Image

ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും

Published on 17 February, 2020
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും
ഹ്യൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലിന് ചിക്കാഗോയില്‍ നടക്കും.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി തിരി തെളിച്ചു പ്രവര്‍ത്തനോദ്ഘാടനം നടത്തും. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവിയുടെ എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, മുഖ്യാതിഥി ആയിരിക്കും.

ഐപിസിഎന്‍ ചിക്കാഗോ ചാപ്റ്റര്‍ ആതിഥ്യമരുളുന്ന ചടങ്ങിന് ഇല്ലിനോയി മോര്‍ട്ടന്‍ ഗ്രോവ് ലയോണ്‍സ് സ്ട്രീറ്റിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. ദേശീയ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ വര്‍ണ ശബളമായ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടന്നു വരുന്നു.

പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഭരണസമിതിയുടെ 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചിക്കാഗോയില്‍ ഏപ്രില്‍ നാലിനു തുടക്കമാവുക. അമേരിക്കയിലെയും കേരളത്തിലെയും മാധ്യമപ്രവര്‍ത്തകരെ സമന്വയിപ്പിച്ചു കൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും നടപ്പിലാക്കുന്നതെന്നു ജോര്‍ജ് കാക്കനാട് പറഞ്ഞു. സാമൂഹിക, സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികളാണ് അണിയറിയില്‍ ഒരുങ്ങുന്നതെന്നും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വിവിധ ചാപ്റ്ററുകളുമായി സഹകരിച്ച് ഇവ നടപ്പിലാക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇതു കൂടാതെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വിവിധ പദ്ധതികള്‍ക്കും പത്രപ്രവര്‍ത്തന രംഗത്തെ പ്രായോഗിക മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളും തുടരും.

മാധ്യമപ്രവര്‍ത്തനത്തിന് ആധുനിക മുഖം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്നു ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. കൂടുതല്‍ സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തുന്ന കര്‍മ്മപരിപാടികള്‍ക്കാണ് ഐപിസിഎന്‍എയുടെ പുതിയ ഭരണസമതി വിഭാവനം ചെയ്യുന്നതെന്നു ട്രഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ ബിനു ചിലമ്പത്ത്, സജി എബ്രഹാം, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം എന്നിവരടങ്ങുന്ന ഭരണസമിതിയ്ക്ക് എട്ടോളം ചാപ്റ്ററില്‍ നിന്നുള്ള ശക്തമായ പിന്തുണയുമുണ്ട്.

പ്രവര്‍ത്തനപരിപാടികളുടെ വിപുലമായ ഉദ്ഘാടനം കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച കൊല്ലം സ്വദേശിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. കോണ്‍ഗ്രസ് നേതാക്കളില്‍ വ്യക്തിത്വം കൊണ്ടു ശ്രദ്ധ നേടിയ ഉണ്ണിത്താന്‍ തലശേരിയില്‍ നിന്നും കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചത് കാസര്‍ഗോഡ് നിന്നായിരുന്നു. കെപിസിസിയുടെ മുന്‍ വക്താവ് എന്ന നിലയില്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ള ഉണ്ണിത്താന്‍ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനുപരി കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഉണ്ണിത്താന്‍ സാമൂഹികസേവന രംഗത്തും ഏറെ പ്രശസ്തനാണ്.

രാഷ്ട്രീയ നേതാക്കളില്‍ നിന്നും അതു കൊണ്ടു തന്നെ വ്യത്യസ്തനാകുന്ന ഉണ്ണിത്താനാണ് ഐപിസിഎന്‍എയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്.

കേരളത്തിലെ മാധ്യമപ്രമുഖനും കൈരളി ടിവിയുടെ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് മുഖ്യാതിഥി ആയിരിക്കും. ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബ്രിട്ടാസ് തുടര്‍ന്നു ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍ വാര്‍ത്താ വായനക്കാരനായി. നിലവില്‍ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമാണ്.

ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോര്‍ട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിലൂടെയും ശ്രദ്ധേയനായി.
അമേരിക്ക-ഇറാക്ക് യുദ്ധം നടക്കുമ്പോള്‍ കൈരളി ചാനലിനു വേണ്ടി ഇറാക്കില്‍ നേരിട്ട് പോയി വാര്‍ത്തകള്‍ നല്‍കിയിരുന്നു. റസൂല്‍ പൂക്കുട്ടിയുടെ ആത്മകഥനമായ എന്റെ കാതൊപ്പുകള്‍ എന്ന പുസ്തകം  ബ്രിട്ടാസിന്റേതായിട്ടുണ്ട്. മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, കെ.വി. ഡാനിയേല്‍ പുരസ്‌കാരം, അച്ചടിമാധ്യമ രംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഗോയങ്ക ഫൗണ്ടേഷന്റെ ഫെലോഷിപ്പ് എന്നിവയും ബ്രിട്ടാസ് കരസ്ഥമാക്കിയിട്ടുണ്ട്.

അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ പല പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിനായി ഇന്ത്യാ പ്രസ്‌ക്ലബ് അംഗങ്ങളും കേരളത്തില്‍
നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും കേരളത്തില്‍ നിന്ന് മാധ്യമ, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും തുടര്‍ന്നുള്ള
ചടങ്ങില്‍ പങ്കെടുക്കുമെന്നും വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ് അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക