Image

ഉസൈന്‍ ബോട്ടിനെ പിന്നിലാക്കും പ്രകടനവുമായി ശ്രീനിവാസ ഗൗഡ; കാളപ്പൂട്ട്‌ മത്സരത്തില്‍ 100 മീറ്റര്‍ ഓടിയത്‌ 9.55 സെക്കന്റില്‍

Published on 15 February, 2020
ഉസൈന്‍ ബോട്ടിനെ പിന്നിലാക്കും പ്രകടനവുമായി ശ്രീനിവാസ ഗൗഡ; കാളപ്പൂട്ട്‌ മത്സരത്തില്‍ 100 മീറ്റര്‍ ഓടിയത്‌ 9.55 സെക്കന്റില്‍
  കാളപ്പൂട്ട്‌ മത്സരത്തില്‍ ശ്രീനിവാസ ഗൗഡയുടെ മിന്നുന്ന പ്രകടനം.കാളകളുമായി 142.5 മീറ്റര്‍ ദൂരം ഓടാനെടുത്തത്‌ വെറും 13.62 സെക്കന്റ്‌ മാത്രം ; വേഗത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കാന്‍ ഒരു ഇന്ത്യാക്കാരന്‍ ?

വേഗത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കാന്‍ ഒരു ഇന്ത്യക്കാരന്‍. കര്‍ണാടകയിലെ മൂഡബദ്രിയില്‍ നടന്ന കാളപ്പൂട്ട്‌ മത്സരത്തില്‍ ഒരു ചെറുപ്പക്കാരന്റെ മിന്നും പ്രകടനമാണ്‌ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌.

എന്ത്‌ മനുഷ്യനാണ്‌ ഇതെന്ന്‌ ഒരുനിമിഷം അന്ധാളിച്ചു പോകും ശ്രീനിവാസ ഗൗഡയെന്ന ഈ കാളയോട്ടക്കാരന്റെ പ്രകടനം കണ്ടാല്‍. കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്‌. അതില്‍ 100 മീറ്റര്‍ പിന്നിട്ടത്‌ വെറും 9.55 സെക്കന്റില്‍. ജമൈക്കയുടെ ലോക റെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട്‌ 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്‌.

റെക്കോര്‍ഡ്‌ ഓട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്‌ ശ്രീനിവാസ ഗൗഡ. ഉസൈന്‍ ബോള്‍ട്ടുമായി ശ്രീനിവാസ മത്സരിച്ചാല്‍ പുഷ്‌പം പോലെ ജയിക്കുമെന്നാണ്‌ കാണികളുടെ കമന്റുകള്‍. ചെളിയിലൂടെ ഓടുന്നതിനേക്കാള്‍ എളുപ്പമാണ്‌ ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവര്‍ പറയുന്നു.

കാളപ്പൂട്ട്‌ മത്സരത്തിലെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ശ്രീനിവാസ ഗൗഡ മറികടന്നു. ഇരുപത്തിയെട്ടു വയസ്സ്‌ മാത്രമുള്ള ഈ യുവാവ്‌ 12 കാളപ്പൂട്ട്‌ മത്സരങ്ങളില്‍ നിന്നായി 29 മെഡലുകളാണ്‌ സ്വന്തമാക്കിയത്‌.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശ്രീനിവാസ ഇപ്പോള്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്‌. കാളയോട്ട മത്സരമെന്നാല്‍ ഹരമാണ്‌ ശ്രീനിവാസയ്‌ക്ക്‌. റെക്കോര്‍ഡ്‌ നേട്ടത്തിന്‌ കാരണം തന്റെ മിടുക്കന്‍ കാളകളാണെന്ന്‌ ശ്രീനിവാസ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക