Image

ഫ്‌ളോറിഡാ ഡിസ്‌നി വേള്‍ഡിന് സമീപം വാഹനാപകടം- മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍

പി പി ചെറിയാന്‍ Published on 20 February, 2020
ഫ്‌ളോറിഡാ ഡിസ്‌നി വേള്‍ഡിന് സമീപം വാഹനാപകടം- മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍
ഫ്‌ലോറിഡാ: ഫ്‌ലോറിഡാ ഡിസ്‌നി വേള്‍ഡിനു സമീപമുള്ള നാഷണല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ മരിക്കുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ജോസഫൈന്‍ ( 76 ), മകള്‍ ജൂലി സ്മിത്ത് (41) കൊച്ചു മകള്‍ സ്‌ക്കാര്‍ലറ്റ് സ്മിത്ത് (5) എന്നിവര്‍ സംഭവ സ്ഥലത്തു വച്ചും മറ്റൊരു കൊച്ചുമകന്‍ ജാക്‌സണ്‍ സ്മിത്ത് (11) ആശുപത്രിയില്‍ വച്ചും മരിച്ചതായി ഫ്‌ലോറിഡാ ഹൈവേ പെട്രോള്‍ വക്താവ് അറിയിച്ചു. ഇതേ വാനിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ ഷാലി സ്മിത്ത് (10), സ്‌കയ്‌ലര്‍ സ്മിത്ത് (5) എന്നിവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന പിക്ക്പ് ട്രക്ക് മിനിവാനിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ തലകീഴായി മറിഞ്ഞു.  ട്രക്ക് ഓടിച്ചിരുന്ന െ്രെഡവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിനി വാനിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നു. എട്ടു പേര്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ രണ്ടു പേര്‍ ഷെയ്ന്‍ സ്മിത്ത് (43), വില്യം ഫെയ് (76) എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വക്താവ് പറഞ്ഞു.
ഫ്‌ളോറിഡാ ഡിസ്‌നി വേള്‍ഡിന് സമീപം വാഹനാപകടം- മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക