Image

കേജരിവാള്‍: തന്ത്രങ്ങളില്‍ നല്ല മൂര്‍ച്ച, പക്ഷെ അത്ര വലിയ പ്രതീക്ഷ വേണോ? (വെള്ളാശേരി ജോസഫ്)

Published on 12 February, 2020
കേജരിവാള്‍: തന്ത്രങ്ങളില്‍ നല്ല മൂര്‍ച്ച, പക്ഷെ അത്ര വലിയ പ്രതീക്ഷ വേണോ? (വെള്ളാശേരി ജോസഫ്)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ അരവിന്ദ് കേജ്രിവാളിനെ ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയായി സോഷ്യല്‍ മീഡിയയിലേയും മലയാളം ചാനലുകളിലേയും ചിലരൊക്കെ കാണുന്നു. ഒപ്പം കോണ്‍ഗ്രസിന്റ്റെ ചരമ ദിനവും ഡല്‍ഹിയെ കുറിച്ച് ഒന്നുമറിയാത്ത ചിലരൊക്കെ കേരളത്തിലും ഗള്‍ഫിലും എയര്‍ കണ്ടീഷന്‍ മുറികളില്‍ ഇരുന്ന് വിധിക്കുന്നു. കേരളത്തിലെ ഇടതുപക്ഷക്കാര്‍ പണ്ടേ കോണ്‍ഗ്രസ് വിരോധികളായതുകൊണ്ടായിരിക്കണം ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ അവര്‍ ഇത്രകണ്ട് സന്തോഷിക്കുന്നത്. ഡല്‍ഹിയില്‍ മാത്രം വിജയിച്ചതുകൊണ്ട് എങ്ങനെ ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയും എന്നുള്ളത് ഇതെഴുതുന്ന ആള്‍ക്ക് മനസിലാകാത്ത കാര്യമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒറ്റ സീറ്റ് ഡല്‍ഹിയില്‍ പോലും കിട്ടിയില്ല. സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനൊപ്പം കോണ്‍ഗ്രസിന്റ്റെ ചരമ ദിനവും കുറിക്കുന്നു. ഇന്‍ഡ്യായാകെ വേരുള്ള ഒരു ദേശീയ പാര്‍ട്ടിയെ ഡല്‍ഹിയില്‍ മാത്രം വിജയം കൈവരിക്കാന്‍ സാധിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിക്ക് എങ്ങനെ മറിച്ചിടാന്‍ സാധിക്കും എന്നതും ഇതെഴുതുന്ന ആള്‍ക്ക് മനസിലാകുന്നില്ല.

സത്യത്തില്‍ ഇന്ത്യ മുഴുവന്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയിക്കാന്‍ ആവുമോ? ഇന്ത്യ മുഴുവന്‍ ജയിക്കണമെങ്കില്‍ കോര്‍പ്പറേറ്റ് പണവും, തൊഴില്‍ സൃഷ്ടിക്കുന്ന വമ്പന്‍ പദ്ധതികളും അവശ്യം വേണ്ട സംഗതികളാണ്. കോര്‍പ്പറേറ്റ് പണം കിട്ടണമെങ്കില്‍ 'ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്റ്' അതല്ലെങ്കില്‍ മൂലധന നിക്ഷേപം എന്ന് പറയുന്നത് നടത്തി വിജയിക്കണം. മൂലധന നിക്ഷേപത്തിലൂടെ മാത്രമേ തൊഴില്‍ അവസരങ്ങള്‍ വരൂ. കേജ്രിവാള്‍ 5 വര്‍ഷം ഡല്‍ഹി ഭരിച്ചിട്ട് വമ്പന്‍ മൂലധന നിക്ഷേപം നടത്തിയ ഒരു പദ്ധതി ആര്‍ക്കെങ്കിലും ചൂണ്ടി കാണിക്കാമോ? നേരേമറിച്ച് ഷീലാ ദീക്ഷിത് 15 വര്‍ഷം ഡല്‍ഹി ഭരിച്ചപ്പോള്‍ ഫ്ളൈ ഓവറുകള്‍, അണ്ടര്‍ പാസുകള്‍, ഡല്‍ഹി മെട്രോയുടെ വന്‍ മുന്നേറ്റം, കോമണ്‍വെല്‍ത് ഗെയിമ്‌സ് വില്ലേജ് - ഇങ്ങനെ അനേകം വന്‍ മൂലധന നിക്ഷേപമുള്ള വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കി. ഷീലാ ദീക്ഷിതിന്റ്റെ ആ 15 വര്‍ഷത്തിലൂടെയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ മുഖഛായ മാറുന്നത്. ഡല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റ്റെ മുന്നില്‍ പോയി നോക്കിയാല്‍ അറിയാം ആ മാറ്റം. ഇങ്ങനെ ഒരു തലസ്ഥാന നഗരത്തിന് വേണ്ട രീതിയില്‍ ഡല്‍ഹിയുടെ മുഖഛായ മാറ്റുന്നതിനിടയില്‍ ചുറ്റുമുള്ള ദരിദ്ര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ഡല്‍ഹിയിലേക്ക് ഒഴുകി. ആ തൊഴിലാളികളും, ചേരികളിലേയും പുനരധിവാസ കോളനികളിലെ ആളുകളും, ലോവര്‍ മിഡില്‍ ക്ളാസും, ഗ്രാമീണരും ഒക്കെയാണ് കേജ്രിവാളിന്റ്റെ വോട്ട് ബെയ്സ്. കൂടെ കുറച്ച് ഇടതു പക്ഷക്കാരുമുണ്ട്. ഓട്ടോക്കാരും, ടാക്‌സിക്കാരും, ചില വീട്ടമ്മമാരും, ഐഡിയലിസം തലക്ക് പിടിച്ച ചിലരുമാണ് കേജ്രിവാളിന്റ്റെ പ്രചാരണം നയിക്കുന്നത്. ഡല്‍ഹിയിലെ മധ്യ വര്‍ഗമോ, വരേണ്യ വര്‍ഗമോ കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

മാധ്യമങ്ങള്‍ വളരെയേറെ 'ഹൈപ്പ്ഡ്' ആക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ അങ്ങനെ തികഞ്ഞ ആം ആദ്മി നിലപാടൊന്നും ജനങ്ങള്‍ക്കില്ല. വൈദ്യുതിയുടേയും വെള്ളത്തിന്റ്റേയും ബില്ലൊക്കെ കുറയണമെന്നു ജനങ്ങള്‍ക്ക് മോഹമുണ്ടായിരുന്നു. കേജ്രിവാള്‍ ജനങ്ങളുടെ ആ മോഹം കുറേയൊക്കെ സാധിച്ചു തന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേജ്രിവാള്‍ കുറച്ചു നല്ല പ്രവര്‍ത്തനങ്ങളൊക്ക നടത്തി. പക്ഷെ 20-30 വര്‍ഷമായി ഡെല്‍ഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡല്‍ഹി മെട്രോ ആണ്. കേജ്രിവാളും കേന്ദ്രവും തമ്മില്‍ അടിയായത് കൊണ്ട് മെട്രോയുടെ നാലാം ഘട്ട വികസനം രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ മെട്രോയുടെ നാലാം ഘട്ട വികസനത്തിന് അപ്പ്രൂവല്‍ കിട്ടിയപ്പോള്‍ പോലും പല സ്ഥലങ്ങളും മെട്രോ വരുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനൊക്കെ ആരെ പഴിക്കണം?

ഇന്നിപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി തരംഗമുണ്ടെങ്കില്‍ വോട്ട് ശതമാനം കൂടുകയല്ലേ വേണ്ടത്? ഇത്തവണ മുഖ്യ എതിരാളിയായ ബി.ജെ.പി.-യുടെ വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തെ 32- ല്‍ നിന്ന് 38.66 ശതമാനമായി ഉയരുകയാണ് ഉണ്ടായത്. അതെങ്ങനെ സംഭവിച്ചു? ഡല്‍ഹിയിലെ മധ്യ വര്‍ഗമോ, വരേണ്യ വര്‍ഗമോ കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കാത്തതാണ് അതിന് കാരണം. അതുകൊണ്ടാണ് ഇത്തവണ ബി.ജെ.പി.-യുടെ വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തെ 32- ല്‍ നിന്ന് 38.66 ശതമാനമായി ഉയര്‍ന്നത്. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ വോട്ടിങ് ശതമാനം 54.59-ല്‍ നിന്ന് ഇത്തവണ 53.57 ശതമാനമായി കുറയുകയും ചെയ്തു. 2015-ല്‍ ഉണ്ടായിരുന്ന വോട്ടുവിഹിതം പോലും 2020 ആയപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല. ഈ 5 വര്‍ഷത്തിനുള്ളില്‍ വോട്ടുവിഹിതത്തിലുള്ള കുറവ് തന്നെ കാണിക്കുന്നത് ഡല്‍ഹിയില്‍ വലിയ ആം ആദ്മി തരംഗം ഒന്നും ഇല്ലാ എന്നുള്ളത് തന്നെയാണ്. ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് സെക്റ്ററും കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കുന്നില്ല. ഇംഗ്‌ളീഷ് ചാനലുകള്‍ പലതും ആം ആദ്മി സര്‍ക്കാരിന്റ്റെ പല നിലപാടുകള്‍ക്കും എതിരായാണ് ഡിബേറ്റുകള്‍ സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 5 വര്‍ഷത്തിനുള്ളില്‍ വോട്ടുവിഹിതത്തിലുള്ള കുറവ് വന്നതിന് ഈ മാധ്യമ വിരോധവും ഒരു കാരണമാകാം.

കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വമ്പന്‍ മൂലധന നിക്ഷേപത്തിലൂടെ സൃഷ്ടിച്ച വികസന പദ്ധതികളാണ് കേജ്രിവാളിനെ പോലുള്ള ഒരു നേതാവിനെ സൃഷ്ടിച്ചതെന്ന് വേണമെങ്കില്‍ പറയാം. കേജ്രിവാളിന് വേണ്ടി പ്രചാരണം നടത്താന്‍ വലിയൊരു സൈബര്‍ സേനയുമുണ്ട്. പക്ഷെ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കാത്ത കേജ്രിവാളിന്റ്റെ വികസന മോഡല്‍ ഇന്ത്യ മുഴുവന്‍ ഒരിക്കലും ഓടില്ല. ഡല്‍ഹിയില്‍ പോലും അധിക നാള്‍ ഓടുമോ എന്നുള്ള കാര്യം സംശയമാണ്. കാരണം ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലാണ്. ഒരു നൂറ് പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാല്‍ ലക്ഷങ്ങള്‍ അപേക്ഷിക്കുന്ന സാഹചര്യം ആണ് ഇന്ന് ഈ രാജ്യത്തുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ജാനുവരിയില്‍ 12 ലക്ഷം പേരാണ് 8000 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ജോലിക്ക് അപേക്ഷിച്ചത്.

ഷീലാ ദീക്ഷിത്തിനെ പോലെ ഒരു മുതിര്‍ന്ന, പക്വതയും കാര്യഗൗരവവും ഉള്ള നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ ഇന്നില്ലാ. സിഗ്‌നേച്ചര്‍ പാലം ഉള്‍പ്പെടെ ഷീലാ ദീക്ഷിത് തുടങ്ങി വച്ച ചില പ്രോജക്റ്റുകള്‍ ആണ് വികസനത്തിന്റ്റെ പേരില്‍ ഇപ്പോള്‍ കേജ്രിവാള്‍ സ്വന്തം പേരില്‍ ആക്കിയത്. ദല്‍ഹി മെട്രോയുടെ നാലാം ഘട്ടം ഇപ്പോഴും രണ്ടും മൂന്നും വര്‍ഷം പിന്നിലാണ്. ഷീലാ ദീക്ഷിത്തിനെ പോലെ ഒരു വമ്പന്‍ വികസന പദ്ധതിയും കേജ്രിവാളിന് അവകാശപ്പെടാന്‍ ഇല്ലാ. ഖജനാവ് കാലി ആക്കുന്ന ഫ്രീ സര്‍വീസുകള്‍ ഒരിക്കലും ഒരു നല്ല സാമ്പത്തിക നടപടി ആയി കണക്കാക്കാനാവില്ല. 'ഫ്രീ സര്‍വീസുകള്‍ക്ക്' പൊതു ഖജനാവിലെ പണം കണ്ടമാനം കെജ്രിവാള്‍ ഒഴുക്കുന്നു. 'ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്റ്' അതല്ലെങ്കില്‍ മൂലധന നിക്ഷേപം നടത്താന്‍ കേജ്രിവാളിന്റ്റെ കയ്യില്‍ പണം ഇല്ലാത്തത് ഇത് മൂലമാണ്. ഡല്‍ഹി പോലുള്ള നമ്മുടെ തലസ്ഥാന നാഗരിക്ക് അവശ്യം വേണ്ടത് വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനമാണ്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിലൂടെ മാത്രമേ ഡല്‍ഹിയില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. കെജ്രിവാളി ന്റ്റെ നെത്ര്വത്ത്വത്തില്‍ അങ്ങനെയുള്ള വമ്പന്‍ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടുന്നില്ലാ. അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസം ആയി പലരും നിരീക്ഷിക്കുന്നത്.

'പാനി', ബിജലി', 'സഡക്ക്' - ഇവ മൂന്നും വാഗ്ദാനം ചെയ്താണ് ഉത്തര്‍ പ്രദേശില്‍ മായാവതിക്ക് വന്‍ ഭൂരിപക്ഷം കിട്ടിയത്. പലരും വിചാരിക്കുന്നത് പോലെ ബഹുജന്‍ സമാജ് പാര്‍ട്ടി ദളിതരുടെ മാത്രം പാര്‍ട്ടി ആയിരുന്നില്ല. ബഹുജന്‍ സമാജ് പാര്‍ട്ടി പാവപ്പെട്ടവരുടേയും, ചേരി നിവാസികളുടേയും പാര്‍ട്ടി ആയിരുന്നു; കൂട്ടത്തില്‍ ശക്തമായ സാന്നിധ്യമായി ദളിതരും ഉണ്ടായിരുന്നെന്ന് മാത്രം. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ 'പാനി', ബിജലി', 'സഡക്ക്' - ഇവ മൂന്നില്‍ നിന്ന് റോഡ് മാറ്റിനിര്‍ത്തി വെള്ളവും ഇലക്ട്രിസിറ്റിയും ആയിരുന്നു കേജ്രിവാളിന്റ്റെ വാഗ്ദാനങ്ങള്‍. വെള്ളവും വൈദ്യുതിയും ചേരി നിവാസികള്‍ക്കും, പുനരധിവാസ കോളനികള്‍ക്കും, ലോവര്‍ മിഡില്‍ ക്ലാസിനും നല്‍കി എത്ര നാള്‍ കേജ്രിവാളിന് ഡല്‍ഹി ഭരിക്കാന്‍ സാധിക്കും? 5 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പോലും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി. മായാവതിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഇന്നെവിടെ നില്‍ക്കുന്നു? ഉത്തര്‍പ്രദേശില്‍ പോലും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നില ഇന്നിപ്പോള്‍ പരുങ്ങലിലാണ്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കേജ്രിവാളിനെ കാത്തിരിക്കുന്നതും ഇതു തന്നെയാണ്. വെള്ളവും വൈദ്യുതിയും ഫ്രീ ആയി കൊടുത്തുകൊണ്ട് പാവപ്പെട്ടവരെ പോലും അധിക നാള്‍ കൂടെ നിര്‍ത്താന്‍ ആവില്ല എന്ന് തന്നെയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നത്.

കോണ്‍ഗ്രസിനെ ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയം എന്താണ് പഠിപ്പിക്കുന്നത്? കേജ്രിവാളിന് വേണ്ടി പ്രചാരണം നടത്താന്‍ വലിയൊരു സൈബര്‍ സേനയുണ്ട്. പ്രചാരണത്തില്‍ കോണ്‍ഗ്രസ് മഹാമോശമാണ്. അതല്ലെങ്കില്‍ കോണ്‍ഗ്രസിനെ പോലെ രാഷ്ട്ര നിര്‍മാണ പ്രക്രിയ നടത്തിയിട്ടുള്ള മറ്റൊരു പാര്‍ട്ടിയുണ്ടോ? നെഹ്റുവിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കാന്‍ ഈയിടെ അന്തരിച്ച പി.പരമേശ്വരനെ പോലുള്ള സംഘ പരിവാറുകാര്‍ ശ്രമിച്ചപ്പോള്‍ അത് തിരുത്തേണ്ട കോണ്‍ഗ്രസുകാരെ കാണാനില്ലായിരുന്നു. അവിടെയാണ് പ്രശ്‌നം മുഴുവനും. ആ 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പാണ്' ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ കോണ്‍ഗ്രസിന് തടസം. കോണ്‍ഗ്രസിന്റ്റെ കാലത്തെ കുറിച്ച് പറയാനാണെങ്കില്‍ ധവള വിപ്ലവം, ഹരിത വിപ്ലവം, കംപ്യുട്ടറൈസേഷന്‍, ടെലികോം റെവലൂഷന്‍ - അങ്ങനെ പലതുമുണ്ട്. ആ ചരിത്രമൊന്നും കോണ്‍ഗ്രസുകാര്‍ ഇന്ത്യന്‍ ജനതയെ പഠിപ്പിക്കാത്തതാണ് ബി.ജെ.പി. നേട്ടമുണ്ടാക്കാന്‍ കാരണം. ഇന്ത്യ ജനിച്ചത് 2014 മുതല്‍ അല്ലാ. ജവഹര്‍ലാല്‍ നെഹ്റുവിന്റ്റെ കാലം തന്നെ നോക്കൂ: വിഭജനത്തെ തുടര്‍ന്ന് ഒരു കോടിയിലേറെ അഭയാര്‍ഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സര്‍ക്കാര്‍ ആണ് നെഹ്‌റു സര്‍ക്കാര്‍. അതിനോട് താരതമ്യപെടുത്തുമ്പോള്‍ കുറെ നാള്‍ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങള്‍ പോലും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രശ്‌നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആര്‍. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷന്‍ - ഇതെല്ലാം നെഹ്‌റു സര്‍ക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീല്‍ പ്ലാന്റ്റ്, ഭക്രാ നന്‍ഗല്‍ ഡാം - ഇവയൊക്കെ നെഹ്‌റു യാതാര്‍ദ്ധ്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാര്‍ഥികള്‍ ഇന്ത്യന്‍ മണ്ണില്‍ ഉണ്ടായിട്ട് ഒരു വലിയ വര്‍ഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്‌റു ആയിരുന്നു. ഐ.എഫ്.എസ്.-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്‌റു നേരിട്ടാണ് ഇന്റ്റെര്‍വ്യൂ ചെയ്തിരുന്നത്. നമ്മുടെ കെ.ആര്‍. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇന്റ്റെര്‍വ്യൂ ചെയ്യാന്‍ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാര്‍ ഇന്ത്യയില്‍ ഉണ്ട്? നെഹ്റുവിനെ കുറിച്ച് മാത്രമല്ല; ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷന്‍ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗിന്റെ ആധാര്‍ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്. ഷീലാ ദീക്ഷിത്തിന്റ്റെ ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇന്ന് മറ്റ് നേതാക്കളുടെ സംഭാവനകള്‍ പോലെ തന്നെ പലരും മനസിലാക്കുന്നില്ല; ഒപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ള പ്രചാരണവും വളരെയധികം ഉണ്ട്.

നെഹ്രുവും ഇന്ദിരാ ഗാന്ധിയും മാത്രമല്ലാ; ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ വ്യക്തിത്ത്വമാണ്. ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇന്ത്യയില്‍ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡല്‍ഹി മെട്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികവ് - ഇതൊക്കെ മന്‍മോഹന്‍ സിംഗിന്റ്റെ നേട്ടങ്ങളാണ്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റ്റെ കൂടെ പ്രവര്‍ത്തിച്ച ചിലരെ എനിക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മന്‍മോഹന്‍ സിംഗ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തന്റ്റെ പ്രീമിയര്‍ പദ്മിനി കാറില്‍ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാള്‍ ഇതെഴുതുന്ന ആളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ 2G കേസില്‍ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ? മാധ്യമ പ്രവര്‍ത്തകര്‍ മുന്‍ CAG വിനോദ് റായിയോട് അതിന്റ്റെ പേരില്‍ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അന്തര്‍ മുഖനായിരുന്നു. അത് ബി.ജെ.പി. - യും, സംഘ പരിവാറുകാരും മാക്‌സിമം മുതലാക്കി. പക്ഷെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീര്‍ഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും.

ഡല്‍ഹിയിലെ ഏറ്റവും പാവപ്പെട്ട ഒരു വിഭാഗമായിരുന്നു സൈക്കിള്‍ റിക്ഷാക്കാര്‍. പക്ഷെ കഴിഞ്ഞ 8-10 വര്‍ഷങ്ങളായി ചവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ ഡല്‍ഹിയില്‍ കുറഞ്ഞു വരികയാണ്. ആ സ്ഥാനം ഇലക്ട്രിക്ക് റിക്ഷകള്‍ കയ്യടക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 90 ശതമാനം ചവിട്ടുന്ന സൈക്കിള്‍ റിക്ഷകളും അപ്രത്യക്ഷമായി കഴിഞ്ഞു. സത്യത്തില്‍ ഇതുപോലുള്ള ക്രിയാത്മകമായ പരിപാടികളാണ് ദാരിദ്ര്യം നേരിടാന്‍ ഏറ്റവും നല്ലത്. അത്തരം ക്രിയാത്മകമായ പദ്ധതികള്‍ മറ്റാരേക്കാളും ആവിഷ്‌കരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആയിരുന്നു. ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇന്ത്യയില്‍ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡല്‍ഹി മെട്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികവ് - ഇതൊക്കെ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റ്റെ ഭരണകാലത്തെ നേട്ടങ്ങളാണ്. UPA ആദ്യം ഭരണത്തിലേറിയപ്പോള്‍ എല്ലാ എതിര്‍പ്പുകളേയും മറി കടന്നാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മന്‍മോഹന്‍ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തില്‍ സാക്ഷ്യ പെടുത്തുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളൂമ്പോള്‍ 'Social Good' എന്ന മഹത്തായ ആശയം ആണ് മുന്‍ പ്രധാന മന്ത്രിയായ ഡോക്ടര്‍ മന്‍മോഹന്‍ സിങ് മുന്നോട്ടു വെച്ചത്.

UPA ഭരണ കാലത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യണ്‍ എന്ന സംഖ്യയില്‍ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തില്‍ നിന്ന് 2011-12-ല്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാന്‍ സാധിച്ചു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അര്‍ത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളര്‍ച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികള്‍ പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തിക്കുവാന്‍ സാധിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. ഇതെഴുതുന്ന ആള്‍ക്ക് പങ്കെടുക്കുവാന്‍ സാധിച്ച ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞത് 'ഉദാരവല്‍ക്കരണത്തിന്റ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വര്‍ഗത്തെ ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ്' എന്നായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റ്റെ ഫലമായി ശക്തമായ മധ്യ വര്‍ഗം ഇന്ത്യയില്‍ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ ഇന്ന് ബി.ജെ.പി.-യും, സംഘ പരിവാറുകാരും പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടര്‍ മന്‍മോഹന്‍ സിങ് പരാജയമാകും? ദാരിദ്ര്യം നേരിടുന്നതില്‍ കേജ്രിവാളും തീര്‍ച്ചയായും പരാജയം ആയിരുന്നില്ലാ. ദരിദ്രരെ സംരക്ഷിച്ച വഴി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയം അദ്ദേഹം അര്‍ഹിക്കുന്നു.

തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ടു ചെയ്തിട്ട് കാര്യമില്ല എന്ന് കരുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലരും ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തു. 'ആങ്ങള ചത്താലും വേണ്ടില്ല; നാത്തൂന്റ്റെ കണ്ണീര് കാണണം' - എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ടല്ലോ. കോണ്‍ഗ്രസുകാരുടെ ഇടയില്‍ ബി.ജെ.പി.-യോടുള്ള സമീപനം ഇത്തരത്തിലുള്ള പോരുകാരിയായ സഹോദരിയുടേതായിരുന്നു എന്ന് പറയേണ്ടി വരും. കോണ്‍ഗ്രസ് തോറ്റാലും പ്രശ്‌നമില്ല; ബി.ജെ.പി. ജയിക്കരുത് എന്നുള്ള ചിന്തയായിരുന്നു അവരുടെ ഇടയില്‍ പ്രബലം. സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിക്കുന്നതിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അവര്‍ മനപ്പൂര്‍വം പിന്നോക്കം പോയതായിരുന്നോ എന്ന് സംശയിക്കണം. കോണ്‍ഗ്രെസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ അഡ്ജസ്റ്റ്മെന്റ്റ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് പല കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വായിച്ചെടുക്കേണ്ടത്. രാജ്യത്തെ പല ഭാഗങ്ങളിലും ബി.ജെ.പി.-യുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരേ ഒരു ജനകീയ സമരം ഉരുത്തിരിഞ്ഞു വരുമ്പോള്‍, ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി ഒരു നിഷ്‌ക്രിയ നിലപാട് കോണ്‍ഗ്രസ് നെത്ര്വത്വം സ്വീകരിച്ചെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ഉണ്ടാക്കിയ വികസന മുന്നേറ്റം വൈകിയാണെങ്കിലും ഡല്‍ഹിയിലെ ആളുകള്‍ തിരിച്ചറിയും. കാരണം ഡല്‍ഹി മാറിയത് എങ്ങനെയാണെന്ന് പല ഡെല്‍ഹിക്കാരും നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോഴും കോണ്‍ഗ്രസിന് വോട്ട് ബെയ്സ് ഡല്‍ഹിയില്‍ ഉണ്ട്. പി. സി. ചാക്കോയെ പോലുള്ള ഒന്നിനും കൊള്ളാത്ത ചിലരെ ഡല്‍ഹിയിലെ പാര്‍ട്ടി നയിക്കാന്‍ ഏല്‍പിച്ചതാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റ്. കഴിവുള്ളവര്‍ നേതൃ സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസ് അണികളുടെ ആത്മവീര്യം വീണ്ടെടുക്കുവാന്‍ സാധിക്കും. ഒന്നുമില്ലെങ്കിലും തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

കേജ്രിവാള്‍ തീര്‍ച്ചയായും ഒരു മോശം മുഖ്യമന്ത്രിയല്ലാ. വിദ്യാഭ്യാസം, ആരോഗ്യം - ഈ മേഖലകളില്‍ സംഭാവനകള്‍ നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ സംഭാവനകളെക്കാള്‍ നൂറിരട്ടി പ്രചാരണം നടക്കുന്നുണ്ടെന്ന് മാത്രം. മൊഹല്ല ക്ലിനിക്കുകള്‍, തെരുവോരത്ത് താമസിക്കുന്നവര്‍ക്ക് ഷെല്‍ട്ടറുകള്‍ - ഇവ സ്ഥാപിച്ചതൊക്കെ കേജ്രിവാളിന്റ്റെ നല്ല പദ്ധതികളായിരുന്നു. വൈദ്യുതി ചാര്‍ജ്, ബസ് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് - ഇവ ഒക്കെ കുറച്ചതും, സാമ്പത്തികം കുറഞ്ഞവര്‍ക്ക് അതൊക്കെ സൗജന്യമാക്കിയതുമൊക്കെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അളവറ്റ് സഹായിച്ചു.

ജെ.എന്‍.യു. - വില്‍ നന്ന ആക്രമണത്തോടും, പൗരത്വ പ്രക്ഷോഭത്തോടും തണുത്ത സമീപനം സ്വീകരിച്ച കെജ്രിവാള്‍ ഒരു നല്ല തന്ത്രശാലിയായ നേതാവാണ്. ഷഹീന്‍ ബാഗിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനോടും കേജ്രിവാള്‍ തീവ്രമായി പ്രതികരിച്ചു കണ്ടില്ല. മതവും രാജ്യസ്‌നേഹവും ഡല്‍ഹി പോലുള്ള നമ്മുടെ തലസ്ഥാന നഗരിയില്‍ വളരെ 'സെന്‍സിറ്റീവ്' ആയുള്ള കാര്യങ്ങളാണെന്ന് തന്ത്രശാലിയായ കേജ്രിവാവാളിന് അറിയാം. നേതാക്കളെ മുഴുവന്‍ നിര്‍ത്തി ബി.ജെ.പി.-യുടെ ഭിന്നിപ്പിക്കല്‍ പ്രചാരണം അധികം ഏശാതെ പോയത് കേജ്രിവാളിന്റ്റെ പക്വമായ നിലപാട് മൂലമാണ്. വികസന പദ്ധതികളും, തന്ത്രപരമായ രാഷ്ട്രീയ സമീപനങ്ങളും കാണിക്കുന്നത് കേജ്രിവാള്‍ ഒരു മോശം നേതാവല്ലാ എന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയം അദ്ദേഹം അര്‍ഹിക്കുന്നു. പക്ഷെ ആ വിജയത്തോട് സോഷ്യല്‍ മീഡിയയിലും, മലയാള ചാനലുകളിലും നടക്കുന്ന ചില വികാര ജീവികളുടെ അപക്വമായ വിലയിരുത്തല്‍ കണ്ടില്ലെന്ന് നടിക്കാനും ആവില്ല.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
കേജരിവാള്‍: തന്ത്രങ്ങളില്‍ നല്ല മൂര്‍ച്ച, പക്ഷെ അത്ര വലിയ പ്രതീക്ഷ വേണോ? (വെള്ളാശേരി ജോസഫ്)
Join WhatsApp News
josecheripuram 2020-02-12 19:54:28
K.J.Arival,CPM/CPI could join them,because there is an "Arival".
M. A. ജോർജ്ജ് 2020-02-13 22:06:50
ലേഖകന്റെ വിലയിരുത്തൽ വസ്തുനിഷ്ഠമാണ്. ഒരു കാര്യം സൂചിപ്പിക്കട്ടെ: ക്ഷീലാ ദീക്ഷിദ് ഭരിച്ച കാലമത്രയും ഇൻഡ്യ ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. കേന്ദ്ര ഗവണ്മേന്റിന്റെ പൊതുമുതൽ വിതരണത്തിൽ അർഹമായ വിഹിതം ഡൽഹിക്കു ലഭിച്ചു എന്നതു മറക്കരുത്. കേജരിവാളിന്റെ ഭരണകാലത്ത് അങ്ങനെയൊരു കേന്ദ്ര സഹായം ഡൽഹിക്കു ലഭിച്ചീട്ടുണ്ടോ? ഇല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടു കൂടിയാണ് ഡൽഹിയിലെ ജനങ്ങൾ BJP യെ തഴഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക