Image

ബിജെപിക്ക്‌ വഴങ്ങാതെ ഡല്‍ഹി

Published on 11 February, 2020
 ബിജെപിക്ക്‌ വഴങ്ങാതെ ഡല്‍ഹി


ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ട്‌ തവണ അധികാരത്തിലെത്തിയിട്ടും രാജ്യതലസ്ഥാനം ബിജെപിക്ക്‌  കിട്ടാക്കനി. 

ഡല്‍ഹി പിടിച്ചെടുക്കാന്‍ അരയും തലയും മറുക്കിയാണ്‌ ഇത്തവണ ബിജെപി ഇറങ്ങിയത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണം സംസ്ഥാന നേതൃത്വത്തില്‍ നിന്ന്‌ പൂര്‍ണ്ണമായും അമിത്‌ ഷാ ഏറ്റെടുത്തു. 

പുതിയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ കൃത്യമായ ആസൂത്രണവും സംഘാടനവും. രാവും പകലുമില്ലാതെ മണ്ഡലങ്ങളില്‍ നിന്ന്‌ മണ്ഡലങ്ങളിലേക്ക്‌ റാലികള്‍ നടത്തി. പൗരത്വ നിയമഭേദഗതി വിശദീകരണമെന്ന പേരില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും അമിത്‌ ഷാ തന്നെ നേതൃത്വം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും 240 എംപിമാരേയും കേന്ദ്ര മന്ത്രിമാരേയും രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ള മുഖ്യമന്ത്രിമാരേയും ഡല്‍ഹിയിലിറക്കി. 

കേന്ദ്ര ഭരണത്തിന്റേയും മറ്റു സര്‍വ്വസന്നാഹങ്ങളുടേയും അകമ്‌ബടിയില്‍ സമാനതകളില്ലാത്ത പ്രചാരണം ബിജെപി നടത്തിയിട്ടും കെജ്‌രിവാളിന്റെ ജനസമ്മിതിക്ക്‌ നേരിയ പോറലേല്‍പ്പിക്കാന്‍ പോലും ബിജെപിക്കായില്ല 

എ.എ.പി.യുടെ വികസന നേട്ടങ്ങളെയും കെജ്രിവാളിന്റെ പ്രതിച്ഛായയെയും വികസനം ചര്‍ച്ചചെയ്‌ത്‌ മറികടക്കാനാകില്ലെന്ന തിരിച്ചറിവ്‌ ബി.ജെ.പി.ക്ക്‌ ആദ്യഘട്ടത്തില്‍ തന്നെ കൈവന്നിരുന്നു.

 വികസനം ചര്‍ച്ചയാകാതിരിക്കാന്‍, ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട്‌ പ്രചാരണം ആരംഭിച്ചു.ഷഹീന്‍ബാഗിലെ പ്രതിഷേധ ധര്‍ണ ബി.ജെ.പി.യെ പ്രതിരോധത്തില്‍ വീഴ്‌ത്തുകയും ചെയ്‌തു.  

ഷഹീന്‍ബാഗ്‌ പ്രതിഷേധം രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണെന്ന്‌ വ്യാഖ്യാനിക്കാന്‍ പ്രധാനമന്ത്രിയും അമിത്‌ ഷായും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തിറങ്ങി. ടുക്‌ഡെ ടുക്‌ഡെ സംഘത്തെ പിന്തുണയ്‌ക്കുന്നയാളാണ്‌ കെജ്രിവാളെന്ന്‌ വ്യാപക പ്രചാരണം ആരംഭിച്ചു.

 വീടുകള്‍തോറും ബൂത്തുകള്‍ തോറും നടത്തിയ പ്രചാരണങ്ങളിലും ഈ നിലപാടാണ്‌ ബി.ജെ.പി. സ്വീകരിച്ചത്‌. ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിലൂടെ ന്യൂനപക്ഷ വോട്ട്‌ ബാങ്കുകളെ മറികടക്കാമെന്ന കണക്കുകൂട്ടലായിരുന്നുബി.ജെ.പി.യുടേത്‌. 

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ കേന്ദ്ര മന്ത്രിമാര്‍ മുന്‍പന്തിയില്‍ നിന്നു. നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തുടര്‍ച്ചയായി നടപടികളെടുക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ അടിതെറ്റുബാള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ അമിത്‌ ഷായുടെ തന്ത്രങ്ങള്‍ കൂടിയാണ്‌.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി അമിത്‌ ഷാ ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ പിന്നിലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്‌. 

രാഷ്‌ട്രീയ ചാണക്യന്‍ എന്ന വിശേഷണം പോലും ബി.ജെ.പി അമിത്‌ ഷാക്ക്‌ ചാര്‍ത്തി നല്‍കി.

പക്ഷേ  മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്‌ തുടങ്ങി ഷായുടെ നേതൃത്വത്തില്‍ അടുത്തകാലത്ത്‌ നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി പരാജയം രുചിച്ചു. 

ഒടുവില്‍ ഡല്‍ഹി കൂടി തന്ത്രങ്ങള്‍ പിഴക്കുമ്‌ബാള്‍ എക്കാലത്തും അമിത്‌ ഷായുടെ ചിറകിനടിയില്‍ സുരക്ഷിതമായിരിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക്‌ കൂടിയാണ്‌ മങ്ങലേല്‍ക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക