ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡറുടെ മകള്‍ സോഫിയ നെഗാപ്രോണ്ടെ (27) അറസ്റ്റില്‍. മെരിലാന്‍ഡില്‍ യൂസഫ് റാസ്മുസ്സനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കൊലപാതകക്കുറ്റം ചുമത്തി സോഫിയയെ മോണ്ട്ഗോമറി കൗണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.
റാസ്മുസ്സനും സോഫിയയും പരിചയക്കാരായിരുന്നെന്നും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.
പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കീഴില്‍ യു.എന്‍ അംബാസഡറായും ഇറാഖിലെ അംബാസഡറായും സേവനമനുഷ്ഠിച്ച ജോണ്‍ നെഗാപ്രോണ്ടെയുടെ ദത്തുപുത്രിയാണ് സോഫിയ നെഗാപ്രോണ്ടെ. ബുഷ് അഡ്മിനിസ്ട്രേഷന്റെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായും, ബുഷിന്റെയും പ്രസിഡന്റ് ബരാക് ഒബാമയുടെയും കീഴില്‍ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും ജോണ്‍ നെഗാപ്രോണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.