Image

അവതാരരഹസ്യം (ഡോ. എന്‍.പി. ഷീല)

Published on 17 May, 2012
അവതാരരഹസ്യം (ഡോ. എന്‍.പി. ഷീല)
കൂര്‍മ്മാവതാരം

മഹര്‍ഷി ദുര്‍വ്വാസാവ്‌ ഒരിക്കല്‍ ദേശ സന്ദര്‍ശനത്തിനിടയില്‍ ദേവ ലോകത്തെത്തി. അപ്പോള്‍ ദേവേന്ദ്രന്‌ അദ്ദേഹം അസാധാരണമായ പരിമളം പരത്തുന്ന ഒരു പൂമാല സമ്മാനിച്ചു. ഇന്ദ്രന്‍ ആ മാല തന്റെ വാഹനമായ ഐരാവതത്തിന്റെ കൊമ്പില്‍ ചാര്‍ത്തി. മാലയില്‍ നിന്ന്‌ വഴിഞ്ഞൊഴുകിയ തേന്‍ നുകരാനായി വണ്ടുകള്‍ കൂട്ടം കൂട്ടമായി പറന്നെത്തി. അവയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ഐരാവതം ആ മാല ചീന്തിയെറിഞ്ഞു. ക്ഷിപ്ര കോപിയാണല്ലോ ദുര്‍വ്വാസാവ്‌. (ശകുന്തളയ്‌ക്ക്‌ കിട്ടിയ ശാപം ഓര്‍ക്കുക) ഇവിടെയും അതുതന്നെ സംഭവിച്ചു. വളരെ സന്തോഷത്തോടെ ഇന്ദ്രനു നല്‍കിയ ഉപഹാരത്തിന്റെ സ്ഥിതികണ്ട്‌ ദുര്‍വ്വാസാവ്‌ ഇന്ദ്രനെ മാത്രമല്ല ദേവലോകത്തെയാകെ ഇപ്രകാരം ശപിച്ചു.

എല്ലാവരെയും ജരാനരകള്‍ ബാധിക്കട്ടെ. ഒരുത്തന്‍ ചെയ്‌തിതിന്റെ പാപകര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങളെ ബാധിക്കും-എന്ന്‌്‌ പ്രമാണം.

ഏതായാലും മഹര്‍ഷിയോട്‌ പാപമോക്ഷത്തിന്‌ യാചിച്ചപ്പോള്‍ ഫലമുണ്ടായില്ല. ഒടുവില്‍ മഹാവിഷ്‌ണു ഇങ്ങനെ ഉപദേശം നല്‍കി . പാലാഴി കടഞ്ഞു കിട്ടുന്ന അമൃതം ഭക്ഷിച്ചാല്‍ പൂര്‍വ്വസ്ഥിതി കൈവരും.

വിഷ്‌ണുവിന്റെ ഉപദേശ പ്രകാരം ദേവന്മാര്‍ ഗത്യന്തരമില്ലാതെ അസുരന്മാരുമായി താത്‌ക്കാലിക സഖ്യമുണ്ടാക്കി പാലാഴിയുടെ തീരത്തെത്തി.

പാലാഴി കടഞ്ഞപ്പോള്‍ മന്ഥര പര്‍വ്വതമെന്തായി ? മത്തായീ എന്നു കുട്ടിക്കാലത്ത്‌ മത്തായി മാരെ കാണുമ്പോള്‍ നേരമ്പോക്കായി ചോദിക്കാറുള്ളത്‌ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമല്ലോ, മന്ഥര-നന്ദര എന്നീ രണ്ടു പദങ്ങളും പ്രയോഗത്തിലുണ്ട്‌.

ചുരുക്കത്തില്‍ മന്ഥര പര്‍വ്വതത്തെ കടകോലും (മത്ത്‌) വാസുകി എന്ന സര്‍പ്പത്തെ കയറുമായി പാലാഴി മഥനം തുടങ്ങി. ദേവന്മാര്‍ മനപ്പൂര്‍വ്വം വാസുകിയുടെ വാല്‍ഭാഗമാണ്‌ തെരഞ്ഞെടുത്തത്‌.

പാലാഴി വിഷ്‌ണുവിന്റെ അധിവാസസ്ഥാനമാണെന്ന്‌ പ്രസിദ്ധമാണല്ലൊ. സമുദ്രമഥനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മഥനത്തിന്റെ ശക്തിയാല്‍ ആധാരമില്ലാത്ത പര്‍വ്വതം കടലിന്നഗാധതയിലേക്ക്‌ വഴുതിപ്പോയി. തത്സമയം ഭഗവാന്‍ കൂര്‍മ്മ (ആമ) രൂപത്തില്‍ വന്ന്‌ പര്‍വ്വതത്തെ താങ്ങി നിര്‍ത്തി. പക്ഷേ മന്ഥര ക്രമത്തിലധികം ഉയര്‍ന്നതിനാല്‍ സമനില കൈവരുത്താന്‍ ഭഗവത്‌ വാഹനമായ ഗരുഡന്റെ രൂപത്തില്‍ ഭഗവാന്‍ തന്നെ പര്‍വ്വതത്തിനു മുകളില്‍ വന്നിരുന്നു. അങ്ങനെ ക്രമനില വീണ്ടെടുത്ത മഥനം തുടരുകയും അമൃത കുംഭം അസുരന്മാരുംടെ കയ്യിലാകപ്പെടുകയും അവരുടെ കയ്യില്‍ നിന്ന്‌ വിഷ്‌ണു മോഹിനി വേഷത്തില്‍ വന്ന്‌ അതു വീണ്ടെടുത്ത്‌ ദേവന്മാര്‍ക്ക്‌ നല്‍കിയെന്ന കഥയും പുരാതന പ്രസിദ്ധമാണല്ലോ.

വരാഹാവതാരം

വരാഹാവതാരത്തില്‍ മഹാവിഷ്‌ണു പന്നിയായി അവതരിച്ചതിന്റെ പിന്നിലും ഒരുദ്ദേശ്യമുണ്ടായിരുന്നു. വിഷ്‌ണുവിന്‌ അസംഖ്യം അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ വരള്‍ച്ചയില്ലാത്ത സരസ്സില്‍ നിന്ന്‌ ചോലകള്‍ ഒഴുകുന്നതുപോലെയാണ്‌ ഭഗവാനില്‍ നിന്ന്‌ ആയിരക്കണക്കിന്‌ അവതാരങ്ങള്‍ ഉണ്ടാകുന്നത്‌. മനുക്കള്‍, ദേവന്മാര്‍, മനുപുത്രന്മാര്‍, പ്രജാപതികള്‍, എന്നിവരെല്ലാം ഭഗവാന്റെ അംശങ്ങളും കലകളുമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു .

നമ്മുടെ പരാമര്‍ശം പ്രധാനപ്പെട്ട ദശാവതാരങ്ങളെക്കുറിച്ചുമാത്രമാണ്‌. വരാഹാവതാരം ഇപ്രകാരമാണ്‌ . വിഷ്‌ണുവിന്റെ വാസസ്ഥലമായ വൈകുണ്‌ഠത്തി ന്റെ ഗോപുര വാതില്‍ക്കല്‍ ജയവിജയന്മാരായിരുന്നു കാവല്‍ നിന്നിരുന്നത്‌ .ആയിടയ്‌ക്കാണ്‌ സനകാദി മഹര്‍ഷികള്‍ ഭഗവാനെ കാണാന്‍ തിരുസന്നിധിയിലേക്ക്‌ വന്നത്‌. അപ്പോള്‍ കാവല്‍ നിന്നിരുന്ന കിങ്കരന്മാര്‍ അവരെ അനാദരിച്ചു . കൃദ്ധരായ സന്യാസിമാര്‍ അവരിരുവരും ദാനവരായി പോകട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി ഇരന്നപ്പോള്‍ മൂന്നു പ്രാവശ്യം മഹാവിഷ്‌ണു അവരെ വധിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്നും അറിയിച്ചു.

ആയിടയ്‌ക്കാണ്‌ കശ്യപ മഹര്‍ഷി സന്ധ്യാവന്ദനം ചെയ്‌തുകൊണ്ടിരിക്കെ തന്റെ ഭാര്യ ദിതി കാമവിവശയായി അരികിലണഞ്ഞു. പൂജാകര്‍മ്മങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന തന്നെ കാമചാപല്യങ്ങള്‍ കാട്ടി ശല്യം ചെയ്യരുതെന്ന്‌ കശ്യപന്‍ പറഞ്ഞെങ്കിലും ദിതി കൂട്ടാക്കാതെ പതിയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ മഹര്‍ഷി അവളുടെ ഇംഗിതത്തിന്‌ വഴിപ്പെടേണ്ടി വന്നു. ആ സംഭോഗത്തില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, എന്നീ രണ്ടു രാക്ഷസന്മാരാണ്‌ പിറന്നത്‌. മുന്‍ പറഞ്ഞ ജയവിജയന്മാരാണ്‌ ഇപ്രകാരം രാക്ഷസരായി പിറന്നത്‌ . ഇവരെക്കൊണ്ട്‌ ഭൂലോക വാസികള്‍ ഭയവിഹ്വലരായി. (ഇവര്‍ അടുത്ത ജന്മത്തില്‍ രാവണനും കുംഭകര്‍ണ്ണനുമായും പിന്നത്തെ ജന്മത്തില്‍ ശിശുപാലനും ദന്തവക്ത്രനുമായി ജനിച്ചുവെന്നും ഭാഗവതത്തിലും അഗ്നി പുരാണത്തിലും പറയുന്നു)

ഹിരണ്യാക്ഷ - ഹിരണ്യ കശിപുക്കാള്‍ മുതിര്‍ന്നതോടെ ഉലകം ചുറ്റി ലോകപീഡയില്‍ മുഴുകി ആഹ്ലാദിച്ചു. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ഒരു ഗദയുമായി സമുദ്രത്തിലിറങ്ങി തിരമാലകള്‍ അടിച്ചിളക്കി സമുദ്രത്തെ കണക്കറ്റ്‌ പീഡിപ്പിക്കുന്നതുകണ്ട്‌ സമുദ്രാധിപനായ വരുണ ദേവന്‍ മഹാവിഷ്‌ണുവിനെ അഭയം പ്രാപിച്ചു. ഭഗവാന്‍ പന്നിയുടെ രൂപത്തില്‍ അവിടെയെത്തി. ഭഗവാനെ തിരിച്ചറിഞ്ഞ ഹിരണ്യാക്ഷന്‍ ഭൂലോകം കയ്യിലെടുത്ത്‌ പാതാളത്തിലേക്ക്‌ ഓടി മറഞ്ഞു. പക്ഷേ സകലതും അറിയുന്ന, സകലവും കാണുന്ന ഭഗവാന്‍ അവിടെയെത്തി അവനെ വധിച്ചു.
അവതാരരഹസ്യം (ഡോ. എന്‍.പി. ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക