Image

സന്ധ്യക്ക് മുന്‍പേ അസ്തമിച്ച സൂര്യന്‍ (സുനീതി ദിവാകരന്‍ )

സുനീതി ദിവാകരന്‍ Published on 10 February, 2020
സന്ധ്യക്ക് മുന്‍പേ അസ്തമിച്ച സൂര്യന്‍ (സുനീതി ദിവാകരന്‍ )
ജനല്‍ക്കമ്പികളില്‍ പിടിച്ചു അങ്ങ് ദൂരെ കടലിലേക്ക് താഴ്ന്നു പോകുന്ന ചുകന്ന തുടുത്ത സൂര്യനെ നോക്കി നില്‍ക്കുകയാണ് അവള്‍.  അവളുടെ മുഖത്തിനും,   കാറ്റിലുലയുന്ന അവളുടെ മുടിയിഴകള്‍ക്കും ഇപ്പോള്‍ അസ്തമയ സൂര്യന്റെ നിറമാണ്. അവളുടെ കണ്ണുകള്‍ കടലിലേക്കിറങ്ങുന്ന സൂര്യനെ ആവാഹിച്ചെടുക്കുകയാണ്.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലൊന്നുമല്ലെന്നും മറിച്ചു ഭൂഗോളം മുഴുവന്‍ നിയന്ത്രിക്കുന്നത് പതിവ് തെറ്റാതെ,  സമയം തെറ്റാതെ മലകള്‍ക്കു മുകളില്‍ ഉദിക്കുകയും കടലില്‍ അസ്തമിക്കുകയും ചെയ്യുന്ന ഈ സൂര്യന്‍ തന്നെയാണെന്നും ആ അസ്തമയത്തെ സാക്ഷിയാക്കി അവളങ്ങു തീര്‍ച്ചപ്പെടുത്തി.  അപ്പോഴേക്കും സൂര്യന്‍ കടലില്‍ മുങ്ങിത്താ ണ്   ആകാശം നിറയെ അങ്ങ് ചോര പടര്‍ത്തിയിരുന്നു.

പെട്ടെന്ന് ജനല്‍ക്കമ്പികളൊക്കെ വിട്ട്   അയ്യോ !!!!! എന്ന് പറഞ്ഞു അവള്‍ അടുക്കളയിലേക്കോരോട്ടം.  അടുപ്പത്തു വെച്ചിരുന്ന പാല് തിളച്ചു പകുതിയും പോയി.  പാല് പോയതോ പോട്ടെ,  ഇനിയിപ്പോള്‍ സ്‌റ്റോവ് ഒക്കെ തുടച്ചു വൃത്തിയാക്കണം.  പതഞ്ഞു പൊന്തിയ പാത്രമൊക്കെ കഴുകി നേരേയാക്കണം.  പിന്നെ ഉറ ഒഴിക്കാന്‍ വേറൊരു പാക്കറ്റ് പാല് വാങ്ങിക്കൊണ്ടു വരികയും വേണം.  

അല്ലെങ്കിലും ഈ ഉദയവും അസ്തമയവും ഒക്കെ സിനിമയിലും കഥകളിലുമൊക്കെയല്ലേ ?  ജീവിതത്തില്‍ ജനല്‍ക്കമ്പികളില്‍ പിടിച്ചുകൊ ണ്ടോ അല്ലെങ്കില്‍ പിടിക്കാതെയോ ആരാണ് അസ്തമയം കാണുന്നത് ? തലേ ദിവസം കണ്ട സിനിമയിലെ നായികയെ അനുകരിച്ചു ഇത്തിരി നേരം അസ്തമയം കണ്ടു എല്ലാം മറന്നു നിന്ന തന്റെ അല്പത്തരത്തെ പഴിച്ചു കൊണ്ട് അവള്‍ തന്റെ അടുക്കളപ്പരിപാടി തുടര്‍ന്നു.  ശേഷം പടിഞ്ഞാട്ടു തുറക്കുന്ന ജനല്‍ ഇനിയങ്ങോട്ട് എളുപ്പത്തില്‍ തുറക്കാത്ത വിധം കൊളുത്തിട്ടടച്ചു.  അവളുടെ മനസ്സില്‍ ഉദിച്ചുയര്‍ന്ന  സൂര്യന്‍  സന്ധ്യയാവുന്നതിനു വളരെ മുന്‍പ് ആഴക്കടലില്‍ അസ്തമിച്ചു.

സന്ധ്യക്ക് മുന്‍പേ അസ്തമിച്ച സൂര്യന്‍ (സുനീതി ദിവാകരന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക