Image

ബിഡിജെഎസ് ഒപ്പം ചേര്‍ന്നതോടെ ബിജെപിക്ക് തലയുയര്‍ത്തി നടക്കാനായെന്ന് തുഷാര്‍

Published on 21 February, 2020
ബിഡിജെഎസ് ഒപ്പം ചേര്‍ന്നതോടെ ബിജെപിക്ക് തലയുയര്‍ത്തി നടക്കാനായെന്ന് തുഷാര്‍
ചേര്‍ത്തല : ബിഡിജെഎസ് ഒപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് ബിജെപിക്ക് തല ഉയര്‍ത്താനായതെന്നു ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തില്‍   സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും വരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുടെ 35 – 40ശതമാനം സീറ്റ് ബിഡിജെഎസിന് അര്‍ഹതപെട്ടതാണെന്നും ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കി വരികയാണെന്ന് തുഷാര്‍  പറഞ്ഞു.

ഇന്നും എന്‍ഡിഎയുടെ സ്ഥിതി ദയനീയമാണെന്നും സംസ്ഥാന ഭരണം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഇല്ലെന്നും ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കുണ്ടായിരുന്ന 6 ശതമാനം വോട്ട് വിഹിതം, ബിഡിജെഎസ് ചേര്‍ന്നതോടെ 16 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ പാര്‍ട്ടിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി ലംഘിച്ചു. തുഷാര്‍ വെള്ളാപ്പള്ളി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഡിജെഎസിന് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐടിഡിസി മെംബര്‍ കെ.പത്മകുമാര്‍, സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സംഗീത വിശ്വനാഥന്‍, വി. ഉണ്ണിക്കൃഷ്ണന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, തഴവ സഹദേവന്‍, സന്ദീപ് പച്ചയില്‍, സിനില്‍ മുണ്ടപ്പള്ളി, രാജേഷ് നെടുമങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക