Image

റവ. രാജു അഞ്ചേരിയുടെ 'ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം' (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 18 February, 2020
റവ. രാജു അഞ്ചേരിയുടെ 'ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം' (ജോര്‍ജ് പുത്തന്‍കുരിശ്)
ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം
ഗ്രന്ഥകാരന്‍: റവ. രാജു അഞ്ചേരി
ആദ്യ പ്രസിദ്ധീകരണം: ഒക്‌ടോബര്‍ 2016
ആസ്വാദനം : ജോര്‍ജ് പുത്തന്‍കുരിശ്


“എല്ലാ മനുഷ്യരും രണ്ടുലോകത്താണ് ജീവിക്കുന്നത്: ആദ്ധ്യാത്മികതയുടെ ആന്തരിക ലോകത്തും ബാഹേന്ദ്രിയഗോചരമായ ലോകത്തും. ആന്തരിക ലോകം എന്ന് പറയുന്നത്, ആദ്ധ്യാത്മികതയുടെ സീമകളെ, കല, സാഹിത്യം, സദാചാരമുറകള്‍, മതം എന്നിവയിലൂടെ പ്രകടമാക്കുന്നിടത്തെയാണ്. ബാഹേന്ദ്രിയഗോചരമായ ലോകമാകട്ടെ, സാങ്കേതികത്വം, യാന്ത്രിക പ്രവര്‍ത്തനം, അതിനുവേണ്ട പണിക്കോപ്പുകള്‍ തുടങ്ങി നമ്മളുടെ ജീവിതത്തിനാവശ്യമായ സങ്കീര്‍ണ്ണവും പ്രായോഗിക തന്ത്രങ്ങളും ഉള്‍പ്പെട്ട ഇടത്തെയാണ” റവ. രാജ്യ അഞ്ചേരിയുടെ ‘ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം” എന്ന ഗ്രന്ഥത്തിലൂടെ കടന്നുപോയപ്പോള്‍ മനുഷ്യ ദര്‍ശനത്തേയും ദൈവശാസ്ത്രത്തേയും ബന്ധിപ്പിക്കുവാന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂണിയറിന്റെ ഈ ചിന്ത ഉചിതമായി തോന്നി. അല്ലങ്കില്‍ വളരെ ലളിതമായി വിശകലനം ചെയ്യാന്‍, “ഇന്ന് നാം കാണുന്ന ഈ ദൃശ്യ ലോകത്തിനപ്പുറം വികാരവിചാരങ്ങളുടെ മാനസ്സിക വിക്ഷോഭങ്ങളുടെ അദ്യശ്യമായ ഒരു ആദ്ധ്യാത്മിക തലവും’ (ജീസസ് എ ന്യൂ വിഷന്‍) ഉണ്ടെന്നുള്ള ഡോ. മാര്‍ക്കസ് ജേ ബോര്‍ഗിന്റെ ചിന്തയോട് ചേര്‍ത്തു വച്ച് ചിന്തിക്കാവുന്നതാണ്. ഉറൂബിന്റെ കൃതികളിലൂടെ റവ. രാജു അഞ്ചേരി നമ്മളെ കൈ പിടിച്ചു കൊണ്ടുപോയി കുഴഞ്ഞു മറിഞ്ഞ ഈ ലോകത്തിനപ്പുറം നിലനില്ക്കുന്ന അദൃശ്യമായ സ്‌നേഹത്തിന്റേയും നന്മയുടേയും ഒരു ലോകം ഉണ്ടന്ന് കാണിച്ചു തരുന്നു.

ആദ്ധ്യാത്മികതയുടെ ആന്തരിക തലം ബാഹേന്ദ്രിയഗോചരമായ ഭൗതിക തലവുവുമായി ബന്ധപ്പെട്ടു നില്ക്കുന്നടിത്തോളം കാലം സംഘര്‍ഷപൂരിതമായിരിക്കും. അപ്പോസ്തലനായ പോളിന്റെ വാക്കുകളെ ഇതോട് ചേര്‍ത്ത് ചിന്തിക്കാവുന്നതാണ്. “ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല പകക്കുന്നതിനെ അത്രെ ചെയ്യുന്നത്” (റോമര്‍ 715). “തിന്മയുടെ ചെളിക്കുണ്ടില്‍ താഴുമ്പോഴും മനുഷ്യനില്‍ നന്മയുടെ പൂക്കള്‍ കണ്ടെത്താനുള്ള ശ്രമം, അനുഭവ സമ്പന്നമായ ജീവിതത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട പക്വത, ഇവയൊക്കെ ഉറൂബിന്റെ കഥകള്‍ കൂടുതല്‍ ഹ്യദ്യമാക്കുന്നു” എന്ന് റവ. രാജുഅഞ്ചേരി ഇവിടെ രേഖപ്പെടുത്തുമ്പോള്‍, ഉറൂബിന്റെ മനുഷ്യദര്‍ശനത്തിലെ ദൈവശാസ്ത്ര വിചിന്തനത്തില്‍ അദ്ദേഹം വായനക്കാരെ പങ്കാളികളാക്കി തീര്‍ക്കുന്നു. 

ഉറൂബിന്റെ തിരഞ്ഞെടുത്ത കഥകളിലെ, “ഒരു കള്ളനെയോ കൊലപാതകിയെയോ, ഒരു സിഐഡി ഉദ്യോഗസ്ഥനെപ്പോലെ ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. കുറ്റത്തിന് തെളിവുണ്ടാക്കുന്നതില്‍ ഞാന്‍ വിമുഖനായിരുന്നു. കുറ്റക്കാരനല്ലെന്നു വാദിക്കുന്നതിലും കുറ്റക്കാരനായതെങ്ങനെയാണെന്ന് അന്വേഷിക്കാനാണ് എന്റെ ഉത്സാഹം” എന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട്, ‘മനുഷ്യമനസ്സിലെ അഗാധതലങ്ങളെപ്പോലും സൂഷ്മ നിരീഷണത്തിന് വിഷയമാക്കിയിട്ടുള്ള കഥാകൃത്താണ് ഉറൂബ്” എന്ന് റവ. രാജു അഞ്ചേരി നിരീക്ഷിക്കുമ്പോള്‍ ഞാന്‍ ഇതിനോട് ചേര്‍ത്ത് ചിന്തിച്ചത്, യോഹന്നാന്റെ സുവിശേഷം (8) രേഖപ്പെടുത്തിയിരിക്കുന്ന ഒരു സന്ദര്‍ഭമാണ്. യേശു ദേവാലയത്തിലായിരിക്കുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും വേശ്യാവൃത്തിയില്‍ പിടി കൂടിയ ഒരു സ്ത്രീയെ അവന്റെ അരികില്‍ നിറുത്തിയിട്ട്, ഇങ്ങനെയുള്ളവരെ കല്ലെറിയെണമെന്ന് മോശയുടെ ന്യായപ്രമാണാത്തില്‍ കല്പിക്കുന്നു നീ എന്തു പറയുന്നു എന്ന് ചോദിച്ചു. യേശു അവരോട്, “നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ അവളെ ആദ്യം കല്ലെറിയട്ടെ” എന്ന് പറഞ്ഞു. അവര്‍ അവളെ എറിയാന്‍ കൊണ്ടുവന്ന കല്ലുകള്‍ ദൂരെ എറിഞ്ഞു പോയതിനു ശേഷം, യേശു നിവര്‍ന്നവളോട്, “സ്ത്രീയേ അവര്‍ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചതിന് ഇല്ല കര്‍ത്താവേ എന്നവള്‍ പറഞ്ഞു. “ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത്” എന്ന് യേശു പറഞ്ഞു. ഉറൂബിന്റെ നോവലുകളില്‍ ദൈവ ചിന്തകളെ റവ. രാജു അഞ്ചേരി ദര്‍ശിച്ചതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

മനുഷ്യമനസ്സുകളില്‍ എന്നും ഒരു മഹാഭാരത യുദ്ധം അരങ്ങേറുന്നുണ്ട്. അവന്റെ ഇന്ദ്രിയങ്ങള്‍ രുപകല്‌ന ചെയ്യുന്ന ദര്‍ശനവും അവന്റെ ജന്മസിദ്ധമായ ‘സത്യത്തിന്റെ ആത്മാവുമായുള്ള’ നിരന്തരമായ പേരാട്ടവും. റവ. രാജു അഞ്ചേരി, അദ്ദേഹത്തിന്റെ പഠനത്തിനായി തിരഞ്ഞെടുത്ത ഉറൂബിന്റെ കഥകളിലൂടെ ഇത് നമ്മള്‍ക്ക് തെളിമയോടെ കാട്ടിത്തരുന്നു. ‘രാച്ചിയമ്മ’യുടെ കഥയിലെ മനുഷ്യനാകട്ടെ, “നമ്മുടെ ആങ്ങള ചത്തതിന് ശേഷം സുഖം തോന്നിയത് നിങ്ങളെ കണ്ടപ്പോഴാണ്” എന്ന് ആത്മാര്‍ത്ഥമായി വിളിക്കാന്‍ കഴിയാതെ വികാരങ്ങളുടെ വേലിയേറ്റത്തില്‍ അവളില്‍ സന്നിവേശിക്കാന്‍ മോഹിച്ചതും, പിന്നീട് അവളുടെ സ്‌നേഹത്തിന്റെ മുന്നില്‍ അവന്റെ ‘മനുഷ്യത്വം വികസ്വരമാകുന്നതും’ മനുഷ്യ മനസ്സിലെ യുദ്ധങ്ങളെ തോല്പിക്കാന്‍ ദൈവിക സ്വഭാവമായ സ്‌നേഹത്തിന് മാത്രമെ കഴിയു എന്ന് എടുത്തു കാട്ടുന്നു.

‘നാം കാണുന്ന ദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ഒരു യാഥാര്‍ത്ഥ്യം ഉണ്ടെന്നും ആ യാഥാര്‍ത്ഥ്യം അഖണ്ഡമായ സ്‌നേഹശക്തിയില്‍ അധിഷ്ഠതമാണെന്നും അതിന്റെ പരമമായ സവിശേഷത ആര്‍ദ്രതയുമാണെന്ന” ഡോ. മാര്‍ക്കസ് ജെ ബോര്‍ഗിന്റെ ചിന്തയെ ആധാരമാക്കി റവ. രാജു അഞ്ചേരിയുടെ ഗവേഷണ വിഷയത്തെ നാം വിലയിരുത്തുമ്പോള്‍, വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ ദൈവശാസ്ത്ര വിചിന്തനത്തിന്റെ ഭാഗമാകാനെ കഴിയു. തമിഴ്‌നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്നയാളെ വീട്ടില്‍ കൊണ്ടു താമസിപ്പിച്ചു പരിചരിച്ച ‘ഒടയുന്തതേ ഒടയുന്തതെ’ യിലെ രാമനാശാരിയും, ചെകുത്താനെ പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച അടിമയാക്കിയ ‘വെളുത്ത കുട്ടിയിലെ’ കുഞ്ഞുമോനും, സമൂഹം പുറംതള്ളിയിട്ടും ‘നന്മയുടെ പൂക്കള്‍ വിരിയിക്കുന്ന ‘ രാമായണത്തിലെ രാജനും ജയയും, കുഞ്ഞിന്റെ കരച്ചിലു കേട്ട് കഠാരപ്പിടിയിലമര്‍ന്ന കൈ താനേ അയഞ്ഞു പോകുന്ന “പൊന്നു തൂക്കുന്ന തുലാസും പടച്ചോന്റെ ചോറി’ലെ മൗലവിയും, അനാഥ സ്ത്രീയെ കൂടെ ചേര്‍ത്ത് മറ്റുള്ളവരുടെ അനിഷ്ടം സമ്പാദിച്ച ‘പതിനാലാമത്തെ മെമ്പറിലെ’ മൗലവിയും, തുരുത്തില്‍ ഒറ്റപ്പെട്ട് മരണത്തെ അഭിമുഖീകരിച്ച് കഴിയുന്ന മനുഷ്യരെ രക്ഷിക്കാന്‍ അലറുന്ന കടലിലേക്ക് എടുത്തു ചാടുന്ന ‘കൊടുങ്കാറ്റിലെ’ മനുഷ്യരും , മനുഷ്യ സ്‌നേഹത്തിന്റെ പൂക്കള്‍ വിടര്‍ത്തുന്ന ‘വെപ്പാട്ടിയും’, മനുഷ്യത്വത്തിന്റെ ആര്‍ദ്രത വരച്ചു കാട്ടുന്ന ‘കുഞ്ഞിനൊരു കുപ്പായവും’, മരണത്തിലേക്ക് നടന്നടക്കുമ്പോഴും കര്‍മ്മോന്മുഖരായി നിന്നുകൊണ്ട് ‘ഭൗതിക തലങ്ങളെ ഉല്ലംഘിച്ച് ആത്മീയ തലങ്ങളെ’ കാട്ടി തരുന്ന മനുഷ്യ സ്‌നേഹികളുടെ കഥപറയുന്ന ‘സൂചിമുനയും റിസര്‍വ് ചെയ്യാത്ത ബര്‍ത്തും’, പുതിയ തലമുറയ്ക്ക് വേണ്ടി പഴയ തലമുറ ആഹ്വാനം ചെയ്യുന്ന ‘ഒരു മാവു കൂടി’, വന്യ മൃഗങ്ങളെ ഭയന്ന് നിലവിളിച്ച കഥാനായകനെ വീട്ടില്‍ പാര്‍പ്പിച്ച അജ്ഞാതന്റെ കഥ പറയുന്ന ‘നല്ല മന്ത്’, ‘ബാബു പോകുന്നു’, ‘വീട്’, ‘ഭഗവാന്റെ അട്ടഹാസം’, ‘ബിസിനസ്സ്’, മഞ്ഞിന്‍ മറയിലെ സൂര്യന്‍, ‘സര്‍വേക്കല്ല്’, ‘ഉള്ളവളും ഇല്ലാത്തവളും’, ‘ഒരു മരണം തിരിച്ചുപോയി’ തുടങ്ങിയ കഥകളെല്ലാം ദൈവീക ഭാവമായ ‘സ്‌നേഹത്തില്‍ പൊതിഞ്ഞ ആര്‍ദ്രതയുടെ നനവുള്ളവയാണ്.

“കേരള ഗ്രാമങ്ങളുടെ സൗന്ദര്യത്തെ അഗാധമായ ഹൃദയ ജ്ഞാനവുമായി കൂട്ടി കലര്‍ത്തിയാണ് ഉറൂബ് നോവലുകള്‍ രചിച്ചിട്ടുള്ളത്” എന്ന ഉറൂബിന്റെ നോവലുകളെക്കുറിച്ചുള്ള റവ. രാജു അഞ്ചേരിയുടെ പരാമര്‍ശം എന്നില്‍ കൗതകം ഉളവാക്കി. ‘മലരണി കാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി” എന്ന വരികളിലൂടെ കേരള ഗ്രാമങ്ങളുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ചങ്ങമ്പുഴ എന്ന കവിക്ക് കാണാന്‍ കഴിയാതെ പോയ സൗന്ദര്യത്തിന്റെ ഏത് ആഗാധ തലമാണ് ഉറൂബു തന്റെ ഹൃദയ ജ്ഞാനത്തിലൂടെ കണ്ടെത്തി എന്നറിയാനുള്ള ജിജ്ഞാസ എന്നില്‍ ഏറി വന്നു. അത്, ബാഹ്യമായ സൗന്ദര്യത്തെക്കാള്‍ മനുഷ്യ മനസ്സില്‍ അഗോചരമായ തലങ്ങളില്‍ വസിക്കുന്ന സ്‌നേഹംമെന്ന സുകുമാര ഗുണത്തെ കുറിച്ചാണന്ന് , റവ. രാജുഞ്ചേരിയുടെ ദൈവശാസ്ത്ര വിചിന്തനത്തിന് വിധേയപ്പെട്ട നോവലുകള്‍ വായിച്ചപ്പോള്‍ സുവ്യക്തമായി. മനുഷ്യ സൗഹൃദത്തിന്റെ കഥ പറയുന്ന ‘അമീന’യും’, മോഷ്ടിക്കുന്ന പുരുഷന്മാരും, ഭര്‍ത്താവിനെ വിട്ട് ഇറങ്ങാന്‍ പോകുന്ന ഭാര്യമാരും, ഗ്രാമത്തിന്റെ ധര്‍മ്മബോധം പ്രകടമാക്കുന്ന ഗോപാലന്‍ നായരുമൊക്കെ പ്രത്യക്ഷപ്പെടുന്ന ‘കുഞ്ഞമ്മയും കൂട്ടുകാരും, സുഖ ദുഃഖ സമാഹാരമാണ് ജീവിതം എങ്കിലും ഒരു പുഞ്ചരിയോടെ ജീവിത ദുഃഖങ്ങളെ നേരിടണമെന്ന ദര്‍ശനം നല്‍കുന്ന ‘ചുഴിക്കു പിമ്പേ ചുഴിയും’, ഇരുളും വെളിച്ചവും ഇടകലര്‍ന്നിരിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ ഉന്മേഷം പകരാന്‍ ശ്രമിക്കുന്ന ‘അമ്മിണിയിലെ ബലരാമനും, തകര്‍ന്നടിഞ്ഞ നാലുകെട്ടില്‍ സ്വന്തം മോഹങ്ങളുമായി മിണ്ടാപ്പെണ്ണ് ജീവിക്കുമ്പോഴും ഇരുള്‍ നിറഞ്ഞ തറവാട്ടില്‍ വെളിച്ചം തെളിയിക്കുന്ന മിണ്ടാപ്പെണ്ണിലെ കഞ്ഞു ലഷ്മിയുമെല്ലാം വായിച്ചു കഴിയുമ്പോള്‍ ഉറൂബ് കണ്ടെത്തിയ കേരള ഗ്രാമങ്ങളുടെ സൗന്ദര്യം അവിടെ ജീവിക്കുന്ന പച്ച മനുഷ്യരുടെ ഹൃദയത്തിന്റെ അഗാധതകളിലാണെന്നുള്ള, റവ. രാജു അഞ്ചേരിയുടെ ദൈവശാസ്ത്ര വിചിന്തനത്തെ, ചിന്തിക്കുന്ന ഒരു വ്യക്തിക്കും തള്ളി കളയാനാവില്ല.

സ്ത്രീഹൃദയത്തിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്നവയും, കുറ്റബോധത്തിന്റെ ആത്മസംഘര്‍ഷങ്ങളേയും, മനുഷ്യത്വത്തിന്റെ മൂക സാക്ഷികളേയും, ‘ജീവിതമെന്ന അനന്ത പ്രവാഹത്തിന്റെ വറ്റാത്ത ഉറവിടമായ സ്‌നേഹത്തേയും, പശ്ചാത്താപത്തിലൂടെ  പുതുജീവനത്തിന്റെ മാര്‍ഗ്ഗത്തേയും, മനുഷ്യ പ്രകൃതിയും ഭാഗധേയങ്ങളുമൊക്കെ ഉറൂബിന്റെ നോവലുകളായ ‘അമ്മിണിയും’, ‘ഉമ്മാച്ചുവും’ ദൈവശാസ്ത്രവിചിന്തത്തിന് വിധേയമാക്കി, റവ. രാജു അഞ്ചേരി, നാം ചീത്തയെന്ന് പറഞ്ഞു തള്ളി കളയുന്ന മനുഷ്യരിലെ നന്മയെ നമ്മള്‍ക്കായി  അനാവരണം ചെയ്യുന്നു. “ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രെ മാനസാന്തരത്തിന് വിളിപ്പാന്‍ വന്നിരിക്കുന്നത് “ (ലൂക്ക് 532) എന്ന യേശുവിന്റെ വാക്കുകളെ ഇതോട് ചേര്‍ത്ത് മനനം ചെയ്യാവുന്നതാണ്. റവ. രാജു അഞ്ചേരിയുടെ സൂഷ്മമായ വിചിന്തനത്തിന് വിധേയപ്പെട്ട ഉറൂബിന്റെ നോവലാണ് ‘സുന്ദരികളും സുന്ദരന്മാരും’. ‘വിശ്വത്തിന്റെ അതിരു തേടുന്ന വിശ്വം’, സഹനത്തിന്റെ ഭൂമിദേവിയായ രാധ, സുലൈമാന്‍ എന്ന ‘സ്‌നേഹത്തില്‍ അലിയുന്ന ഇരുമ്പ’്, ‘ആദര്‍ശവാദിയായ കുഞ്ഞിരാമന്‍’, ‘ഞാന്‍ ഞാന്‍ മാത്രം ‘എന്ന വേലുമ്മാവന്‍’ കലയുടെ മായാലോകത്ത് ജീവിക്കുന്ന ലക്ഷ്മിക്കുട്ടിയും ഗോപിക്കുറുപ്പും’ ‘ആശാന്തയായ ശാന്ത’, ‘സ്വപ്നക്കാരി പെണ്ണ് കദീജയുടെ മകള്‍’, ഇവരൊക്കൊയാണ് ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിലെ ആത്മ സൗന്ദര്യത്തെ വെളിപ്പെടുത്തുന്ന സുന്ദരികളും സുന്ദരന്മാരുമായ കഥാപാത്രങ്ങള്‍. ഉറൂബു എന്ന എഴുത്തുകാരന്‍ എതു മാനദണ്ഡം ഉപയോഗിച്ചാണ് ഈ കഥാപാത്രങ്ങളില്‍ സൗന്ദര്യം കണ്ടെത്തുന്നതെന്നും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍ ദൈവത്തിന്റെ സവിശേഷതകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന റവ. രാജു അഞ്ചേരിയുടെ കാഴ്ചപ്പാടുകള്‍ ശരിയാണോ എന്നും, പരമ്പരാഗതമായി നാം മനസ്സിലാക്കി വച്ചിരിക്കുന്ന ദൈവ സങ്കല്പങ്ങളും , പ്രവര്‍ത്തനവുമായി ഒരു എറ്റുമുട്ടലിന് സാദ്ധ്യതയുണ്ട്. പക്ഷെ, ഉറൂബിനോടും റവ. രാജു അഞ്ചേരിയോടും ചേര്‍ന്നു നിന്നുകൊണ്ട് ചിന്തിച്ചാല്‍, അവരുടെ ദര്‍ശനത്തേയും വിചിന്തനത്തേയും ആര്‍ക്കും നിരസിക്കാനാവില്ല.

ദൈവത്തെ കുറിച്ചും ദൈവത്തിന്റെ സ്വഭാവ വിശേഷങ്ങളെക്കുറിച്ചുമുള്ള പൊതുവായ ധാരണകളെ അവഗണിച്ചുകൊണ്ടാണ്, വായനക്കാരെ, ഉറൂബും, റവ. രാജു അഞ്ചേരിയും അവരുടെ ചിന്തകളിലൂടെ നന്മയും, സ്‌നേഹവും, കരുണയും, ആര്‍ദ്ദ്രതയും കുടുകൊള്ളുന്ന മനുഷ്യമനസ്സിന്റെ സൗന്ദര്യത്തെ വായനക്കാര്‍ക്കായി തുറന്നു കാട്ടുന്നത്. പലപ്പോഴും നാം പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നല്ലാ നന്മ വരുന്നതെന്ന് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സുഖാര്‍ എന്ന ശമരിയാ പട്ടണത്തിലെ യാക്കോബിന്റെ ഉറവയുടെ അരികില്‍ വച്ചുള്ള, യേശുവും ശമര്യസ്ത്രീയും തമ്മിലുള്ള സംഭാഷണം വളരെ ശ്രദ്ധേയമാണ്. (യോഹന്നാന്‍ 4) ശമര്യക്കാരി സ്ത്രീ, “ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്‌കരിച്ചു വന്നു; നമസ്‌കരിക്കേണ്ട സ്ഥലം യെരുശലേമില്‍ ആകുന്നു എന്ന് നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു.” യേശു അവളോട് പറഞ്ഞത്, ‘സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്‌കരിക്കുന്നത് ഈ മലയിലും അല്ല യെരുശലേമിലും അല്ല എന്ന നാഴിക വരുന്നു.” എന്നു പറഞ്ഞു. സമൂഹം ആ സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീ വിശ്വസിക്കുന്നത്, “നമസ്‌കരിക്കേണ്ട സ്ഥലം യെരുശലേമില്‍ ആകുന്നു” എന്ന്. എന്നാല്‍ യേശു അത് തിരുത്തുകയും, അവളോട് ‘നിത്യജീവങ്കലേക്ക് പൊങ്ങി വരുന്ന നീരുറവ’ ആത്മാവില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഓര്‍പ്പിച്ചുകൊണ്ട് ആത്മ സൗന്ദര്യത്തിന്റെ ഉറവിടം എവിടെയാണെന്ന് വെളിപ്പെടുത്തി കൊടുക്കുന്നു. ഉറൂബിന്റെ കഥയിലേയും നോവലിലേയും സാധാരണ മനുഷ്യരില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍, സമൂഹം തള്ളി കളഞ്ഞവരിലെ സൗന്ദര്യത്തിന്റെ നീരുറവകള്‍ അവരുടെ ആഃ്മാവിന്റെ അഗാധ തലങ്ങളിലേക്ക് നോക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുമെന്ന് റവ. രാജു അഞ്ചേരി അദ്ദേഹത്തിന്റെ ദൈവശാസ്ത്ര വിചിന്തനത്തിലൂടെ നമ്മെ ഉറപ്പിക്കുന്നു. ഒരു പക്ഷെ ഈ ആത്മ സൗന്ദര്യത്തിന്റെ ഉറവിടംമായിരിക്കും ഗിരിപ്രഭാഷണത്തിലൂടെ യേശു തന്റെ കേള്‍വിക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചത്. ഈ ആത്്മസൗന്ദര്യമായിരിക്കും ടോള്‍സേ്‌റ്റോയിയെ കൊണ്ട്, “ദി കിംഗ്ഡം ഓഫ് ഗോഡ് വിത്തിന്‍ യൂ’ എന്ന ഗ്രന്ഥം എഴുതിപ്പിച്ചതും, മഹാത്മാ ഗാന്ധിക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ, നന്മയുടെയും സ്‌നേഹത്തിന്റെ മാര്‍ഗ്ഗമായ അക്രമരാഹ്യത്തിലൂടെ, നയിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു കൊടുത്തതും.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ശക്തരായ വക്താക്കളായ തകഴിയും , വിശ്വപ്രശസ്ത നോവലിസ്റ്റായ ഡോസ്‌റ്റോയെവ്‌സ്‌ക്കിയും റവ. രാജു അഞ്ചേരിയുടെ ദൈവശാസ്ത്ര വിചിന്തനത്തിന് വിധേയപ്പെട്ടിട്ടുണ്ട്. “ഉറൂബും തകഴിയും മനുഷ്യ നന്മയില്‍ വിശ്വസിക്കുന്നവരാണ് ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരാണ് കമ്മ്യൂണിസത്തിന്റെ സാമൂഹ്യപഗ്രഥനമാണ് തകഴിയെ അതിന് പ്രേരിപ്പിക്കുന്നതെങ്കില്‍, ഗാന്ധീയസത്തിന്റെ സ്വാധീനമാണ് ഉറൂബില്‍ മുന്നിട്ട് നില്ക്കുന്നത്” എന്ന് റവ. രാജീ അഞ്ചേരി പ്രതിപാദിക്കുമ്പോള്‍ എങ്ങനെ കമ്മ്യൂണിസവും ഗാന്ധിയിസവും കൈകോര്‍ത്തുപോകും എന്ന ശങ്ക വായനക്കാരില്‍ ഉണ്ടാകാം. പക്ഷെ നാം അതിനെ സുക്ഷ്മമായി വിചിന്തനം ചെയ്യുമ്പോള്‍, രണ്ടിലേയും അടിസ്ഥാന ഘടകം ഒന്നുതന്നെയായ നന്മ തന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിയും. “മനുഷ്യന്‍ സ്വതന്ത്രനാണ് ഈശ്വരോന്മുഖമായി നന്മയുടെ ഔന്നത്യത്തിലേക്കോ, തിന്മയുടെ അഗാധതയിലേക്കോ അവന് ചെന്നെത്താം. ഇവാനെപ്പോലെ വേണമെങ്കില്‍ ഈശ്വരനെ നിഷേധിക്കാം. ദൈവത്തിന്റെ പ്രപഞ്ച സംവിധാനത്തില്‍ തന്നെ മനുഷ്യന്‍ സ്വതന്ത്രനാണെന്ന് ഡോസേ്റ്റായെവ്‌സ്‌ക്കി വിശ്വസിക്കുന്നു.” എന്ന റവ. രാജു അഞ്ചേരിയുടെ വിലയിരുത്തലിനെ, യാഥാര്‍ത്ഥ സ്വാതന്ത്യം എന്താണ് എന്ന് ചിന്തിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അത് മറ്റൊന്നുമല്ല ‘സ്വതന്ത്രമാക്കുന്ന സത്യം” തന്നെയാണ്. പക്ഷെ വയലാറിന്റെ കവിതയിലെന്നപോലെ, “സ്വര്‍ണ്ണ പാത്രംകൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശ്വാശതസത്യം.”

ഇന്ന് ലോകത്തിലെ ഒരോ സംഭവ വികാസങ്ങളേയും വിലയിരുത്തുമ്പോള്‍, പ്രത്യേകിച്ച് ദൈവിക സ്വഭാവത്തെ ആധൂനിക ലോകം വിലയിരുത്തുന്നത് കാണുമ്പോള്‍, ഉറൂബിന്റെ മനുഷ്യദര്‍ശനത്തിന് എന്ത് പ്രസക്തിയെന്ന് തോന്നിപോകും. ‘സമൂഹം തഴഞ്ഞവരും, സമൂഹത്തില്‍ മാറി നടന്നവരും തഴയപ്പെടേണ്ടവരല്ലെന്നും , അവരെ സ്‌നേഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരണെമെന്ന’ ഉറൂബിന്റെ വിശ്വാസത്തെ കുറിച്ച് റവ. രാജു അഞ്ചേരി രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണം വായിക്കുമ്പോള്‍ ഗാലലിയുടെ താഴ്‌വാരങ്ങളില്‍ പാശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടിയില്‍ നന്മ നിറഞ്ഞവരെ തേടി സ്‌നേഹത്തിന്റെ കൈത്തിരിയുമായി ചെന്ന യേശുവിനെ ആര്‍ക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയും? പക്ഷെ ആധുനിക ദൈവശാസ്ത്ര ചിന്ത ദൈവത്തെ ‘മറ്റൊരു ദേശത്ത്’ തിരയാന്‍ പ്രേരിപ്പിക്കുമ്പോള്‍, റവ. രാജു അഞ്ചേരിയുടെ ദൈവശാസ്ത്ര ചിന്ത പറയുന്നു, “ദൈവം മറ്റൊരു ദേശത്താണെന്ന് വെറുതെ വിശ്വസിക്കുന്നവരെ, വെറുതെ വിശ്വസിക്കുന്നവരെ ഇവിടെതന്നെ ദൈവവും ചെകുത്താനും ഇവിടെ തന്നെ” (വയലാര്‍) അല്ലെങ്കില്‍ പറയുന്നു “ദൈവരാജ്യം നിങ്ങളുടെ (മനുഷ്യരുടെ)ഇടയില്‍ തന്നെയെന്ന്.

ഉറൂബിന്റെ കൃതികളുടെ പശ്ചാത്തലം. എബ്രായക്രൈസ്തവ ദര്‍ശനം, പരിണാമ ദര്‍ശനം, ഭാരതീയ ദര്‍ശനം, ജൈനവീഷണം, ബുദ്ധമത ദര്‍ശനം, മാര്‍ക്‌സിയന്‍ ദര്‍ശനം, മലയാള ഭാഷയുടെ ഉല്പത്തിയും വികാസവും, തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് റവ. രാജു അഞ്ചേരി ഉറൂബിന്റെ മനുഷ്യദര്‍ശനവും ദൈവശാസ്ത്ര വിചന്തനത്തിന് വിധേയപ്പെടുത്തുന്നത്. വിചിന്തനത്തിന് പര്യാലോചന ചര്‍ച്ച എന്നൊക്കെ അര്‍ത്ഥം കാണുന്നുണ്ട്. ആര്‍ദ്ദ്രത നിറഞ്ഞ സ്‌നേഹം ദൈവത്തിന്റെ ഏറ്റവും മഹത്വരമായ ഗുണമാണെങ്കില്‍ അത് ഉറൂബിന്റെ കഥാപാത്രങ്ങളില്‍ വളരെ സ്പഷ്ടമായി ഒരു സത്യാന്വേഷിക്ക് കാണാന്‍ സാധിക്കും. അത് റവ. രാജു അഞ്ചേരി വളരെ അസിന്ദഗ്ദ്ധമായി തെളിയിച്ചിട്ടുമുണ്ട്. എങ്കിലും വിചിന്തനം എന്ന വാക്കില്‍ ആ ദൃഡത ദൃശ്യമല്ല. ഒരു പക്ഷെ വായനക്കാരുടെ ചര്‍ച്ചക്കും പ്രതികരണത്തിനുമായി ആ വാക്ക് തിരഞ്ഞെടുത്തതാവാം. വളരെ നാളുകളായി റവ. രാജു അഞ്ചേരി അച്ചന്‍ എനിക്ക് തന്ന ഈ മുത്ത് കൈയിലിരിക്കുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് വായിക്കാന്‍ കഴിഞ്ഞത്. വളരെ ഗൗരവത്തോടെ വായിക്കേണ്ട ഒരു പുസ്തകമാണിത്. വി. സി. ബാലകൃഷ്ണപ്പണിക്കര്‍ അദ്ദേഹത്തിന്റെ “ഒരു വിലാപം”എന്ന കവിതയില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ,

“സാരാനര്‍ഘപ്രകാശപ്രചുരിമ പുരളും
ദിവ്യരത്‌നങ്ങളേറെ
പ്പാരാവാരത്തിനുള്ളില്‍ പരമിരുള്‍നിറയും
കന്ദരത്തില്‍ കിടപ്പൂ”

സാരവത്തും അമൂല്യമായ പ്രകാശധിക്യത്തോടു കൂടിയ എത്രയോ രത്‌നങ്ങള്‍ സമുദ്രത്തിന്റെ അഗാധതയില്‍ ഇരുള്‍ മൂടിയ കുഴികളില്‍ കിടപ്പുണ്ട്. എന്നാല്‍ ആ അഗാധതയിലേക്ക് ഇറങ്ങിചെന്ന് അത് ഉത്ഖനനം ചെയ്യാന്‍ ആരും മിനിക്കെടാറില്ല. 

‘സ്വന്തം ജീവന്‍ നല്‍കിയും മറ്റുള്ളവരുടെ ജീവിന്‍ രക്ഷിക്കാന്‍’ തയ്യാറാവുന്ന സാധാരണ മനുഷ്യരില്‍ കുടികൊള്ളുന്ന നന്മ കാണാന്‍ നമ്മള്‍ക്ക് കഴിയാതെ പോകുന്നു. നാം നന്മയുടെ ഉറവിടം തേടി പുണ്യസ്ഥലങ്ങളും വിശുദ്ധ സ്ഥലങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ നമ്മളുടെ പിതാക്കന്മാര്‍ നമസ്‌കരിച്ച മലകളില്‍ നന്മ കാണാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 

ചിന്തോദ്ദീപകമായ ഈ ഗ്രന്ഥം സഹിത്യ കുതുകികളും, എഴുത്തുകാരും വായിച്ചിരിണ്ടേതാണ്. എന്തുകൊണ്ട് ഉറൂബും, തകഴിയും, ഡോസ്‌റ്റോയെവ്‌സ്‌ക്കിയുമൊക്കെ മനുഷ്യ മനസ്സില്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. റവ. രാജു അഞ്ചേരി അച്ചന് സര്‍വ്വ നന്മകളും നേര്‍ന്നുകൊണ്ട്, ആശയസാന്ദ്രമായ അദ്ദേഹത്തിന്റെ ‘ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം’ എന്ന ഗ്രന്ഥത്തിന്റെ ഉപരിപ്ലവമായ ആസ്വാദനത്തില്‍ നിന്ന് ഞാന്‍ വിരമിക്കുന്നു. 
റവ. രാജു അഞ്ചേരിയുടെ 'ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം' (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക