Image

ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ്‌ ബെഹ്‌റ ബ്രിട്ടണിലേക്ക്‌

Published on 13 February, 2020
ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ്‌ ബെഹ്‌റ ബ്രിട്ടണിലേക്ക്‌


തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ ബ്രിട്ടണിലേക്ക്‌ പോകാന്‍ അനുമതി. 

സുരക്ഷയെ സംബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനാണ്‌ ബെഹ്‌റ പോകുന്നത്‌. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച്‌ 3,4,5 തീയതികളിലാണ്‌ യാത്ര തീരുമാനിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ഡി.ജി.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ്‌.

അതേസമയം, ബെഹ്‌റയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ ഉയര്‍ന്ന്‌ വന്നിരിക്കുന്നത്‌. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന്‌ തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകള്‍ തിരികെ വച്ചെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും കഴിഞ്ഞ ദിവസം സി. എ. ജി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

മാരക പ്രഹര ശേഷിയുള്ള 25 ഇന്‍സാസ്‌ റൈഫിളുകളും 12,061തിരകളും എ.കെ - 47 തോക്കിന്റെ തിരകളും ഉള്‍പ്പെടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ആംഡ്‌ പൊലീസ്‌ ബറ്റാലിയനില്‍ നിന്നാണ്‌ കാണാതായത്‌. വെടിയുണ്ടകള്‍ കടത്തിയവര്‍ വ്യാജ വെടിയുണ്ടകള്‍ തിരികെ വച്ചു. 

പര്‍ച്ചേസില്‍ ചട്ടങ്ങള്‍ പാലിക്കാത്തതും ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിക്ക്‌ രണ്ട്‌ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ടിലുണ്ട്‌. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. 

ജീവനക്കാര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സ്‌ നിര്‍മ്മിക്കാന്‍ കേന്ദ്രം നല്‍കിയ 4.35കോടി വകമാറ്റി പൊലീസ്‌ മേധാവിക്ക്‌ ഒരു വില്ലയും ക്യാമ്‌ബ്‌ ഹൗസും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി നാല്‌ വില്ലകളും നിര്‍മ്മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക