Image

പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി

Published on 14 February, 2020
പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യാ നിരക്ക് കുറഞ്ഞെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജാതിലിംഗ വിവേചനങ്ങള്‍ താങ്ങാനാവാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടും കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണവും  സേനയിലെ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ മാനസിക വ്യഥകളാലുമാണ് കേരളത്തിലെ പൊലീസ് സേനയില്‍ ആത്മഹത്യകളുണ്ടായതെന്നും പാറയ്ക്കല്‍ അബ്ദുല്ലയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വരള്‍ച്ച നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവയില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യം തദ്ദേശഭരണ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുല്ലക്കര രത്‌നാകരന്റെ സബ്മിഷനു മന്ത്രി ഇ.ചന്ദ്രശേഖരന്‍  മറുപടി നല്‍കി.

കൊങ്കണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ഭാഷാ ന്യൂനപക്ഷമായി അംഗീകരിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 2011 സെന്‍സസ് പ്രകാരം 69,449 പേരുടെ മാതൃഭാഷയാണ് കൊങ്കണി. തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയുടെ 15 ശതമാനമോ അതിലധികമോ താമസിക്കുന്ന ലോക്കല്‍ പ്രദേശങ്ങള്‍ കേരളത്തില്‍ നിലവിലില്ലാത്തതിനാലാണ് വ്യവസ്ഥ നടപ്പാക്കാന്‍ കഴിയാത്തത്

 ഡാമുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഡാമുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ഉതകുംവിധം കെഎസ്ഇബിയുടെ കീഴിലുള്ള കുണ്ടള, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്ബമിഷനു മറുപടിയായി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക