Image

എം.എസ് മണി: പത്രപ്രവര്‍ത്തന രംഗത്തെ ഒറ്റയാന്‍ (ഏബ്രഹാം തോമസ്)

Published on 18 February, 2020
എം.എസ് മണി: പത്രപ്രവര്‍ത്തന രംഗത്തെ ഒറ്റയാന്‍ (ഏബ്രഹാം തോമസ്)
1975-ലാണെന്നാണ് ഓര്‍മ്മ. കലാകൗമുദി ആഴ്ചപ്പതിപ്പ് ആരംഭിച്ച കാലം. ബോംബെയില്‍ നിന്ന് പത്രപ്രവര്‍ത്തനം ഞാന്‍ ആരംഭിച്ചിട്ട് അഞ്ചു വര്‍ഷമായി. പ്രസിദ്ധ കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ രജീന്ദര്‍ സിംഗ് ബേദിയുമായി ഞാന്‍ നടത്തിയ അഭിമുഖം കലാകൗമുദിക്ക് എം.എസ് മണിയുടെ പേരില്‍ അയച്ചുകൊടുത്തു. ഏതാനും ദിവസങ്ങള്‍ക്കകം അഭിമുഖം അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നു എന്നും പ്രതിഫലമായി 75 രൂപയുടെ ചെക്ക് അയയ്ക്കുന്നുവെന്നും മണിയുടെ മറുപടി ലഭിച്ചു. സത്യത്തില്‍ ഞാന്‍ അമ്പരന്നു. അതുവരെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ നിന്നു മാത്രമേ എനിക്ക് പ്രതിഫലം ലഭിച്ചിരുന്നുള്ളൂ. ആദ്യമായാണ് ഒരു മലയാള പ്രസിദ്ധീകരണത്തില്‍ നിന്നു ചെക്ക് ലഭിക്കുന്നത്. ചെക്ക് കണ്ടപ്പോള്‍ സ്‌നേഹിതന്‍ പറഞ്ഞു: "എടോ വണ്ടിച്ചെക്കായിരിക്കും. ഇതു കാഷ് ചെയ്യുമോ എന്നു നോക്ക്'.

സ്‌നേഹിതന്റെ വാക്ക് തെറ്റാണെന്നു തെളിയിച്ചു ചെക്ക് കളക്ഷനിലൂടെ പാസായി. തുടര്‍ന്നു കലാകൗമുദിയില്‍ എന്റെ ലേഖനങ്ങള്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചുവന്നു. അടുത്ത വര്‍ഷം നാട്ടില്‍ ചെന്നപ്പോള്‍ പേട്ടയിലുള്ള കലാകൗമുദി ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടു. ജര്‍മ്മനിയില്‍ നിന്നു വരുത്തിയ എല്ലാം ഓട്ടോമാറ്റിക്കായി ചെയ്യുന്ന പുതിയ അച്ചടിയന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എനിക്ക് കാണിച്ചുതന്നു. ഓരോ കോപ്പിയിലും ഒരു ഫോറം വയ്ക്കുമ്പോള്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ കോപ്പി തിരസ്കരിക്കുന്ന സംവിധാനം വിവരിച്ചുതന്നു.

1976-ല്‍ കലാകൗമുദി ഫിലിം മാഗസിന്‍ ആരംഭിച്ചപ്പോള്‍ ബോംബെ ലേഖകനായി എന്നെ നിയമിക്കുകയും അര്‍ഹമായ പ്രതിമാസ വേതനം നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ഒരു സഹപത്രാധിപരുടെ ബന്ധുവിനെ ബോംബെ ലേഖകനായി നിയമിക്കുന്നതുവരെ ഞാന്‍ ജോലി തുടര്‍ന്നു. മണിയുമായുള്ള ഊഷ്മള ബന്ധത്തിനു ഒരു കോട്ടവും സംഭവിച്ചില്ല. 1977 ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ സംബന്ധിച്ചപ്പോള്‍ അവിടെ മണിയും, വി.കെ. മാധവന്‍കുട്ടിയും, കേരള കൗമുദി ലേഖകന്‍ രഘുനാഥുമൊപ്പം ദില്ലി മുഴുവന്‍ കറങ്ങിയത് ഓര്‍മ്മയില്‍ നില്‍ക്കുന്നു.

പാരമ്പര്യമായി ലഭിച്ച ഒരു ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും സംവിധാനങ്ങളും വിട്ടൊഴിഞ്ഞ് സ്വന്തമായി ഒരു പ്രസിദ്ധീകരണ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ മണിക്ക് താന്‍ കടന്നുപോന്ന പാതകളും, ജീവിത സമരങ്ങളും മറക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതായിരിക്കണം എന്നെപ്പോലെ പരശതം പത്രപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ അവസരങ്ങളും പ്രതിഫലങ്ങളും നല്‍കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.

മാധ്യമ പ്രവര്‍ത്തനം ഭീതിയോ, പ്രീതിയോ കൂടാതെ ആയിരിക്കണം എന്നു നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. പക്ഷെ ഇത് ജീവിതത്തില്‍ മാതൃകയാക്കിയവര്‍ ചുരുക്കമാണ് ഒറ്റയാനായി മാധ്യമപാതകളില്‍ മുന്നോട്ടുപോയി ഉയരങ്ങള്‍ കീഴടക്കുമ്പോഴും നിഷ്പക്ഷതയ്ക്ക് കോട്ടം തട്ടാന്‍ അദ്ദേഹം അനുവദിച്ചില്ല.

ഉന്നത നിലവാരം പുലര്‍ത്തിയ കലാകൗമുദി ആഴ്ചപ്പതിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസിദ്ധീകരണമായി മാറിയത് ചുരിങ്ങിയ കാലത്തിനുള്ളിലാണ്. ബോംബെയില്‍ നിന്ന് ആദ്യമായി ഒരു മലയാളം ദിനപ്പത്രം കലാകൗമുദി ആരംഭിക്കുകയും അതു വിജയമാകുകയും ചെയ്തു.

രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. കൗമുദി ഗാര്‍ഡന്‍സിലെ വീട്ടില്‍ അദ്ദേഹം ക്ഷീണിതനായി കണ്ടു. എങ്കിലും സാധാരണ സമ്മാനിക്കാറുള്ള ചെറു ചിരിയോടെ എന്നോട് ഏറെ നേരം സംസാരിച്ചു. മലയാള പത്രപ്രവര്‍ത്തന രംഗത്തിന്റെ പ്രതാപകാലത്തിന്റെ മറ്റൊരു പ്രതിനിധി കൂടി വിടവാങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക