Image

പാരമൗണ്ട് ലിറ്റററി അവാര്‍ഡ് വിതരണം ഫെബ്രുവരി 23 ന്

Published on 15 February, 2020
പാരമൗണ്ട് ലിറ്റററി അവാര്‍ഡ് വിതരണം ഫെബ്രുവരി 23 ന്

ദോഹ : ശ്രദ്ദേയരായ ഗ്രന്ഥകാരന്‍മാരെ അംഗീകരിക്കുകയും വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് വിതരണം ഫെബ്രുവരി 23ന് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂര്‍, ചലചിത്ര നടനും കലാസാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ദേയ സാന്നിധ്യവുമായ മനോജ് കെ ജയന്‍, അധ്യാപികയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ. കെ.എക്‌സ് ട്രീസ ടീച്ചര്‍, ഗ്രന്ഥകാരനായ ബേപ്പൂര്‍ മുരളീധര പണിക്കര്‍, എഴുത്തുകാരന്‍ ഒ.പി ഹരീശന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂര്‍, സുപ്രഭാതം മാനേജിംഗ് എഡിറ്റാണ്. സി.എച്ചിന്റെ കഥ, മമ്മുട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍, ക്ഷമയുടെ മിനാരങ്ങള്‍, പ്രശസ്തരുടെ പ്രണയങ്ങള്‍, കാലം കാലൊച്ച കേള്‍പ്പിക്കുന്നു, ചിരിക്കൂട്ട് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നാലര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന നവാസ് രണ്ട് തവണ കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കേരള ചലചിത്ര അക്കാദമി, കേരള ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട്, നെഹ്റു യുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ അഡൈസറി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. ഷാര്‍ജ കലാ അവാര്‍ഡ്, ഭാഷാസമന്വയ വേദി അഭയദേവ് പുരസ്‌കാരം, ഇ. മൊയ്തു മൗലവി അവാര്‍ഡ്, സി.എച്ച് അവാര്‍ഡ്, അക്ഷരം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. റിട്ട ജഡ്ജ് ടി അബ്ദുല്‍ മജീദ് പി.സി കുട്ടി ബി ദമ്പതികളുടെ മകനാണ്. സി.ടി ഖമറുന്നിസയാണ് ഭാര്യ. ക്ലീന്‍ ആന്റ് ഹൈ ജിന്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൈസി നവാസ് മകളാണ്. സി.ആന്‍ഡ്.എച്ച്.സി എം ഡി യാസീന്‍ ഹസന്‍ ജാമാതാവാണ്.

കര്‍ണാടക സംഗീതജ്ഞനായ കെ.ജി ജയന്റേയും അധ്യാപികയായിരുന്ന വി. സരോജിനിയുടെയും മകനായി കോട്ടയത്ത് ജനിച്ച മനോജ് കെ. ജയന്‍ കോളജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂര്‍ത്തിയാക്കി 1990ല്‍ പെരുന്തച്ചനിലൂടെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. 1992ല്‍ പുറത്തിറങ്ങിയ സര്‍ഗത്തിലെ 'കുട്ടന്‍ തമ്പുരാന്‍' എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സര്‍ഗം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും 'കുട്ടന്‍ തമ്പുരാനെ' അവതരിപ്പിച്ചത് മനോജായിരുന്നു. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ നായകവേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.

മണിരത്നം സംവിധാനംചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയില്‍ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങള്‍ ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ അടക്കം ഇരുപത്തഞ്ചോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍, ഭരതന്‍ തുടങ്ങിയ മലയാളത്തിലെ വിഖ്യാത സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് മൂന്നു തവണ സംസ്ഥാന അവാര്‍ഡും നിരവധി തവണ ഫിലിം ഫെയര്‍ അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നായകന്‍, ഉപനായകന്‍, വില്ലന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന റോളുകളില്‍ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ഒരു മികച്ച ഗായകന്‍ കൂടിയാണ്. മുപ്പത്തിരണ്ട് വര്‍ഷമായി സിനിമയില്‍ സജീവമാണ്.

ഭാര്യ ആശ, മകള്‍ തേജാലക്ഷ്മി, മകന്‍ അമൃത് എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ താമസിക്കുന്നു.

അധ്യാപിക, ഗായിക, നര്‍ത്തകി, കവയത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലിസീരിയല്‍ കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായ ഡോ. കെ.എക്സ്. ട്രീസ ടീച്ചര്‍ വിവിധ വിഷയങ്ങളില്‍ ഒരു ഡസനോളം പി.ജി. നേടിയ ഇന്ത്യയിലെ ഏക വനിതയാണ്. 32 വര്‍ഷത്തോളം കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കറി സ്‌കൂളില്‍ ടീച്ചറായിരുന്നതിനുശേഷം കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമിയില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. മലയാളത്തിലും ഇന്ത്യന്‍ സംഗീതത്തിലും ബിഎ ബിരുദങ്ങളുള്ള ട്രീസ ടീച്ചര്‍ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കര്‍ണാട്ടിക് മ്യൂസിക്, സംസ്‌കൃത വ്യാകരണം സംസ്‌കൃത സാഹിത്യം, സംഗീതം, ഭരതനാട്യം, യോഗ, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പന്ത്രണ്ടോളം പിജിയാണ് സ്വന്തമാക്കിയിട്ടുള്ളത്. 'യവനിക ഉയരുമ്പോള്‍', 'രംഗവേദി', 'സദസ' എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. ടീച്ചര്‍ രചിച്ച കാത്തിരുന്ന കാലം എന്ന നോവല്‍ 2000ല്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ട്രീസ്സ ടീച്ചര്‍ രചിച്ച 'സംഗീതാഭിമുഖം', 'സംഗീതത്തേന്‍' തുടങ്ങി നാല് പുസ്തങ്ങള്‍ താമസിയാതെ പുറത്തിറങ്ങും. റിട്ട. സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി. സക്കറിയയാണ് ഭര്‍ത്താവ്. സ്വീറ്റി, പ്രിറ്റി, ട്വിറ്റി എന്നിവര്‍ മക്കളാണ്.

ജ്യോതിഷം, നാടക രചന, സാംസ്‌കാരിക പ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ ആദ്യമായി രചിച്ച നാടകം മുഹബത്ത് ബേപ്പൂര്‍ യുവഭാവന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് അരങ്ങില്‍ ആവിഷ്‌കരിച്ചത്. പാഥേയം, അഴിനില, മൂകസന്ധ്യ, സ്നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓര്‍മ്മയ്ക്ക്, മണ്‍തോണി, ബേപ്പൂര്‍ തമ്പി, സീതാപതി എന്നീ കൃതികളുടെ കര്‍ത്താവാണ്. ആര്യഭട്ടീയം, ഭാസ്‌കരീയം ജ്യോതിഷശ്രേഷ്ഠാചാര്യ, പരാശരി, കര്‍മ്മ-കീര്‍ത്തി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ജ്യോതിപണ്ഡിതനും പ്രഗത്ഭനുമായിരുന്ന തിരുമലയില്‍ കളരിക്കല്‍ തറവാട്ടിലെ വേലുക്കുട്ടി പണിക്കരുടെ മകന്‍ ഭാസ്‌കരപണിക്കരുടെ മകനാണ്. ഷീനയാണ് ഭാര്യ. അഖില, അപര്‍ണ, അഖില്‍ എന്നിവര്‍ മക്കളാണ്.

നോവല്‍, കഥകള്‍ എന്നിവയിലൂടെ പ്രശസ്തനാണ് ഒ.പി ഹരീശന്‍. മണ്ണ്, കാളി, തേവിടിശിക്കല്ല്, ഭ്രാന്തന്‍ഗ്രാമം, ക്ഷുരകശാന്തി, ഭ്രാന്തനായ ദൈവം (കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍. ആകാശവാണിയില്‍ ചെറുകഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒ.പി നാരായണന്‍ നായരുടെയും കര്‍ത്ത്യായനി അമ്മയുടെയും മകനാണ്.

ഭാര്യ ശ്രീലത, അഡ്വ. ഹരിത, ഹര്‍ഷദ എന്നിവര്‍ മക്കളാണ്. കാവിലുംപാറ സ.റ. ആപ്പീസ് മുദ്രപത്രം വെണ്ടറായി ജോലി ചെയ്യുന്നു.


ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പീസ് കൗണ്‍സില്‍ ഭാരവാഹികളായ ഡോ. എസ്. ശെല്‍വിന്‍കുമാര്‍, ഡോ. അമാനുള്ള വടക്കാങ്ങര, ഡോ. ശാന്തി ഒമകന്തം എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക