Image

അപകടത്തില്‍ പരിക്കേറ്റവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: 20 ആംബുലന്‍സുകള്‍ അയച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ

Published on 20 February, 2020
അപകടത്തില്‍ പരിക്കേറ്റവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: 20 ആംബുലന്‍സുകള്‍ അയച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാനായി 20 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പത്ത് 'കനിവ്' 108 ആംബുലന്‍സുകളും പത്ത് സാധാരണ ആംബുലന്‍സുകളുമാണ് സര്‍ക്കാര്‍ അയച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇവരെ കേരളത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അതേസമയം, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ തിരുപ്പൂരിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തില്‍ 20 പേര്‍ മരണപ്പെട്ടിരുന്നു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതില്‍ 5പേര്‍ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരില്‍ 42 പേരും മലയാളികളാണ്.


കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ടി.ഡി. ഗിരീഷ്, ബൈജു എന്നിവര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്ബത്തൂര്‍-സേലം ബൈപ്പാസില്‍ ഇടയ്ക്കുള്ള മീഡിയന്‍ മറികടന്ന് വണ്‍വേ തെറ്റിച്ചെത്തിയ കണ്ടെയ്നര്‍ ലോറി ഇന്ന് പുലര്‍ച്ചെ മൂന്നേകാലിനാണ് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഇടിച്ചുകയറിയത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക