Image

കെ സുരേന്ദ്രന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍

Published on 15 February, 2020
കെ സുരേന്ദ്രന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍
  തിരുവനന്തപുരം:ബി ജെ പിയെ ഇനി കെ സുരേന്ദ്രന്‍ നയിക്കും. കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു കെ സുരേന്ദ്രന്‍.

ബിജെപി കേന്ദ്ര നേതൃത്വമാണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്‌. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ്‌ പ്രഖ്യാപനം നടത്തിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃയോഗം ഡെല്‍ഹിയില്‍ നടന്നിരുന്നു. ഇതിന്‌ ശേഷമാണ്‌ പ്രഖ്യാപനം.

ഉപതെരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷം പിഎസ്‌ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായ ശേഷം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ്‌ കിടക്കുകയായിരുന്നു. തര്‍ക്കത്തില്‍ തട്ടി മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശിയ നേതൃത്വം പ്രഖ്യാപിക്കുന്നത്‌. 

തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ട്‌ സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്തുക എന്ന വലിയ ദൗത്യമാണ്‌ കെ സുരേന്ദ്രനെ കാത്തിരിക്കുന്നത്‌.

മൂന്ന്‌ പേരുകളാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്‌ ദേശീയ നേതൃത്വം സജീവമായി പരിഗണിച്ചിരുന്നത്‌. എം ടി രമേശ്‌, എ എന്‍ രാധാകൃഷ്‌ണന്‍ അടക്കമുള്ള നേതാക്കളേയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്‌ കെ സുരേന്ദ്രനൊപ്പം പരിഗണിച്ചിരുന്നു. 

ശബരിമല യുവതീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ കെ സുരേന്ദ്രന്‌ തുണയായി. ആര്‍ എസ്‌ എസിന്റെ അകമഴിഞ്ഞ പിന്തുണയും ഇത്തവണ കെ സുരേന്ദ്രന്‌ ഉണ്ട്‌.

1970 മാര്‍ച്ച്‌ 10 ന്‌ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട്‌ ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ്‌ കെ സുരേന്ദ്രന്റെ ജനനം. 

സ്‌കൂളില്‍ എ ബി വി പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി. യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ്‌ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്‌.

കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ്‌ ഗ്രേഡ്‌ അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌, മലബാര്‍ സിമന്റ്‌സ്‌ അഴിമതി, സോളാര്‍ തട്ടിപ്പ്‌ തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ചു. യുവമോര്‍ച്ചയില്‍ നിന്ന്‌ ബി ജെ പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി.

ലോക്‌സഭയിലേക്ക്‌ കാസര്‍കോട്‌ മണ്ഡലത്തില്‍ നിന്ന്‌ രണ്ട്‌ തവണയും നിയമസഭയിലേക്ക്‌ മഞ്ചേശ്വരത്ത്‌ നിന്ന്‌ രണ്ട്‌ തവണയും മത്സരിച്ച സുരേന്ദ്രന്‍ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത്‌ 89 വോട്ടിനാണ്‌ പരാജയപ്പെട്ടത്‌.

ഏറ്റവും ഒടുവില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ബിജെപി നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ 22 ദിവസം ജയില്‍ കഴിയേണ്ടി വരികയും ചെയ്‌തു കെ സുരേന്ദ്രന്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനവും കോന്നി ഉപതെരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടുമെല്ലാം തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ രംഗത്തും കെ സുരേന്ദ്രനെ ശ്രദ്ധേയനാക്കി.

ഭാര്യ ഷീബ, മകന്‍ ഹരികൃഷ്‌ണന്‍ ബിടെക്ക്‌ ബിരുദധാരിയാണ്‌. മകള്‍ ഗായത്രി പ്ലസ്‌ടുവിന്‌ പഠിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക