Image

ഫ്ലേവേർഡ് വേപിംഗ് നിരോധനം മറികടക്കാന്‍ കൗമാരക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം (ഏബ്രഹാം തോമസ്)

Published on 11 February, 2020
ഫ്ലേവേർഡ്  വേപിംഗ് നിരോധനം മറികടക്കാന്‍ കൗമാരക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം (ഏബ്രഹാം തോമസ്)
ഇ (ഇലക്‌ട്രോണിക്) സിഗരറ്റുകള്‍ 21 വയസ് പൂര്‍ത്തിയാകാത്തവര്‍ ഉപയോഗിക്കുന്നത് വിലക്കിയ യു.എസ് നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് പ്രായപരിധി 18-ല്‍ നിന്നും 21 ആയി ഉയര്‍ത്തിയത്. ജൂള്‍ എന്ന ബ്രാന്‍ഡ് വേപിനാണ് ടീനേജ് കുട്ടികള്‍ക്കിടയില്‍ വന്‍ പ്രിയം. കാരണം ഈ വേപില്‍ (ഇ സിഗരറ്റില്‍) അടങ്ങിയിരിക്കുന്ന പലതരം പഴങ്ങളുടെ സ്വാദാണ്. ഇത് തിരിച്ചറിഞ്ഞ അധികൃതര്‍ പാസാക്കിയ പുതിയ നിയമത്തില്‍ മെന്തോളും, ടുബാക്കോയും മാത്രമേ ഫ്‌ളേവറുകളായി ഇ സിഗരറ്റില്‍ ചേര്‍ക്കാന്‍ പാടുള്ളൂ എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.

ഈ നിരോധനം മറികടക്കാന്‍ കൗമാരക്കാര്‍ പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. ഡിസ്‌പോസിബിള്‍ ഇ സിഗരറ്റുകള്‍ക്ക് നിരോധനം (ഇതുവരെ) ഇല്ല. ഈ ഡിസ്‌പോസിബിളുകള്‍ പഫ് ബാര്‍, സ്റ്റിഗ്, ഫോഗ് എന്നീ ബ്രാന്‍ഡുകളില്‍ ലഭ്യമാണ്. ഇവ പിങ്ക് ലെമോനേഡ്, ബ്‌ളൂബെറി ഐസ്, ട്രോപ്പിക്കല്‍ മാംഗോ രൂചികളിലാണ് ലഭ്യമായിരിക്കുന്നത്.

ഒരു തവണ ഉപയോഗിച്ചശേഷം കളയാവുന്ന ഇവയ്ക്ക് വില കുറവാണ്. കണ്‍വീനിയന്‍സ് സ്റ്റോറുകളിലും ഗ്യാസ് സ്റ്റേഷനുകളിലും വാങ്ങാനാകും.21 വയസായതിനുള്ള രേഖകള്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആവശ്യപ്പെടുക പതിവില്ല.

ഇവ എളുപ്പം ലഭിക്കാവുന്നതായതിനാല്‍ പ്രിയം വര്‍ധിക്കുമെന്ന് ന്യൂയോര്‍ക്കിലെ സീനായ് മെഡിക്കല്‍ സ്കൂളിലെ റിസേര്‍ച്ചറും പീഡിയാട്രീഷനും റിസര്‍ച്ചറുമായ ഡോക്ടര്‍ കരന്‍ വില്‍സണ്‍ പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി.എ) ഫ്‌ളേവര്‍ നിയമം "സെല്‍ഫ് കണ്ടെയ്ന്‍ഡ്, ഡിസ്‌പോസിബിള്‍' ഉത്പന്നങ്ങള്‍ക്ക് ബാധകമാവില്ല എന്നു സ്ഥിരീകരിച്ചു. പോഡുകള്‍ ഉപയോഗിക്കുന്ന, വീണ്ടും ചാര്‍ജ് ചെയ്യാവുന്നവയോ മുന്‍കൂട്ടി നിറച്ച കാര്‍ട്ട്‌റിഡ്ജുകള്‍ (നിക്കോട്ടിന്‍ ലായനി ചേര്‍ത്തവ) ഉള്ളവയോ ആയ ഇ സിഗരറ്റുകള്‍ക്കാണ് പുതിയ നിയമം ബാധകം. പ്രായപൂര്‍ത്തിയാകാത്ത, 60 ശതമാനത്തിലധികം വരുന്ന ഹൈസ്കുള്‍ "ഉപഭോക്താക്കള്‍' ഡിസ്‌പോസിബിള്‍സ് ആണ് ഉപയോഗിക്കുന്നതെന്നു ഗവേഷണ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ടീനേജേഴ്‌സിനെ ആകര്‍ഷിക്കുന്ന ഇത് വേപിംഗ് ഉത്പന്നത്തിനും പിന്നാലേ പോകാന്‍ ഇപ്പോഴും കഴിയുമെന്ന് എഫ്ഡിഎയുടെ ഉന്നത ടുബാക്കോ റഗുലേറ്റര്‍ പറഞ്ഞു. 'ഒരു ഉത്പന്നം കുട്ടികളെ ലക്ഷ്യമാക്കി വിപണിയില്‍ എത്തിച്ചാല്‍ അതിനെതിരേ നടപടി എടുക്കും-എഫ്ഡിഎയുടെ ടുബാക്കോ കേന്ദ്ര തലവന്‍ മിച്ച് സെല്ലര്‍ പറഞ്ഞു.

ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ പിലിപ്പ് ഫര്‍മാന്‍ പറയുന്നു: ന്യൂയോര്‍ക്ക് സ്കൂളില്‍ വേപിംഗ് ഉപയോഗിച്ചിരുന്ന എന്റെ സഹപാഠികള്‍ ജൂള്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ മൈറ്റി മിന്റ്, മാംഗോ ബോംബ് രുചികളില്‍ ലഭിക്കുന്ന ഡിസ്‌പോസിബിള്‍സാണ് ഉപയോഗിക്കുന്നത്'. പതിനാറുകാരനായ ഇയാള്‍ മുമ്പ് വേപിംഗ് അടിമയായിരുന്നെങ്കിലും ഇപ്പോള്‍ ഉപയോഗിക്കില്ലെന്നു പറഞ്ഞു. ഇവ ചെറുതായതിനാല്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ കഴിയും. ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കാം എന്നും കൂട്ടിച്ചേര്‍ത്തു.

സ്റ്റിഗ്, പഫ് ബാര്‍, ഫോഗ് എന്നിവയുടെ നിര്‍മാതാക്കള്‍ പുതിയ വെളിപ്പെടുത്തലുകളേക്കുറിച്ച് പ്രതികരിക്കാന്‍ തയറായില്ല. ആഗോളതലത്തില്‍ 15 ബില്യന്‍ ഡോളറിന്റെ ബിസിനസ് ഇ സിഗരറ്റുകള്‍ക്കുണ്ട്. ഇവയില്‍ കഴിഞ്ഞവര്‍ഷം ഡിസ്‌പോസിബിളുകള്‍ക്ക് അഞ്ച് ശതമാനം മാത്രമേ പങ്കുണ്ടായിരുന്നുള്ളുവെങ്കിലും  ഇത് ദിനംപ്രതി വര്‍ധിച്ചുവരുകയാണെന്നു ഗവേഷക സ്ഥാപനം ഇസിഗ് ഇന്റലിജന്റ്‌സ് വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക