Image

നാട്ടിലെത്താതെ പ്രവാസി വോട്ട്: സുപ്രീം കോടതി വിധി ഏപ്രിലില്‍

Published on 20 February, 2020
നാട്ടിലെത്താതെ പ്രവാസി വോട്ട്: സുപ്രീം കോടതി വിധി ഏപ്രിലില്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിന് സൗകര്യമാവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീം കോടതി. ദുബായിലെ സംരംഭകന്‍ ഡോ.വി.പി. ഷംസീര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രവാസികള്‍ക്ക് പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ബില്‍ 2018 ഓഗസ്റ്റില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍, രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്‍ ലാപ്‌സായി. വീണ്ടും ബില്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഹര്‍ജിക്കാരനുവേണ്ടി ഹാരിസ് ബീരാന്‍ വാദിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും നാട്ടിലെത്താതെ വോട്ട് ചെയ്യാന്‍ സൗകര്യമനുവദിക്കണമെന്ന് ഹാരിസ് ബീരാന്‍ വാദിച്ചു. ഈ ആവശ്യത്തെ തിരഞ്ഞെടുപ്പു കമ്മിഷന്‍ എതിര്‍ക്കുന്നില്ലെന്നാണ് സൂചനയെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, കോടതിയില്‍ ഹാജരായിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി നിലപാട് വ്യക്തമാക്കിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക