Image

തെളിവെടുപ്പിനെത്തിച്ച ശരണ്യക്ക്‌ നേരെ പ്രതിഷേധവും ശാപവാക്കുകളുമായി ജനക്കൂട്ടം

Published on 19 February, 2020
 തെളിവെടുപ്പിനെത്തിച്ച ശരണ്യക്ക്‌ നേരെ പ്രതിഷേധവും ശാപവാക്കുകളുമായി ജനക്കൂട്ടം


കണ്ണൂര്‍ | കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത്‌ ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ എറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. രാവിലെ ഒമ്പതരയോടെയാണ്‌ കനത്ത സുരക്ഷയില്‍ ശരണ്യയെ ഇവിടെയെത്തിച്ചത്‌. 

20 മിനുട്ട്‌ മാത്രം നീണ്ടുനിന്ന തെളിവെടുപ്പിന്‌ ശേഷം ശരണ്യയെ വീണ്ടും കണ്ണൂര്‍ സിറ്റി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. ശരണ്യയെ വൈകിട്ട്‌ കോടതിയില്‍ ഹാജരാക്കിയേക്കും. 

കൊലപാതകം നടത്തിയത്‌ ശരണ്യ തനിച്ചാണെന്നും ഭര്‍ത്താവ്‌ പ്രണവിനോ ശരണ്യയുടെ കാമുകനോ സംഭവത്തില്‍ പങ്കില്ലെന്നും കണ്ണൂര്‍ സിറ്റി സി ഐ. പി ആര്‍. സതീഷ്‌ പറഞ്ഞു.

തെളിവെടുപ്പിനിടെ ശരണ്യക്ക്‌ നേരെ ജനങ്ങളില്‍നിന്നും കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.
`ഞങ്ങളുടെ നാടിനെ അവള്‍ നാണം കെടുത്തി. ഞങ്ങള്‍ അമ്മമാരുടെ നെഞ്ചത്തടിച്ചിട്ടാണ്‌ അവള്‍ പോയത്‌. ഞങ്ങള്‍ അവളെ വെറുതെ വിടില്ല.

 ഈ കല്ലിന്റെ മുകളിലാണ്‌ അവളുടെ അവസാനം. കുഞ്ഞിനെ അവള്‍ എവിടെ എറിഞ്ഞുവോ അവിടെ എറിഞ്ഞ്‌ ഞങ്ങള്‍ അവളെ കൊല്ലും. ഇത്‌ ഞങ്ങള്‍ ദേശവാസികളുടെ പ്രതിജ്ഞയാണ്‌' ശരണ്യയെ തെളിവെടുപ്പിന്‌ എത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സ്‌ത്രീയുടെ വാക്കുകളാണിത്‌.

കണ്ണൂര്‍ സിറ്റി പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ പുറത്തിറക്കുമ്പോള്‍ തന്നെ, ആ ഭാഗത്തുണ്ടായിരുന്ന ആളുകള്‍ ശരണ്യക്കെതിരെ ശാപവാക്കുകളും പ്രതിഷേധവുമായി എത്തിച്ചേര്‍ന്നിരുന്നു. 

കൈക്കുഞ്ഞുങ്ങളുമായാണ്‌ പലരും എത്തിയത്‌. ഏറെ പണിപ്പെട്ടാണ്‌ പോലീസ്‌ ശരണ്യയെ സ്‌റ്റേഷനില്‍നിന്ന്‌ ഇറക്കിക്കൊണ്ടുവന്നത്‌.

ആദ്യം തയ്യില്‍ കടപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ്‌ ശരണ്യയെ കൊണ്ടുപോയത്‌. കൂട്ടനിലവിളിയായിരുന്നു ആ സമയത്തുണ്ടായത്‌. പിന്നീട്‌ കുഞ്ഞിനെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക്‌ ശരണ്യയെ കൊണ്ടുപോയി. 

അവിടെയെത്തിച്ചേര്‍ന്ന ആളുകള്‍ തെളിവെടുപ്പിനു പിന്നാലെ ശരണ്യയെ കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പ്രതിഷേധവുമായെത്തിയവരില്‍ അധികവും സ്‌ത്രീകളായിരുന്നു.

ഇത്രയും വലിയ ക്രൂരത ചെയ്‌ത മകള്‍ക്ക്‌ വധശിക്ഷ തന്നെ വേണമെന്ന്‌ ശരണ്യയുടെ പിതാവ്‌ വത്സരാജ്‌ പിന്നീട്‌ പ്രതികരിച്ചു. ഇത്തരം പെണ്‍കുട്ടികള്‍ ഭൂമിയിലുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക