ദുബായ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറോന് മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അപ്പോസ്തോലിക സന്ദര്‍ശനത്തിനായി യു.എ.ഇ.യില്‍ എത്തിച്ചേര്‍ന്നു. ലെബനനില്‍നിന്ന് എത്തിച്ചേര്‍ന്ന ബാവായ്ക്കും സംഘത്തിനും ദുബായ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്കി.
യു.എ.ഇ പാത്രിയാര്‍ക്കല്‍ വികാരി മോര് ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ദുബായ് മോര് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. പി.പി മത്തായി, സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്, കമാണ്ടര്‍ തോമസ് ദാസ്, ട്രസ്റ്റി സഞ്ജീവ് വര്‍ഗീസ്, സരിന് ചീരന്‍, വിബിന് വില്‍സണ്‍, ഡെബിന് ബെന്നി എന്നിവര്‍ ചേര്‍ന്ന് ബാവായെ സ്വീകരിച്ചു.
മരുഭൂമിയിലെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന ദുബായ് ജബല്‍ അലിയിലെ മോര് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവയുടെ 88ാം ദുഃഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബാവ മുഖ്യ കാര്‍മികത്വംവഹിക്കും. ഫെബ്രുവരി 13,14 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം.
രണ്ടാംതവണയാണ് ബാവ യു.എ.ഇ. സന്ദര്‍ശിക്കുന്നത്. വിവിധ എമിറേറ്റുകളിലെ ഭരണത്തലവന്മാരുമായും മറ്റു പ്രമുഖരുമായും ബാവ ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. മോര് ബൗട്രോസ് കസിസ് മെത്രാപ്പോലീത്ത, വന്ദ്യ ബാലി റമ്പാന്, ഫാ. ജോഷി മര്‍ക്കോസ് എന്നിവരും ബാവയുടെ സംഘത്തിലുണ്ട്. ശനിയാഴ്ച ബാവ ലെബനനിലേക്ക് മടങ്ങും.