിശേഷിച്ചും അയാളുടെ സത്യാന്വേഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ നിഗ്രഹം അപകടത്തിലാവുന്ന വിഷയം കൂടിയാണ്. ഇനി അരവിന്ദന്‍റെ സമ്മതം കിട്ടുന്നതും സാധ്യത കുറവുള്ള കാര്യമാണ്.ഏതു കാര്യവും അയാളോട് അവതരിപ്പിക്കാം.കണ്ണാടി പോലെ ആണ് അയാളുടെ മനസ്സ്.നീരസമോ പരിഭവം പോലുമോ ഉണ്ടാകില്ല.തങ്ങളുടെ ആവശ്യം നിരാകരിച്ചാലും അത് വാക്കാലാകില്ല.സുദീര്‍ഘമായ മൗനം കൊണ്ടാകും.
അരവിന്ദന്‍ വന്നു ചേര്‍ന്നു.കമിതാക്കള്‍ മിണ്ടാതിരുന്നപ്പോള്‍ അയാള്‍ യാത്രാവിശേഷം പറഞ്ഞു തുടങ്ങി.ബുദ്ധഗയയില്‍ പോയ കാര്യമാണ് ഏറെ പറഞ്ഞത്.തുടര്‍ന്ന് ബുദ്ധന്‍റെ കരുണയെ കുറിച്ചും.ആട്ടിന്‍ കുട്ടിക്ക് പകരം സ്വയം ബലിപീഠത്തില്‍ കയറിയ കാര്യം പറഞ്ഞ് അയാള്‍ മൗനിയായി.റഷീദ് മെല്ലെ പറഞ്ഞു "അതുപോലൊരു ത്യാഗം നിന്നില്‍ നിന്ന് ഞങ്ങള്‍ തേടുന്നു അരവിന്ദാ." കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടു.അരവിന്ദന്‍ വനജയെ നോക്കി.മുഖം കുനിച്ചു് ഇരിക്കുകയാണ്. ദീര്‍ഘമായ മൗനത്തിലേക്ക് അയാള്‍ പ്രവേശിച്ചു.മറ്റു രണ്ടു പേര്‍ക്കും ആ മൗനത്തിന്‍റെ അര്‍ത്ഥം അറിയാം.ഒടുവില്‍ അയാള്‍ പറഞ്ഞു:" എനിക്ക് വിവാഹം കഴിക്കുന്നതുംകഴിക്കാത്തതും ഒരു പോലേ ഉള്ളു.നിങ്ങള്‍ക്ക് പ്രയാസമുണ്ടാകരുതെന്നു മാത്രം."

വനജ അന്നു രാത്രി അമ്മയോട് 'പ്രണയരഹസ്യം' അറിയിച്ചു.അച്ഛന്‍ ചൊടിച്ചു."ആ സന്ന്യാസിയോ!നടക്കില്ല".അമ്മ പക്ഷെ ആലോചനയില്‍ ഗുണം കണ്ടു."കാശ് ഉള്ള തറവാടാണ്.കൊച്ച് കണ്ണും വെട്ടത്ത് കാണുകേം ചെയ്യുമല്ലോ."സ്ത്രീധനം ഒഴിവാക്കുന്നത് അച്ഛനെയും പ്രചോദിപ്പിച്ചു. അരവിന്ദന്‍റെ വീട്ടില്‍ കല്യാണക്കാര്യം ഒരു അത്താഴത്തിന്‍റെ ദൈര്‍ഘ്യത്തിനുള്ളില്‍ അവതരിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുമായി.അമ്മ സന്തോഷത്തിന്‍റെ അശ്രു തുടച്ചപ്പോള്‍ നിത്യകന്യകയായ ജ്യേഷ്ഠത്തി ദേവയാനി മന്ദഹാസം കൊണ്ട്‌സമ്മതം അറിയിച്ചിട്ട് പുറത്തിറങ്ങി.തൊഴുത്തിലെത്തി പശുവിന് രണ്ടുപിടി വൈക്കോല്‍ കൂടി ഇട്ടുകൊടുത്ത്തലോടുക മാത്രം ചെയ്തു.

കല്യാണത്തിന്റെ തലേദിവസം പന്തലില്‍ പ്രത്യക്ഷപ്പെട്ട് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന യുവാവിനെ വനജയുടെ അച്ഛന്‍ ശിവരാമനും അമ്മ ശാരദയും മതിപ്പോടെ  ശ്രദ്ധിച്ചു."അതാരാ?" ശാരദ ചോദിച്ചു."കന്നിമലയിലുള്ള ഒരു മുസ്‌ലീം പയ്യനാ.നമ്മുടെ സന്ന്യാസിയുടെ കൂട്ടുകാരന്‍". ശിവരാമന് അരവിന്ദനെ ഇപ്പോഴും തൃപ്തിയായിട്ടില്ലെന്നത് ശാരദയെ ചൊടിപ്പിച്ചു. "നമുക്കീ ബന്ധത്തിന് യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം.ഏക്കറു കണക്കിന് ഭൂമി ഉള്ളവനാണ്". "എന്നാലും ഇരുനൂറു വയസ്സ് പ്രായമുള്ളതു പോലെയാ നടപ്പും സംസാരവും.",ശിവരാമന്‍ അവസാന വാക്ക് പറയാന്‍ ശ്രമിച്ചു.മൂന്ന് കുട്ടികളെ സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍ ഭൂമിക്കു മുകളില്‍ മറ്റൊരു മുദ്രയും ചാര്‍ത്താത്ത ആളാണ് തന്‍റെ ഭര്‍ത്താവെന്ന് ശാരദ ഞെട്ടലോടെ ഓര്‍ത്തു.അവര്‍ എഴുന്നേറ്റു പോയി.

കല്ല്യാണ ദിവസം വൈകിട്ട് വീട്ടിലെത്തി സജീവമായ യുവാവിനെ ദേവയാനിക്കും പരിചയമുണ്ടായിരുന്നില്ല."മണിയറയില്‍ ചെക്കന്‍റേം പെണ്ണിന്‍റേം ഒപ്പം കേറിയിരിക്കുന്ന ആള്‍ ആര്?" എന്ന് മുന്‍ശുണ്‍ഠിയുള്ള അമ്മാവന്‍ രാമദാസന്‍ ആക്രോശിച്ചപ്പോഴാകട്ടെ ദേവയാനി നേരെ തൊഴുത്തിലോട്ട് വച്ചു പിടിക്കുകയാണ് ഉണ്ടായത്. മണിയറയില്‍ അതേ സമയം ഗഹനമായ യോഗാത്മക തത്വങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.അരവിന്ദന്‍ അസാധാരണമാം വിധം പ്രചോദിതനായി കാണപ്പെട്ടു. ശരീരത്തിലെ ഗുപ്ത ശക്തികളെ ഉണര്‍ത്തിയാല്‍ മാത്രമേ ഗൂഢമായ സത്യം തെളിഞ്ഞു വരികയുള്ളു.അതിന് അഖണ്ഡ ബ്രഹ്മചര്യം ഒഴിച്ചുകൂടാനാവാത്തതാണ്. "ഞാനത് നിങ്ങളോട് വീണ്ടും പറയുന്നു".റഷീദിന് ആഴത്തില്‍ ശാന്തി അനുഭവപ്പെട്ടു.പിരിയാന്‍ നേരം അയാളും വനജയും പരസ്പരം നോക്കി നിന്നു.വനജ തലയാട്ടിയതോടെ അയാള്‍ ശാന്തനായി പുറത്തിറങ്ങി.രാമദാസന്‍റെ ശകാരം അവഗണിച്ച് ബൈക്കില്‍ കയറി പോയി.
പ്രഥമ രാത്രിയുടെ ആദ്യ പാദത്തില്‍ വനജ ഉത്കണ്ഠാകുലയായി സംസാരിച്ചുകൊണ്ടേയിരുന്നത് റഷീദിന്‍റെ രണ്ടു ദിവസം കഴിഞ്ഞുള്ള ഗള്‍ഫ് യാത്രയെക്കുറിച്ചാണ്.പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന് അരവിന്ദന്‍ ഖണ്ഡിതമായി അഭിപ്രായപ്പെട്ടു.വ്യാകുലതക്ക് സ്ഥാനമില്ല.അരവിന്ദന്‍ ദീര്‍ഘമൗനത്തിലേക്ക് നീങ്ങിയപ്പോള്‍ വനജ നിസ്സഹായയെന്നപോല്‍ മണിയറ നോക്കിക്കണ്ടു.ലളിതമായി ഒരുക്കിയിരിക്കുന്നു.ദേവയാനിയാകണം.അരവിന്ദനെ ഒരിക്കല്‍ കൂടി നോക്കിയപ്പോള്‍ വിചിത്രമായ ഒരു സുരക്ഷിതത്വ ബോധം പൊടുന്നനെ വനജക്ക് അനുഭവപ്പെട്ടു.ഒരു ബെഡ്ഷീറ്റ് എടുത്ത് അവള്‍ നിലത്തു വിരിച്ചു കിടന്നത് അരവിന്ദന്‍ ചിന്താധീനനായി നോക്കിയിരുന്നു.
                                    
 II
                                      
ദീര്‍ഘപാദനായ ഷെയ്ഖ് അല്‍ ഖാലിദിന്‍റെ മുന്‍പില്‍ റഷീദ് ഈയാംപാറ്റയെ പോലെ വിറച്ചു നിന്നു.തേജസ്വിയായ ആ യുവ അറബി റഷീദിനെ ജോലിസ്ഥലത്തേക്ക് സ്വയം കൊണ്ടുപോയി.തീപ്പെട്ടികള്‍ അടുക്കി വെക്കുന്നപോലെ വന്നും പോയും ഇരിക്കുന്ന വാഹനങ്ങളെ ക്രമീകരിക്കുക എന്നതാണ് ജോലി.ഏഴെട്ട് ദിനരാത്രങ്ങള്‍ കഴിഞ്ഞു കിട്ടിയ ഒരു ഇടവേളയില്‍ റഷീദ് ഒരു കാര്യം ശ്രദ്ധിച്ചു ,ചിന്തകള്‍ ജീവിതത്തിന്‍റെ ആധാരമാണെന്നൊക്കെ പറയുന്നത് വെറുതെയാണ്.കഴിഞ്ഞ ഒരാഴ്ചയായി താന്‍ ചിന്തിച്ചിട്ടേയില്ല.അറബി തന്നില്‍ പ്രീതനാണെന്നും അയാള്‍ മനസ്സിലാക്കി.ഷെയ്ഖിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് മാറ്റം കിട്ടിയ ദിവസം തന്നെയാണ് വനജയുടെ കത്തും കിട്ടുന്നത്.നിറയെ വ്യാകുലത നിറഞ്ഞ അന്വേഷണങ്ങള്‍ മാത്രം.കത്തിനൊടുവില്‍ അരവിന്ദന്‍റെ രണ്ടുവരി സന്ദേശവും:'മനസ്സിനെ ചാഞ്ചല്യമില്ലാത്ത ദീപം കണക്കെ സൂക്ഷിക്കുക.എല്ലാം നല്ലതിനാണെന്നറിയുക.' ആഴ്ചയില്‍ ഒന്ന് വീതം കത്തുകള്‍ വന്നത് അയാളെ സന്തുഷ്ടനാക്കി. ഷെയ്ഖിന്‍റെ മനസ്സാക്ഷി റഷീദ് പോക്കറ്റിലിട്ട് നടക്കുന്ന നാളുകള്‍ പിന്നാലെ വന്നു.റഷീദിന് ഇപ്പോള്‍ രാജകുടുംബാഗം ആയ ഷെയ്ഖിന്‍റെ മനസ്സാക്ഷിയെ തലോടാം,വേണമെങ്കില്‍ മെല്ലെ നുള്ളി നോവിക്കുക പോലും ആകാം.ഗള്‍ഫിലെ സൂര്യന്‍ റഷീദിനെ നോക്കി അല്പം മതിപ്പോടെ പുഞ്ചിരി പൊഴിച്ചു തുടങ്ങിയ നാളുകളിലൊന്നിലാണ് സ്വകാര്യ ഖജനാവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അയാളെ ഏല്‍പ്പിച്ച് ഷെയ്ഖ് ഖാലിദ് ദീര്‍ഘയാത്ര പോയത്.വാണിജ്യപ്രതിഭ എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഷെയ്ഖ് തന്നെ ഇത്രകണ്ട് വിശ്വസിക്കുന്നതില്‍ അയാള്‍ അഭിമാനിച്ചു. വനജക്കും വീട്ടിലേക്കും വിശദമായി ഇനി കത്തെഴുതാം.വീട്ടിലേക്കുള്ളത് കഴിഞ്ഞപ്പോഴാണ് അയാള്‍ ശ്രദ്ധിക്കുന്നത്,വനജയുടെ കത്തുകള്‍  രണ്ട്  മാസങ്ങളായിട്ട് വന്നിട്ടില്ല.മനുഷ്യശരീരം അമര്‍ന്നാല്‍ പാതാളത്തോളം പതിഞ്ഞു താഴുന്ന സോഫയിലിരുന്ന് ഒന്നുകൂടി ആലോചിച്ചെടുത്തു.കത്തുകളുടെ ഇടവേള കൂടുന്നുണ്ടായിരുന്നു,വലിപ്പം കുറയുന്നുണ്ടായിരുന്നു,അവയില്‍ വനജയുടെ ലിഖിതങ്ങള്‍ മാത്രമായി തീര്‍ന്നിരുന്നു.'അപ്പോള്‍ എല്ലാം അങ്ങനെ തന്നെ ആയി തീര്‍ന്നിരിക്കുന്നു.',അയാളുടെ മനസ്സ് മന്ത്രിച്ചു.അയാളെ വിസ്മയിപ്പിച്ചത് മറ്റൊന്നാണ്.പുതിയ തിരിച്ചറിവിലും  താന്‍ നിസ്സംഗനാണ്.തന്‍റെ ഉള്ളിലിരുന്ന് താനറിയാതെ ആരോ എന്തൊക്കയോ കണക്കുകൂട്ടുന്നുണ്ടായിരുന്നു.ആ അറിവ് അയാളെ ലജ്ജിതനാക്കി. ഉല്ലാസത്തിമിര്‍പ്പോടെ ഷെയ്ഖും സംഘവും മടങ്ങിയെത്തിയപ്പോഴും റഷീദ് ധാര്‍മികതയുടെ കറുപ്പും വെളുപ്പും കലര്‍ന്ന കള്ളികളില്‍ പിടയുകയായിരുന്നു.തനിക്ക്  വനജയെ അവളുടെ വഴിക്ക് വിടാമായിരുന്നു എന്ന് ഒരിക്കല്‍ തോന്നും.അനുരൂപനായ ഭര്‍ത്താവുമൊത്ത് അവള്‍ ജീവിച്ചേനെ.പിന്നീട് തോന്നും അവള്‍ ഒരു സാധാരണ പെണ്ണല്ല.ദാര്‍ശനികാഭിമുഖ്യം നല്ലവണ്ണമുണ്ട്.സ്വാതന്ത്ര്യകാംക്ഷയുമുണ്ട്.അത് കൂടെക്കൂടെ സൂചിപ്പിച്ചിട്ടുണ്ട്.അപ്പോള്‍ അരവിന്ദനൊപ്പം വലിയ ബുദ്ധിമുട്ടില്ലാതെ അവള്‍ക്ക് കഴിയാം.അരവിന്ദനെ കുറിച്ചാണ് കുറ്റബോധം തോന്നേണ്ടത്.

ഏതാണ് ശരി? എന്താണ് ചെയ്യേണ്ടത്?മനസ്സിന് ഒരു വ്യക്തത കിട്ടാന്‍ വേണ്ടി ഷെയ്ഖിനോട് എല്ലാം പറയാന്‍ തീരുമാനിച്ചു.ഇന്നുവരെ ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരാളിനോട് ഇക്കാര്യം സംസാരിച്ചിട്ടില്ല.അത് പിശകായിപ്പോയി.അകലെ നിന്ന് കാണുന്ന ഒരാള്‍ നല്‍കുന്ന ഉപദേശം കൃത്യമായിരിക്കും.അയാള്‍ പക്വമതി ആയിരിക്കണമെന്ന് മാത്രം.ഷെയ്ഖ് എല്ലാം സാകൂതം കേട്ടു.പിന്നീട് ചിന്താധീനനായി.ഒടുവില്‍ എഴുന്നേറ്റ് ലെറ്റര്‍ഹെഡില്‍ എന്തോ എഴുതി റഷീദിന്‍റെ കൈയില്‍ കൊടുത്ത് പുറത്തേക്കു പോയി. പിരിച്ചുവിടല്‍ കത്ത്! ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.പതുക്കെ കാര്യങ്ങള്‍ മനസ്സിലായി.ഷെയ്ഖ് സമ്പൂര്‍ണ്ണമായും പ്രൊഫഷണല്‍ ആണ്. താന്‍ പറഞ്ഞുകൊടുത്തത് തന്‍റെ ബയോഡേറ്റ തന്നെയാണ്. നിര്‍ണ്ണായക സമയത്ത് താന്‍ തീരുമാനമെടുക്കുന്നത് എങ്ങനെ എന്ന് ഷെയ്ഖ് ഊഹിച്ചെടുത്തു. കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല. കന്നിമലയില്‍ നായയെ കല്ലെറിഞ്ഞു നടന്ന ആളല്ല താനിന്ന്. ലോകം കണ്ടവനാണ്. പ്രാപ്തി നേടിയവനാണ്.

 III

റഷീദ് മുന്നിലെത്തിയപ്പോള്‍ അരവിന്ദന്‍ പൂമുഖത്തിട്ട ചാരുകസേരയില്‍ നാല്‍പ്പത് വാട്ട് ബള്‍ബിന്‍റെ വെളിച്ചത്തില്‍ വായനയിലായിരുന്നു.അല്പം മുമ്പ്  കണ്ടുപിരിഞ്ഞ ആളിനോടെന്ന പോലെ ലഘുവായി മന്ദഹസിച്ച് പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ചൂണ്ടിക്കാണിച്ചു.ഗൃഹസ്ഥ ധര്‍മ്മവും സന്ന്യാസധര്‍മ്മവും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അതു ശ്രദ്ധിക്കാതെ റഷീദ് അരവിന്ദനെ ആപാദചൂഢം നോക്കി.അയാളുടെ ശരീരത്തിന് മുന്പില്ലാതിരുന്ന ഒരു ലൗകിക ലക്ഷണം റഷീദിന് തോന്നി.ഒന്നു മടിച്ചു നിന്നശേഷം അയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചു. ഏഴ് തിരിയിട്ട വിളക്ക്   ഒരു പീഠത്തില്‍ വച്ചു വനജ നില്‍ക്കുന്നു.ഒന്ന് വിസ്മയിച്ച ശേഷം അവള്‍ അയാളെ നോക്കി പുഞ്ചിരി പൊഴിച്ചു നിന്നു.റഷീദും വിസ്മയിച്ചു.ഇത്ര പ്രസന്നയായി വനജയെ അയാള്‍ കണ്ടിട്ടില്ല.അസാധാരണമായ സംതൃപ്തിയും ശാന്തിയും അവളുടെ മുഖത്ത്.ഒരു മുന്‍വിചാരവും കൂടാതെ അയാള്‍ ചോദിച്ചു: "നമുക്ക് പോകണ്ടേ?".ചോദിച്ച  ഉടനെ അയാള്‍ ഭയന്നു പോകുകയും ചെയ്തു.വനജയുടെ നയനങ്ങള്‍ക്ക് കൂടുതല്‍ ആഴം കൈവന്നു. "ദേഹമാണോ ദേഹിയാണോ പോകേണ്ടത്?",അവള്‍ ചോദിച്ചു.റഷീദ് പകച്ച് വനജയെ നോക്കി.ഇത് അസാധാരണമാണ്.ഈ രീതിയില്‍ അവള്‍ സംസാരിക്കാറില്ല.ഗൗരവമായി തന്നെ ചോദിച്ചതാണെന്ന് അയാള്‍ മനസ്സിലാക്കി.ഏഴുതിരിവെട്ടത്തില്‍ അലൗകിക പ്രഭയോടെ വനജ നില്‍ക്കുകയാണെന്ന് അയാള്‍ കണ്ടു. റഷീദ് അവളെ സൂക്ഷിച്ചു നോക്കി.മുഖത്തു നീര്‍ഛായയുണ്ട്.കൂടുതല്‍ ഒന്നും ചോദിക്കാതെ മുറിയില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ ഹൃദയത്തില്‍ നൊമ്പരത്തോടൊപ്പം ആശ്വാസവും തുടിക്കുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു.

അരവിന്ദന്‍ ഏകാഗ്രമായ പഠനത്തില്‍ തന്നെ ആയിരുന്നു.റഷീദ് പുറത്തു വന്ന് അയാളുടെ അടുത്ത് നിന്നു. റഷീദിനെ കണ്ടപ്പോള്‍  അയാള്‍ വീണ്ടും പുസ്തകം നീട്ടിക്കാണിച്ചു. " ജനക മഹാരാജാവ് പറയുന്നത് ശ്രദ്ധിക്കൂ.കളത്രപുത്രാദികളോടുള്ള ധര്‍മ്മം പാലിക്കുന്നത് ഒരുവന് പരമപദ പ്രാപ്തി നേടിക്കൊടുക്കുന്നു.ആശ്ചര്യമായിരുന്നു,അല്ലെ?".

ഇത് പറഞ്ഞ് അയാള്‍ ശിശുവിനെ പോലെ മന്ദഹസിച്ചു.
"വനജക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന് എന്‍റെ മനസ്സ് പറയുന്നു.",റഷീദ് അയാളുടെ കണ്ണില്‍ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. അയാളുടെ സ്വരത്തില്‍ നേരിയ പകയുണ്ടായിരുന്നു.

"എന്തുമാകട്ടെ! ഓരോരുത്തരുടെയും കര്‍മ്മഗതി അനുസരിച്ചാണ് ഓരോരോ അനുഭവങ്ങള്‍ വരുന്നത്. ജനനവും മരണവും എല്ലാം. നമ്മള്‍ അതേക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല ". ഇത് പറഞ്ഞ് അയാള്‍ മൗനത്തില്‍ പ്രവേശിച്ചപ്പോള്‍ റഷീദ് അയാളെ കുറേനേരം നോക്കി നിന്നു.പിന്നീട് പുറത്തേക്ക് ഇറങ്ങി ചിന്താധീനനായി മെല്ലെ  നടന്നു. അയാള്‍ക്ക് ഇനി വേണ്ടത് ഒരു ജോലി ആണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക