Image

ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച്‌ സി.പി.എം,​ റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്‌സൈറ്റില്‍

Published on 19 February, 2020
ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച്‌ സി.പി.എം,​ റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്‌സൈറ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സി.പി.എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ലോക്‌സഭാ തോല്‍വിക്കുശേഷം സംസ്ഥാന നേതാക്കള്‍ മലക്കംമറിയുമ്ബോഴാണ് നയവ്യതിയാനം ഇല്ലെന്ന് കാട്ടി കേന്ദ്രകമ്മിറ്റി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. റിപ്പോര്‍ട്ട് സി.പി.എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്ത്രീപുരുഷ സമത്വത്തിന് അനുകൂലമാണ് സി.പി.എം നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി നിലപാട് വിശദീകരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസം യോഗം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക നീക്കണമെന്ന് തീരുമാനിച്ചു.


യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സര്‍ക്കാരോ മന്ത്രിമാരോ പിന്നീട് കൈക്കൊണ്ടില്ല. വിധി വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്താണ് നേതാക്കളും മന്ത്രിമാരും പ്രതികരിച്ചത്. ഇത് സംബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട അടവുനയത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കേന്ദ്രകമ്മിറ്റി നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക