Image

വൈദികരില്‍നിന്ന് പണം കടംവാങ്ങിയും കുര്‍ബാന പണത്തില്‍ കൈയിട്ടും കൊച്ചച്ചന്റെ തിരിമിറി; ചോദ്യം ചെയ്തപ്പോള്‍ കാമുകിക്കും കുഞ്ഞിനും ചെലവിന് കൊടുക്കാനെന്ന് മറുപടി; രണ്ടുവര്‍ഷം മുന്‍പ് പട്ടം സ്വീകരിച്ച വൈദികനെ അതിരൂപത പുറത്താക്കി

Published on 14 February, 2020
വൈദികരില്‍നിന്ന് പണം കടംവാങ്ങിയും കുര്‍ബാന പണത്തില്‍ കൈയിട്ടും കൊച്ചച്ചന്റെ തിരിമിറി; ചോദ്യം ചെയ്തപ്പോള്‍ കാമുകിക്കും കുഞ്ഞിനും ചെലവിന് കൊടുക്കാനെന്ന് മറുപടി; രണ്ടുവര്‍ഷം മുന്‍പ് പട്ടം സ്വീകരിച്ച വൈദികനെ അതിരൂപത പുറത്താക്കി
കൊച്ചി: വൈദികരില്‍ നിന്ന് കടംവാങ്ങിയ 'കൊച്ചച്ചന്റെ' നടപടി അതിരൂപത ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കുര്‍ബാന പണത്തിലെ തിരിമറിയും വീട്ടില്‍ നിന്ന് പണം കൊണ്ടുപോയ കഥയും. ഈ പണമെല്ലാം എന്തു ചെയ്തുവെന്ന ചോദ്യത്തിന് കിട്ടിയ മറുപടി കേട്ട് അതിരൂപതയിലെ മെത്രാപ്പോലീത്താ അടക്കം മുഴുവന്‍ വൈദികരുടെയും കണ്ണ് തള്ളി. കാമുകിക്കും കുഞ്ഞിനും ചെലവിന് കൊടുത്തുവെന്നായിരുന്നു മറുപടി. കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ അരമനയില്‍ വച്ചുതന്നെ 'ഉടുപ്പൂരിച്ച്' കൊച്ചച്ചനെ മാതാപിതാക്കള്‍ക്കൊപ്പമയച്ചു. വൈദികവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രിന്‍സിന്റെ കത്ത് അരമന എഴുതിവാങ്ങിക്കുകയായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടപ്പള്ള സെന്റ് ജോര്‍ജ് പള്ളിയിലെ സഹവികാരിയായിരുന്ന പ്രിന്‍സ് തൈക്കൂട്ടത്തിനെയാണ് ഈ മാസം ആറാം തീയതി പൗരോഹിത്യത്തില്‍ നിന്ന് സസ്പെന്റു ചെയ്തുകൊണ്ട് ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വൈദികര്‍ക്ക് സന്ദേശമയച്ചത്.

വിവാദ സംഭവം പുറത്തുവന്നത് ഇങ്ങനെയാണ്:

ജനുവരിയില്‍ അതിരുപതയിലെ സഹവികാരിമാരുടെ (കൊച്ചച്ചന്മാര്‍) സ്ഥലംമാറ്റം നടന്നിരുന്നു. ഇതോടൊപ്പം തന്നെ ഇടപ്പള്ളി പള്ളി സഹവികാരിയായിരുന്ന പ്രിന്‍സ് തൈക്കൂട്ടത്തിലിനെ കറുകുറ്റിയിലുള്ള പള്ളിയിലേക്കും സ്ഥലംമാറ്റി. ഈ സമയം മൂന്ന് വൈദികര്‍ അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ  സമീപിച്ച് പ്രിന്‍സ് തങ്ങളില്‍ നിന്നും കുറച്ചു പണം വായ്പ വാങ്ങിയിരുന്നുവെന്നു അറിയിച്ചു. അതിരൂപത ഇക്കാര്യം ഇടപ്പള്ളി പള്ളി വികാരിയെയും അറിയിച്ചു. ഇതറിഞ്ഞതോടെ വികാരി കറുകുറ്റിയില്‍ ചെന്ന് അവിടത്തെ വികാരിയേയും പ്രിന്‍സിനേയും കൂട്ടി അരമനയില്‍ എത്തി. മുതിര്‍ന്ന വൈദികരുടെ ചോദ്യം ചെയ്യലില്‍ പണം വീട്ടിലെ ആവശ്യത്തിനാണ് വാങ്ങിയതെന്ന് പ്രിന്‍സ് അറിയിച്ചു. എന്നാല്‍ വീട്ടിലെ ആവശ്യത്തിന് അരമനയില്‍ ചോദിച്ചാല്‍ മതിയല്ലോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. 

ഈസമയം അരമന നേരിട്ട് പ്രിന്‍സിന്റെ വീട്ടിലേക്ക് വിളിച്ച് വിവരം തിരിക്കി. വീട്ടില്‍ പണം എത്തിയിട്ടില്ലെന്ന് മാത്രമല്ല, വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പ്രിന്‍സ് വാങ്ങിക്കൊണ്ട് പോയിട്ടുണ്ടെന്ന വിവരമാണ് അരമനയ്ക്ക് കിട്ടിയത്. ഇതോടെ വികാരിമാരെ പറഞ്ഞുവിട്ട് പ്രിന്‍സിനോട് രണ്ടു ദിവസം അരമനയില്‍ തുടരാന്‍ നിര്‍ദേശിച്ചു. വീട്ടുകാരെ വിളിച്ചുവരുത്തിയായിരുന്നു മുതിര്‍ന്ന വൈദികരുടെ നേതൃത്വത്തില്‍ പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യല്‍.

പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പ്രിന്‍സ് എല്ലാം പറഞ്ഞു. വൈദികരില്‍ നിന്ന് പണം വാങ്ങുക മാത്രമല്ല, കുര്‍ബാന പണത്തിലും ചില്ലറ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തി. ഇടപ്പള്ളി പള്ളിയില്‍ കുര്‍ബാന നിയോഗത്തിന് എത്തിയിരുന്ന പണം കുര്‍ബാന ചൊല്ലാന്‍ നിയോഗിച്ചിരുന്ന വൈദികര്‍ക്കായി അക്കൗണ്ട് വഴി അയച്ചുനല്‍കേണ്ട ചുമതല സഹ.വികാരിയായിരുന്ന പ്രിന്‍സിനായിരുന്നു. ഈ പണം കൈമാറ്റത്തില്‍ 15 ലക്ഷം രൂപ ക്രമക്കേടു നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വൈദികര്‍ക്ക് പണമയക്കുമ്പോള്‍ നിശ്ചയിച്ചതിലും കൂടുതല്‍ പണം അക്കൗണ്ടില്‍ ഇടുകയും ഇക്കാര്യം വൈദികര്‍ അറിയിക്കുമ്പോള്‍ അധികമുള്ളത് പണമായി നേരിട്ട് കൈപ്പറ്റുകയുമായിരുന്നു രീതി. 

ഈ പണമെല്ലാം എന്തു ചെയ്തുവെന്നായിരുന്ന അരമനയ്ക്ക് അറിയേണ്ടിയിരുന്നത്. അതിന്റെ മറുപടിയാണ് എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞത്. വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി സ്വദേശിനിയുമായുള്ള ബന്ധവും അവര്‍ക്കും കുഞ്ഞിനും ചെലവിന് കൊടുത്ത കഥയും പുറത്തുവന്നത്. ലക്ഷക്കണക്കിന് രൂപ ഈ യുവതിക്ക് നല്‍കിയെന്നാണ് സൂചന. ആ യുവതിയെ മറക്കാന്‍ കഴിയില്ലെന്നും പ്രിന്‍സ് പറഞ്ഞതോടെ ഇത്രയുമായസ്ഥിതിക്ക് ഇനി വൈദികവൃത്തിയില്‍ തുടരേണ്ടതില്ലെന്ന നിലപാട് അരമനയും സ്വീകരിച്ചു.

അതേസമയം, വിശ്വാസികളുടെ കുര്‍ബാനപ്പണം നഷ്ടമാകില്ലെന്ന് അരമനയും വ്യക്തമാക്കി. കുര്‍ബാന നിയോഗത്തിനായി ഏതൊക്കെ വൈദികര്‍ക്കാണോ കൂടുതല്‍ പണം അയച്ചുകൊടുത്തത് അവര്‍ ആ പണം കുര്‍ബാന ധര്‍മമായി കണ്ട് ചൊല്ലിതീര്‍ക്കും. കുര്‍ബാനകളുടെ ഉത്തരവാദിത്തം കൂരിയയുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കുകയും കുര്‍ബാനകളുടെ ഉത്തരവാദിത്തം അതിരൂപത ഏറ്റെടുക്കുകയും ചെയ്തു. കൃത്യമായ അവധികളില്‍ പണം മടക്കി നല്‍കാമെന്ന ഉറപ്പ് പ്രിന്‍സില്‍ നിന്നും അരമന എഴുതി വാങ്ങുകയും ചെയ്തു. 

വരവുകളും ചെലവുകളും കൃത്യമായി ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യുകയും മാസംതോറും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന ചുരുക്കം ചില പള്ളികളില്‍ ഒന്നാണ് ഇടപ്പള്ളി പള്ളി. പള്ളിയിലെ മുഴുവന്‍ കണക്കുകളും പരിശോധിക്കുകയും പള്ളിക്ക് യാതൊരുവിധ സാമ്പത്തിക നഷ്ടവും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പള്ളിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 
വൈദികവൃത്തിക്ക് നിരക്കാത്ത സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് പ്രിന്‍സിനെ പുറത്താക്കിയതെന്നും അതിരൂപതയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ഇടപ്പള്ളി പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി. 

വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയതോടെ എറണാകുളം വിട്ട പ്രിന്‍സ് ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. കാമുകിയാകട്ടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് വിവാഹിതയായ ആളാണ് ഈ യുവതി. ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമാണ് പ്രിന്‍സിനെ കുഴപ്പത്തിലാക്കിയത്. ഇവരുടെ ചാറ്റിംഗ് അടക്കം മുഴുവന്‍ ഇടപാടുകളും അരമന പുറത്തെടുത്തുവെന്നാണ് സൂചന. 

രണ്ടു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പൗരോഹിത്യം സ്വീകരിച്ചത്. പഠനത്തിലും പെരുമാറ്റത്തിലുമുള്ള മികവ് പരിഗണിച്ച് അന്നത്തെ മെത്രാപ്പോലീത്താ വൈദിക വിദ്യാര്‍ത്ഥിയായിരിക്കേ പ്രിന്‍സിനെ റോമില്‍ പരിശീലനത്തിന് അയച്ചിട്ടുമുണ്ട്









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക