Image

പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം 14 ന്

Published on 13 February, 2020
പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം 14 ന്

ജിദ്ദ : ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായ പത്തനംതിട്ട ജില്ലയില്‍ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പതിനൊന്നാം വാര്‍ഷികം ഫെബ്രുവരി 14 നു (വെള്ളി) ഹറാസാത്തിലുള്ള സുമിത് ഓഡിറ്റോറിയത്തില്‍ നടക്കും.

പി ജെ എസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ഥം വഷംതോറും ജിദ്ദയിലെ പ്രശസ്ത കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന അവാര്‍ഡ് ജിദ്ദയിലെ പ്രശസ്ത ഗായകന്‍ മിര്‍സ ഷെരീഫിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്കു നല്‍കുന്ന ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡിന് അക്ഷയ് വിലാസിനും നല്‍കും.

പൊതുയോഗത്തില്‍ വിഷന്‍ 2020 അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അധ്യാപികമാര്‍ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങള്‍ , ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും പിജെഎസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങള്‍, പ്രഫഷണല്‍ നാടകരംഗത്തെ പ്രശസ്തിയാര്‍ജിച്ച മലയാള നാടക രചയിതാവ് ഹേമന്ത കുമാര്‍ രചനയും പിജെഎസ് അംഗം സന്തോഷ് കടമ്മനിട്ട സംവിധാനവും പി ജെ എസിലെ തന്നെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടകം 'കായംകുളം കൊച്ചുണ്ണി' എന്നിവ അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് അടൂര്‍ , എബി കെ. ചെറിയാന്‍ മാത്തൂര്‍ , ജയന്‍ നായര്‍ , മാത്യു തോമസ്, മനു പ്രസാദ് ആറന്മുള , അനില്‍കുമാര്‍ പത്തനംതിട്ട ,വറുഗീസ് ഡാനിയല്‍ , അലി തെക്കുതോട് , അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക