Image

വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)

Published on 15 February, 2020
വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)
വയനാട്ടില്‍ എസ്റ്റേറ്റുകള്‍ സ്ഥാപിച്ച യൂറോപ്യന്മാര്‍ക്കോ അവരുടെ ഭാര്യമാര്‍ക്കോ പെണ്മക്കള്‍ക്കോ സാധിക്കാതിരുന്ന ഒരു കാര്യം ആലപ്പുഴ ജില്ലക്കാരി തങ്കമ്മ ജേക്കബ് സാധിച്ചെടുത്തു. വയനാടന്‍ മലനികുരത്തിലേക്കു ആദ്യത്തെ ജീപ്പ് ഓടിച്ച് കയറ്റി, 1954ല്‍.

കെഎല്‍സി 462 എന്ന 1942 രജിസ്‌ട്രേഷന്‍ മിലിട്ടറി ഗ്രീന്‍ വില്ലിസ് ജീപ്പ് തലശ്ശേരിയില്‍ നിന്ന് പേരിയ ചുരം വഴി 80 കി.മീ ഓടി മാനന്തവാടിയിലെത്താന്‍ മൂന്ന് മണിക്കൂര്‍ എടൂത്തു. പത്തു കി.മീ അകലെ കാട്ടിക്കുളത്തിനപ്പുറം പനവല്ലിയില്‍ യൂറോപ്യന്‍മാരില്‍ നിന്ന് വാങ്ങിയ റസല്‍ എസ്റ്റേറ്റിലേക്കുള്ള ബാക്കി ദൂരം കാട്ടിനുള്ളിലൂടെയായിരുന്നു. അങ്ങോട്ട് ജേക്കബ് ഓടിച്ചു.

അത് കാളവണ്ടിക്കാലം. തലശ്ശേരിയില്‍ നിന്ന് ചരക്കുകള്‍ കാളവണ്ടി വഴി മാനന്തവാടിയിലും ബത്തേരിയിലും എത്തിക്കൊണ്ടിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ വാഹനം കുതിരകളായിരുന്നു. ജീപ്പുകള്‍ എത്താന്‍ പിന്നെയും സമയമെടുത്തു.

അറുപത്താറു വര്‍ഷം മുമ്പ് നടന്ന സംഭവം. അന്ന് തങ്കമ്മക്കു 28 വയസ് പ്രായം. ഇന്ന് 95. പ്രായത്തിനെ അസ്‌കിതകള്‍ മൂലം ഏകമകള്‍ ആനിയുടെ സ്‌നേഹപരിചരണങ്ങള്‍ക്കു വഴങ്ങി മാനന്തവാടി ടൗണില്‍ താമസിക്കുമ്പോഴും പഴയ സാഹസങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ഇഷ്ടമാണ്. മമ്മിയെപ്പറ്റി വനിതയില്‍ ഫീച്ചറുകള്‍ വന്നു. അജി കൊളോണിയ എഴുതിയ ലേഖനം 2013 ല്‍ കൊച്ചിയിലെ ടോപ് ഗീയര്‍ മാസിക കവര്‍ സ്റ്റോറി ആക്കി.

കാലപ്രവാഹത്തില്‍ അതെല്ലാം ജനം മറന്നിട്ടുണ്ടാവും. പക്ഷെ ക്രമേണ മാഞ്ഞു കൊണ്ടിരിക്കുന്ന ഓര്‍മകളുടെ തേരില്‍ മമ്മി ഇന്നും ലോകസഞ്ചാരം നടത്തുന്നു. ബ്രിട്ടനില്‍ നിന്നും കാനഡയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ബാംഗ്‌ളൂര്‍ നിന്നും ഒമ്പതു കൊച്ചുമക്കള്‍ വല്ലപ്പോഴും പറന്നെത്തുന്നു ഗ്രാന്മയെ ഹഗ് ചെയ്യാന്‍.

സൈക്കിള്‍ ചവുട്ടി സ്‌കൂളില്‍ പോയിരുന്ന കാലത്ത് കല്യാണം കഴിച്ച് മലേഷ്യക്ക് പോയ ആളാണ് തങ്കമ്മ. ജേക്കബ് അവിടെ യൂറോപ്യന്‍ എസ്റ്റേറ്റില്‍ അകൗണ്ടന്റ് ആയിരുന്നു. അവിടെ കഴിഞ്ഞ ഏഴു വര്‍ഷക്കാലത്ത് യൂറോപ്യന്മാരോട് അടുത്തിടപഴകി ജീവിച്ചു. ഡ്രൈവിങ് പഠിച്ചു.

പതിനെട്ടാം വയസിലാണ് കായംകുളത്തിനടുത്ത് കാറ്റാണത്തെ റവ. കെ.എം ഫിലിപ്പോസിന്റെ മകള്‍ തങ്കമ്മയെ ഐരൂര്‍ കുരുടാമണ്ണില്‍ ജോണ്‍ ജേക്കബ് വിവാഹം കഴിക്കുന്നത്. തങ്കമ്മ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ഭാവിക്കുന്ന സമയം. അതിനൊന്നും കാത്തു നില്ക്കാന്‍ സമയമില്ല. കല്യാണം കഴിഞ്ഞു വധുവുമായി മലേഷ്യക്ക് മടങ്ങണം.

സ്‌കൂളില്‍ വച്ച് വായിച്ച ലൂയിസ് കരോളിന്റെ ആലീസിന്റെ അത്ഭുതലോകത്തേക്കു പോകുന്നതു പോലെ തോന്നി മലേഷ്യന്‍ യാത്ര. മദ്രാസില്‍ നിന്ന് കപ്പലില്‍ എട്ടു ദിവസം എടുത്തു മലേഷ്യയിലെ പോര്‍ട്ട് ക്‌ളാങ്ങില്‍ എത്താന്‍. അവിടെ നിന്ന് ബാന്‍ഡിങ്ങിലെ എസ്റ്റേറ്റ് വക ജീപ്പ് മാര്‍ഗം കാട്ടിലൂടെ ക്വാര്‍ട്ടേഴ്‌സിലേക്ക്.

ഇന്ത്യയും മലേഷ്യയും ബ്രിട്ടീഷ് കോളനികളായിരുന്ന കാലം. ബ്രിട്ടന്‍ ഇന്ത്യ വിട്ടൊഴിഞ്ഞു പോകുന്നത് 1947 ഓഗസ്‌റ് 15 നാണല്ലോ. അതിനു ഏതാനും മാസം മുമ്പായിരുന്നു തങ്കമ്മ -ജേക്കബുമാരുടെ വിവാഹം. മലേഷ്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നത് പത്തു വര്‍ഷം കഴിഞ്ഞു 1957 ഓഗസ്‌റ് 31ന്.

രണ്ടു രാജ്യങ്ങളുടെയും സ്വന്തന്ത്ര്യത്തിനു പരസ്പര ബന്ധമില്ലെന്ന് പറഞ്ഞു കൂടാ. ഇന്ത്യ സ്വതന്ത്രമായതോടെ മലേഷ്യയിലെ ടിന്‍ ഖനികളിലും തോട്ടങ്ങളിലും സമരങ്ങള്‍ പൊട്ടിമുളച്ചു.. കാടുകളില്‍ ഒളിഞ്ഞിരുന്നുള്ള മിന്നല്‍ ആക്രമണങ്ങള്‍ അധിനിവേശ ശക്തികളുടെ ഉറക്കം കെടുത്തി.

അങ്ങിനെയാണ് കഴിയുന്നതും വേഗം മലേഷ്യ വിടാന്‍ ജേക്കബ്-തങ്കമ്മ ദമ്പതികള്‍ തീരുമാനിക്കുന്നത്. അപ്പോഴേക്കും തമ്പി എന്ന ആദ്യത്തെ ആണ്‍കുട്ടി ജനിച്ചു കഴിഞ്ഞിരുന്നു. അവന്റെ ജനന സര്‍ട്ടിഫിക്കറ്റുപോലും വാങ്ങാതെ ഓടിപ്പിടിച്ചുള്ള മടക്ക യാത്രയായിരുന്നു.

താമരശ്ശേരിയിലെ ഒരു ബന്ധുവാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്തുള്ള റസല്‍ എസ്റ്റേറ്റ് വില്‍ക്കാനുണ്ടെന്ന വിവരം അറിയിക്കുന്നത്. 860 ഏക്കര്‍. കാപ്പിയും കുരുമുളകും ഓറഞ്ചുമുണ്ട്.കാടായി കിടക്കുന്ന ബാക്കി ഭാഗം വെട്ടിത്തെളിച്ച് എന്തു വേണമെങ്കിലും കൃഷി ചെയ്യാം. ഒന്നും ആലോചിക്കാനില്ല. രണ്ടു ലക്ഷം രൂപയ്ക്കു അവര്‍ എസ്റ്റേറ്റ് വാങ്ങി. ജേക്കബിന്റെ കുടുംബക്കാരും പങ്കു ചേര്‍ന്നു.

മാനന്തവാടി അന്നൊരു കൊച്ചു ടൌണ്‍ ആണ്. അവിടെനിന്നു 17 കി.മീ. അകലെ കാട്ടിക്കുളത്തിനപ്പുറം പനവല്ലിക്കടുത്താണ് തോട്ടം. ആദിവാസി നേതാവ് സി കെ ജാനു അവിടത്തുകാരിയാണ്. പക്ഷെ അന്നവര്‍ ജനിച്ചിട്ടുകൂടിയില്ല. പനവല്ലി പുഴ കടന്നു വേണം അവിടെ എത്താന്‍. സ്വന്തമായി വാഹനം ഇല്ലാതെ ഒന്നും നടക്കില്ല. ഡ്രൈവിങ് പഠിച്ചത് തങ്കമ്മക്കു കൂട്ടായി.

പനവല്ലിപുഴ കടക്കാന്‍ തടികള്‍ കുറുകെ മുറിച്ചിട്ട് പാലമുണ്ടാക്കുകയാണ് ജേക്കബ് ആദ്യം ചെയ്തത്. ജീപ്പിന്റെ ടയറുകള്‍ കയറി ഇറങ്ങാനുള്ള വീതിയേ പാലത്തിനു ഉണ്ടായിരുന്നുള്ളൂ. ജേക്കബ്ബിന്റെ അരികിലിരുന്നു യാത്ര ചെയ്യുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടു അറിഞ്ഞിരുന്നില്ല. ഒടുവില്‍ സ്വയം ഓടിച്ച് തുടങ്ങിയപ്പോള്‍ ത്രില്‍ ആയി. ആറിനു രണ്ടു വശവും കാഴ്ചക്കാര്‍ ധാരാളം ഉണ്ടായിരുന്നു.

ജീപ്പ് ഓടിക്കുന്ന മദാമ്മ പാലത്തില്‍ നിന്ന് ആറ്റില്‍ വീഴുമ്പോള്‍ ചാടി രക്ഷപ്പടുത്തിയാല്‍ ധാരാളം പൊന്നും പണവും കിട്ടുമെന്നായിരിക്കണം കാഴ്ചക്കാരില്‍ ചിലരുടെയെങ്കിലും മോഹം. പക്ഷേ മദാമ്മ മലയാളം പറയുന്നത് കേട്ടപ്പോള്‍ അവര്‍ അമ്പരന്നു.

ഇടയ്ക്കിടെ അവരെ ജീപ്പില്‍ കയറ്റി മാനന്തവാടിക്ക് കൊണ്ടുപോയപ്പോള്‍ ആഹ്‌ളാദം ബഹുമാനമായി വളര്‍ന്നു. തങ്കമ്മ അവരുടെ മമ്മിയായി. മിക്കപ്പോഴും നാട്ടുകാര്‍ മമ്മിയുടെ ജീപ്പു കാത്തു നില്‍ക്കുമായിരുന്നു. ആദിവാസികളുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മമ്മി മുന്‍കൈ എടുത്തു.

ഐരൂര്‍ ദമ്പതിമാര്‍ക്കു നാലുമക്കള്‍.എല്ലാവരും പഠിച്ചു മിടുക്കരായി. തമ്പി എന്ന ജേക്കബ് ജോണ്‍സണ്‍ ഖരഗ് പൂര്‍ ഐഐടിയില്‍ നിന്ന് എംടെക് എടുത്ത് ടാറ്റ ഇന്‌സ്ടിട്യൂട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചില്‍ സേവനം ചെയതു. കൂടംകുളം അണുശക്തി നിലയത്തിന്റെ ചീഫ് എന്‍ജിനീയര്‍ ആയി റിട്ടയര്‍ ചെയത അക്സാ കുര്യന്‍ ആണ് ഭാര്യ. അനുജന്‍മാരില്‍ മോനി എന്ന ഫിലിപ്പ് മാനന്തവാടിയില്‍. മുത്ത് എന്ന മാത്യു ബാങ്കലൂരില്‍.

ആനിയെ ആന വളര്‍ത്തിയ വാനമ്പാടി എന് 'അമ്മ വിളിക്കുമായിരുന്നു തിരുനെല്ലി കാട്ടിനോട് ചേര്‍ന്നാണ് റസല്‍ എസ്റ്റേറ്റ്. കാട്ടാനകള്‍ വിഹരിക്കുന്നസ്ഥലം. പപ്പക്ക് അന്ന് ഒരു ഡബിള്‍ ബാരല്‍ തോക്കുണ്ടായിരുന്നു. കാട്ടാനകള്‍ കൊലവിളിക്കുമ്പോള്‍ പപ്പാ തോക്കെടുത്ത് തയ്യാറായി നില്‍ക്കും.

നട്ടപാതിരാക്കാണ് ആനിയെ പ്രസവിക്കാന്‍ എസ്റ്റേറ്റില്‍ നിന്നു മാനന്തവാടിക്ക് കൊണ്ടുപോകുന്നത്. ജീപ്പില്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് പടുതായും കമ്പിളിയും വിരിച്ച് അതില്‍ കിടത്തിയുള്ള യാത്രക്ക് രണ്ടു മണിക്കൂര്‍ എടുത്തുവത്രെ. പ്രസവവേദനയേക്കാള്‍ വേദന ആ യാത്രക്കായിരുന്നുവെന്നു മമ്മി പറയാറുണ്ട്.

ആനി കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈ സ്‌കൂളിന്റെയും കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിന്റെയും അഭിമാനപുത്രിയാണ്. നല്ല ഇംഗ്ലീഷ്, സ്‌പോര്‍ട്‌സിലും എന്‍സിസിയിലും തകര്‍ത്തു. റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചതാണ്.. പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയും വിളിച്ചു. വീട്ടില്‍ സമ്മതിച്ചില്ല, പഠിപ്പു കഴിഞ്ഞു കൊച്ചിയിലെ അവന്യു റീജന്റില്‍ ആറു വര്‍ഷം ഗസ്‌റ് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു.ഗായിക ഉഷ ഉതുപ്പ് ആയിരുന്നു ഫേവറിറ്റ് ഗസ്‌റ്.

കണ്ണൂര്‍ സെന്റ് തെരേസാസിലെ 1970 ബാച്ചിന്റെ സുവര്‍ണ്ണ ജൂബിലി ഗെറ്റ് ടുഗതര്‍ ഈ ജനുവരി ആദ്യം പയ്യാമ്പലത്തെ മര്‍മരാ ബീച്ച് റിസോര്‍ട്ടില്‍ നടത്തുകയുണ്ടായി. കൂട്ടുകാരികളെയെല്ലാം കണ്ടു ഓര്‍മ്മകള്‍ അയവിറക്കാന്‍ ഈ സംഗമം വഴിയൊരുക്കി. പ്രിയപ്പെട്ട ടീച്ചര്‍മാരില്‍ ചിലരെ കണ്ടു. അവരില്‍ ഒരാളായ തൃശൂരിലെ ലില്ലി ചീരനെ ബ്രിട്ടനിലെ വെയില്‍സില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി.

ഒന്നാംതരം ഡ്രൈവര്‍ ആയിരുന്നു പപ്പാ. ഒരിക്കല്‍ എല്ലാവരെയും കൂട്ടി കര്‍ണാടകത്തിലെ നഗര്‍ഹോള വനത്തി ലെ കാവേരി തീരത്ത് വിനോദ യാത്ര പോയി. ഒരു കാട്ടാനക്കൂട്ടം മുന്നില്‍ വന്നു പെട്ടപ്പോള്‍ നാല് കി.മീ. റിവേഴ്സ് ഗീയറില്‍ ജീപ്പോടിച്ച് എല്ലാവരെയും രക്ഷപ്പെടുത്തിയ ആളാണ്.

പപ്പയുടെ അന്നത്തെ ഡ്രൈവിങ് പ്രാവീണ്യവും ആവേശവും കിട്ടിയത് മോനി എന്ന ഫിലിപ്പിനാണ്. പപ്പയുടെ ഡബിള്‍ ബാരല്‍ ഗണ്ണും. മാനവാടിയില്‍ ടാക്‌സ് കണ്‍സല്‍ട്ടന്റ് ആണ്.ഇളയ ആള്‍ മാത്യൂ ബാംഗളൂരില്‍. രണ്ടു ആണ്‍മക്കള്‍ അവിടെ പഠിക്കുന്നു.

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപോലിത്ത ഐരൂര്‍ കുരുടാമണ്ണില്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ ബന്ധുകൂടിയാണ് പപ്പാ. ഐരൂരില്‍ നിന്ന് ഒന്നിച്ച് ആറു കി.മീ. നടന്നു വന്നു കോഴഞ്ചേരി സെന്റ് തോമസില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ചു. പപ്പാ ഉണ്ടായിരുന്നുവെങ്കില്‍ വലിയതിരുമേനിയുടെ പ്രായം ആകുമായിരുന്നു--101.

സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട്ടിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കാന്‍ ഫാ.മത്തായി നൂറനാലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആളാണ് പപ്പ.. 1965 ല്‍ നിലവില്‍ വന്ന കോളേജിന്റെ സുവര്‍ണ്ണ ജൂബിലി 2015 ല്‍ കൊണ്ടാടിയതു ഓര്‍ക്കുമല്ലോ.

മമ്മിക്കുമുണ്ട് ചിലതു പറയാന്‍. റസല്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തിരുനെല്ലി വനത്തിലാണല്ലോ നക്‌സല്‍ വേട്ടയും വെടിവയ്പ്പുമൊക്കെ ഉണ്ടായത്. അന്ന് അറസ്റ്റിലായ അജിതയെ പോലീസ് കാവലില്‍ മാനന്തവാടി ഗവ. ആശുപത്രി യിലാണ് പാര്‍പ്പിച്ചിരുന്നത്. ബിഡിഒയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സന്ദര്‍ശ ക സംഘത്തില്‍ അംഗമായിരുന്ന മമ്മി പലതവണ അജിതയെ കണ്ടു ക്ഷേമാന്വേഷണം നടത്തുമായിരുന്നു.

വന്നകാലത്ത് കാപ്പിയും ഓറഞ്ചും കുരുമുളകും നിറഞ്ഞ തോട്ടത്തില്‍ മലേഷ്യന്‍ മാതൃകയില്‍ തടികൊണ്ട് അവരൊരു ബംഗ്‌ളാവ് പണിതു. പിന്നീട് മാനന്തവാടി ടൗണില്‍ തന്നെ ഒരു വില്ല പണിയിച്ചു. ജേക്കബിന്റെ നാടിനെ ഓര്‍ക്കാന്‍ അതിനു അയിരൂര്‍ വില്ല എന്ന് പേരിട്ടു. അവിടെയാണ് ജീവിത സായന്തനത്തില്‍ താമസം. താമസം. തൊട്ടു ചേര്‍ന്ന സ്വന്തം വില്ലയില്‍നിന്ന് ആനി എപ്പോഴും കൂട്ടിനുണ്ട്. തമ്പിയും മോനിയും മുത്തും കൂടെക്കൂടെ ഓടി വരും.

മമ്മിയുടെ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ കെങ്കേമമായി ആഘോഷിക്കുകണ്ടായി. സ്വന്തം മക്കളോടൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി. ബത്തേരി െത്രാപ്പോലീത്താ ആയിരുന്ന കുര്യാക്കോസ് മാര്‍ ക്ലീമിസ് തുമ്പമണ്ണില്‍ നിന്ന് വന്നെത്തി, അനുഗ്രഹം ചൊരിയാന്‍.

വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)വയനാട്ടില്‍ ആദ്യമായി ജീപ്പ് ഓടിച്ച് കയറിയ മമ്മിക്ക് നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക