Image

യു.കെയില്‍ പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നു; ഇന്ത്യക്കാര്‍ക്ക് ഗുണകരം

Published on 19 February, 2020
യു.കെയില്‍ പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നു; ഇന്ത്യക്കാര്‍ക്ക് ഗുണകരം
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയന്‍ വിട്ട ബ്രിട്ടന്‍ മികവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നു.  2021 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരുന്ന പുതിയ സംവിധാനത്തില്‍ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിശ്ചിത പോയിന്റ് നേടുന്നവര്‍ക്കേ വീസ അനുവദിക്കൂ. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തുല്യ പരിഗണന. 

ജോലിയിലെ പ്രാവീണ്യം, യോഗ്യത, ശമ്പളം എന്നിവ അനുസരിച്ചാണ് പോയിന്റ്. ഇംഗ്ലിഷ് ഭാഷ നിര്‍ബന്ധമായും അറിയണം. കുറഞ്ഞ വാര്‍ഷിക ശമ്പളം 25,600 പൗണ്ട് (23.5 ലക്ഷം രൂപ). യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള  പ്രത്യേക പ്രാവീണ്യം വേണ്ടാത്ത സാധാരണ ജോലിക്കാരുടെ എണ്ണം 10,000 ആയി പരിമിതപ്പെടുത്തും.

ഇതനുസരിച്ച് 2004 നു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയവരില്‍ 70% പേരും പുതിയ നിബന്ധനകള്‍ അനുസരിച്ച് വീസയ്ക്ക് യോഗ്യരല്ലാതാവും. ഓരോ വര്‍ഷവും അനുവദിക്കുന്ന വീസയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.  പ്രത്യേക മേഖലകളില്‍ നിപുണരായ ഇന്ത്യക്കാരായ അപേക്ഷകര്‍ക്ക് ഇത് ഏറെ ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.

വിദ്യാര്‍ഥികള്‍ക്കും പുതിയ പോയിന്റ് സംവിധാനം ബാധകമായിരിക്കും. ബ്രിട്ടനിലെ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചതിന്റെ രേഖ, പഠനച്ചെലവ് വഹിക്കാനാവുമെന്നതിന്റെ രേഖ, ഇംഗ്ലിഷ് ഭാഷാ ജ്ഞാനം എന്നിവ സ്റ്റുഡന്റ് വീസയ്ക്കും നിര്‍ബന്ധം.ഓരോ മേഖലയിലും പ്രഗത്ഭരായ ജോലിക്കാരെ ബ്രിട്ടനിലേക്ക് ആകര്‍ഷിച്ച് സമ്പദ്!വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ നയരേഖയില്‍ പറയുന്നു. ഓരോ മേഖലയിലും നൈപുണ്യം നേടിയവര്‍ക്കു മാത്രമേ ഇനി വീസ അനുവദിക്കുകയുള്ളു.

 മികച്ച ശാസ്ത്രജ്ഞരെയും ഗവേഷകരെയും ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള ഗ്ലോബല്‍ ടാലന്റ് സ്കീം നാളെ പ്രാബല്യത്തില്‍ വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക