Image

പണം തരാം, ദയവായി വാങ്ങൂ; ബാങ്കുകളുടെ കാലുപിടിച്ച്‌ വിജയ് മല്ല്യ

Published on 14 February, 2020
പണം തരാം, ദയവായി വാങ്ങൂ; ബാങ്കുകളുടെ കാലുപിടിച്ച്‌ വിജയ് മല്ല്യ

ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ 100 ശതമാനം മൂലധനവും തിരികെ നല്‍കാമെന്ന് ഒരുവട്ടം കൂടി അറിയിച്ച്‌ മദ്യരാജാവ് വിജയ് മല്ല്യ. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവിന് എതിരെ നല്‍കിയ അപ്പീലില്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ മൂന്ന് ദിവസത്തെ വാദങ്ങള്‍ പൂര്‍ത്തിയാക്കവെയാണ് ഈ ഓഫര്‍.

വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് മുന്നില്‍ മാധ്യമങ്ങളെ കാണവെയാണ് മല്ല്യ ബാങ്കുകള്‍ മുന്നില്‍ അപേക്ഷയുമായി എത്തിയത്. 'കൈകൂപ്പി കൊണ്ട് ബാങ്കുകളോട് അപേക്ഷിക്കുകയാണ്, 100 ശതമാനം മൂലധനവും അടിയന്തരമായി തിരികെ സ്വീകരിക്കണം', മല്ല്യ അഭ്യര്‍ത്ഥിച്ചു.


ലോണെടുത്ത പണം തിരികെ അടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പരാതിയില്‍ തന്റെ സ്വത്തുക്കളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തതായി 64കാരനായ മല്ല്യ കോടതിയില്‍ വാദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചുള്ള കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് മദ്യരാജാവ് ഇപ്പോഴും നിലപാട് സ്വീകരിക്കുന്നത്.


9000 കോടി രൂപയാണ് വിവിധ ബാങ്കുകളെ വിജയ് മല്ല്യ വഞ്ചിച്ചത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാണ് ഇന്ത്യ വാദിക്കുന്നത്. ലോര്‍ഡ് ജസ്റ്റിസ് ഇര്‍വിന്‍, ജസ്റ്റിസ് എലിസബത്ത് ലെയിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. മല്ല്യക്ക് എതിരെ പ്രഥമദൃഷ്ട്യാ തട്ടിപ്പ്, വഞ്ചനാ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്നാണ് നാടുകടത്തല്‍ ഉത്തരവില്‍ അപ്പീലിന് വിധേയമായി നില്‍ക്കുന്ന വിഷയം.

ലോണ്‍ തിരിച്ചടയ്ക്കാതിരുന്നത് കിംഗ്ഫിഷര്‍ ബിസിനസ്സ് പരാജയപ്പെട്ടത് കൊണ്ടാണെന്നാണ് മല്ല്യയുടെ അഭിഭാഷകര്‍ വാദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക