Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -25: കാരൂര്‍ സോമന്‍)

Published on 09 February, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -25: കാരൂര്‍ സോമന്‍)
ശരറാന്തല്‍ വെളിച്ചം

പള്ളിയില്‍ പോകാനായി സിസ്റ്റര്‍ കാര്‍മേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റര്‍ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
"" ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ''
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
""സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയില്‍ അല്പം പണിയുണ്ട്. ഓഫീസ്സിലും പോണം''
"" ഓ... സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
"" ഞാന് കാറിറക്കട്ടേ പെങ്ങളെ'' വരാന്തയില്‍ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
"" ഓ.... പിന്നെ.... ഈ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി.....വാ മോളെ''
സിസ്റ്റര്‍ കാര്‍മേല്‍ ഷാരോണിന്റെ കൈ കവര്‍ന്നു നടന്നു നീങ്ങി. ഷാരോണ്‍ കോശിക്കും ഏലീയാമ്മക്കും '' ബൈ '' കാണിച്ചു.
അവര്‍ പള്ളിയിലെത്തുമ്പോള്‍ വിശുദ്ധകുര്‍ബാനയുടെ ഒരുക്കങ്ങള്‍ അള്‍ത്താരയില്‍ നടക്കുന്നു. മുന്‍വരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റര്‍ കാര്‍മേല്‍ കടന്നുചെന്നു. ഷാരോണ്‍ അവരുടെ പിറകിലും.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതൃഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ആ ദിവ്യബലിയില്‍ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കര്‍മ്മതലങ്ങള്‍ സിസ്റ്റര്‍ കാര്‍മേല്‍ തൃപ്തിയോടും ആത്മനിര്‍വൃതിയോടും സമര്‍പ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഓര്‍മ്മകളും ആ മകള്‍ സമര്‍പ്പണം ചെയ്തു ദിവ്യബലിയില്‍.
കുര്‍ബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനില്‍ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഇരിക്കാന്‍ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങള്‍ നില്ക്കുന്നത് കൗതുകപൂര്‍വ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോണ്‍ തന്റെ അമ്മായിയുടെ പിറകില്‍ നടന്നു.
പിതാവിന്റെ കല്ലറ കാണാന്‍ മനസ്സ് വെമ്പല്‍കൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.

ശവകല്ലറകള്‍ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകള്‍ക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ ഓട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകള്‍ പേരുകള്‍ക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വര്‍ഷങ്ങള്‍ പഴക്കമുള്ള കല്ലറകള്‍ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവര്‍ക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!.... തന്റെ പിതാവിന്റെ കല്ലറ!
മാര്‍ബിളില്‍ തീര്‍ത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയില്‍ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഓര്‍മ്മിപ്പിക്കും വിധത്തില്‍ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകന്‍ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീര്‍ത്ത സല്‍ക്കര്‍മ്മം. ഓര്‍മ്മകളെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന കല്ലറകള്‍!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കള്‍വിതറി, നടുവില്‍ പൂക്കളില്‍ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശില്‍ ചുവപ്പ് റോസാപൂക്കളില്‍ തീര്‍ത്ത വലിയൊരുമാലയും ചാര്‍ത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികള്‍ കുത്തിനിറുത്തിയിരിക്കുന്നു. അവയില്‍ തിരികൊളുത്താന്‍ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റര്‍ കാര്‍മേല്‍ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി അവള്‍ പറഞ്ഞു.
"" ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റര്‍ ആന്റി ഇതൊക്കെ.''
സിസ്റ്റര്‍ കാര്‍മേല്‍ അവളെ അണച്ചുപിടിച്ച് നെറ്റിയില്‍ ചുംബിച്ചു.
ഷാരോണ്‍ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവന്‍ പ്രാപിച്ചവളെപോലെ സിസ്റ്റര്‍ കാര്‍മേലും ഒരു തിരികത്തിച്ചു. അതിനുമുന്നില്‍ വിതുമ്പലോടെ നിന്നു. വിറയാര്‍ന്ന അധരങ്ങളില്‍ നേരിയ ചലനങ്ങള്‍. ആ ചലനങ്ങള്‍ പ്രാര്‍ത്ഥനയാണോയെന്ന മട്ടില്‍ ഷാരോണ്‍ നോക്കി.
പ്രാര്‍ത്ഥനയല്ല.
""അപ്പച്ചാ.......അപ്പച്ചാ.....എന്റെ അപ്പച്ചാ......'' ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകള്‍ കല്ലറ കാല്‍ക്കല്‍ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാല്‍ക്കല്‍ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേര്‍ത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകള്‍ മുഖം അമര്‍ത്തി വെച്ച് കണ്ണീര്‍വാര്‍ത്തു.
ഷാരോണിന്റെ മിഴികളിലും നീര്‍കണികകള്‍.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയില്‍ നിന്നും സിസ്റ്റര്‍ കാര്‍മേല്‍ വിടുതല്‍തേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോണ്‍ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റര്‍ കാര്‍മേല്‍ കണ്ടത്.
"" അതാ........അതാ........ഒരു വെള്ളരി പ്രാവ്......'' ചേതോഹരമായ ആ മാര്‍ബിള്‍ കുരിശിന്റെ മധ്യത്തില്‍ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സില്‍ തൃപ്തിയുടെ വേലിയേറ്റങ്ങള്‍. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റര്‍ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയില്‍ നിന്നും വിടുതല്‍ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കല്‍കൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
""മോളെ....എന്റെ മോളെ.... ഈ സിസ്റ്ററാന്റിക്ക് സന്തോഷമായി....'' ഷാരോണ്‍ ജന്മപൂര്‍ണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികള്‍ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റര്‍ തുടര്‍ന്നു.
"" കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്..എന്നാലും..... എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങള്‍. തൃപ്തിയായി മോളെ....തൃപ്തിയായി......''
പറഞ്ഞുതീര്‍ന്നയുടനെ സിസ്റ്റര്‍ തന്റെ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായില്‍വെച്ചുകൊടുത്തു. അവള്‍ ചിരിച്ചുകൊണ്ട് നോക്കിയപ്പോള്‍ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോള്‍ ഇതാണ് ഒരാശ്വാസം.
അവര്‍ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റര്‍ നിശ്ശബ്ദം പ്രാര്‍ത്ഥന നടത്തി.
ഈ സമയത്ത് ഷാരോണ്‍ കയ്യില്‍ കരുതിയിരുന്ന ചെറിയ ബാഗില്‍ നിന്നും ഒരു പുസ്തകമെടുത്ത് നിവര്‍ത്തി. പ്രാര്‍ത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റര്‍ പറഞ്ഞു.
"" ങേ! ഇതെന്താ?. ""മാല്‍ഗുഡി ഡേയ്‌സ് ''  വളരെ പഴയതാണല്ലോ. ആര്‍.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളില്‍ ഇറങ്ങിയതാണ്. അന്‍പതിലധികം പതിപ്പുകള്‍ വന്നുകഴിഞ്ഞു. എന്നാലും  പുതുപുത്തന്‍ തന്നെ. അല്ലാ..... ഇതെന്താ മോളിപ്പം വായിക്കുന്നത് ''
"" സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷന്‍ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ''
"" ങ്ഹാ...ങാഹാ... എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം  കിട്ടുന്നത് പുസ്തകങ്ങളില്‍ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്.... വെരിഗുഡ്....വായന തലച്ചോറിന്റെ ആഘോഷമാണ്.''
""ജാക്കിയും നല്ല വായനക്കാരനാണ്..'' ഷാരോണ്‍ ഉത്സാഹത്തോടെ പറഞ്ഞു.
അവള്‍ തുടര്‍ന്നു.
"" ഞാന്‍ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാര്‍ട്ടം നോവലും മാര്‍ഗ്രറ്റ് അറ്റ്‌വ്യുട്ടിന്റെ ദി ബ്ലൈയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയന്‍ ചെയ്തില്ല.''
""ഹേയ് ! അവന്‍ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തില്‍ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവന്‍
അവന്‍ അവിടെ വന്നതല്ലേയുള്ളു. മോള്‍ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാന്‍ മടങ്ങിചെന്നിട്ട് മോള്‍ക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ''. അവളുടെ കണ്ണുകള്‍ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
"" അതുമതി ആന്റി'' "" ഇംഗ്ലീഷുകാര്‍ ധാരാളം വായിക്കുന്നവരാണ്.  പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോള്‍ക്ക് ജാക്കിയെ ഇഷ്ടമാണോ?
""ഇഷ്ടമാണാന്റി.'' പെട്ടന്നവള്‍ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കല്‍ സിസ്റ്റര്‍ കാര്‍മേല്‍ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാര്‍ത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റര്‍ കാര്‍മേലിന്റെ വക ഒരു കുസൃതിചോദ്യം.
""ങേ!ങേ! എങ്ങനത്തെ ഇഷ്ടം....?'' പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
"" ഇഷ്ടം....ഇഷ്ടം....മാത്രം. വേറെ.... ഒന്നുമില്ല.....''
""വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ.....? ഞാന്‍ ചോദിച്ചോ....?''
ഷാരോണ്‍ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേര്‍ന്നൊരു മുഖഭാവത്തോടെ അവള്‍
""പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ....'' ഒരു കള്ള  ശുണ്ഠി ആ ഓമന മുഖത്തില്‍ അഴക് വര്‍ദ്ധിപ്പിച്ചു. ""ങേ്....എങ്ങനൊന്നുമല്ലാന്ന്'' സിസ്റ്റര്‍ വിട്ടുകൊടുക്കാതെ തന്നെ പിന്‍തുടര്‍ന്നു.
അവളുടെ നാണം  കലര്‍ന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റര്‍ തുടര്‍ന്നു. ഉള്ളില്‍ ചിരിയും ഊര്‍ന്നുവരുന്നുണ്ട്.
"" അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം...''
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
"" അയ്യോ...അയ്യോ...വേണ്ട....വേണ്ട...'' ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉള്‍വാങ്ങിയപോലെ സിസ്റ്റര്‍ കാര്‍മേല്‍ തുടര്‍ന്നു.
"" ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകള്‍ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാള്‍ വലുത് മനുഷ്യനാണ്. മനുഷ്യര്‍ സ്‌നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.'' ഷാരോണ്‍ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
"" സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കില്‍ ധാരാളം വായിക്കണം അല്ലേ?
""ഉം...ഉം...വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകള്‍ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളില്‍ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകള്‍ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോര്‍ഡില്‍ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.''

ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോള്‍ അവള്‍ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
"" സിസ്റ്ററാന്റി!  നമുക്ക് മറ്റു മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കാന്‍ നിയന്ത്രണങ്ങളുണ്ടോ?''
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടര്‍ന്നു. ""ങ്ഹാ! പഴയകാലങ്ങളില്‍ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സല്‍ക്കര്‍മ്മം മുഴുവനായും മനസ്സിലാക്കാന്‍ നാം ഖുര്‍ആന്‍ വായിക്കണം. കര്‍മ്മങ്ങള്‍ എന്തെന്ന് മനസ്സിലാക്കാന്‍ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യര്‍ തെറ്റില്‍ നിന്നും തെറ്റിലേക്ക് പോകുന്നത്''
""അതൊരു സത്യമാണ് സിസ്റ്ററാന്റി''
""നോക്കു മോളെ! സ്‌നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉള്‍കരുത്താണ് നമ്മുടെ മതം.''
സിസ്റ്റര്‍ അല്പം നിര്‍ത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റര്‍ തുടര്‍ന്നു.
"" എന്നാല്‍ മറ്റോന്ന് കര്‍മ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയില്‍ നമുക്ക് ദര്‍ശിക്കാം...
കര്‍മ്മണ്യേ വാദികാരസ്‌തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങള്‍ പ്രതിഫലം പ്രതീക്ഷിക്കാത്ത കര്‍മ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും   ധ്യാനവും പ്രാര്‍ത്ഥനയും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള
നിഷ്കാമ കര്‍മ്മമാണ്.''  ""ആന്റി....സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ......പറഞ്ഞു താ......'' ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ കൊഞ്ചി പറഞ്ഞു.
"" എന്റെ പൊന്നുമോളെ...എന്റെ സുന്ദരിക്കുട്ടി.....''
മന്ദഹാസ പ്രഭയോടെ സിസ്റ്റര്‍ അവളെ അണച്ചു പിടിച്ചു മൂര്‍ദ്ധാവില്‍ ചുംബിച്ചു. ആ ചുംബനത്തില്‍ നിറഞ്ഞു നിന്നത് എരിയുന്ന സ്‌നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തില്‍ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവള്‍ ആരാഞ്ഞു.
"" അവര്‍ എന്താണ് നമ്മുടെ മദ്ധ്യത്തില്‍ ജീവിക്കുന്ന ഈ പാപികളായ മനുഷ്യരെ നന്മയിലേക്ക്

നയിക്കാന്‍ വരാത്തത്.'' സിസ്റ്റര്‍ കാര്‍മേല്‍ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. "" മോളെ ശാസ്ത്രജ്ജന്‍മാര്‍ക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഈ ലോകത്തിനായി നന്മക്കായി പ്രാര്‍ത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരന്‍ന്മാര്‍. വ്യാസമഹര്‍ശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയില്‍ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാല്‍മീകി മഹര്‍ഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോള്‍ തിന്മകള്‍ പെരുക്കും. വിശുദ്ധവചനങ്ങള്‍ തന്നത് മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാര്‍ രക്തസാക്ഷികളായില്ലേ?  എന്തിനാണവരെ കൊന്നത്? തിന്മകളെ എതിര്‍ത്തതിന്. നല്ല വചനം ജീവനാണ്.''
ഷാരോണ്‍ മിഴിവിടര്‍ത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.

""അല്ല കൊച്ചേ! നമുക്ക് വീട്ടില്‍പോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടന്‍ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല.  വാ....വാ... പോകാം...'' സിസ്റ്റര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. ""ആന്റി....സിസ്റ്ററാന്റീ എനിക്ക് ഇനിയും  കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി.... പറഞ്ഞുതാ.......''  "" എന്റെ പൊന്നുമോളെ...എന്റെ സുന്ദരിക്കുട്ടി.....'' അതേ വികാരവേശത്തോടെ തന്നെ സിസ്റ്റര്‍ അവളെ അണച്ചു പിടിച്ചു മൂര്‍ദ്ധാവില്‍ ചുബിച്ചു.
""ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയില്‍ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാര്‍ത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവര്‍ക്ക് പാഠമാകുന്നു. അവരുടെ ധര്‍മ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ...പക്ഷെ...... എല്ലാറ്റിനുമുപരി ഈ ലോകത്തിന് സ്‌നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.''
""നമുക്ക് ഇനിയും ഇവിടെ വരണം''

""ഉം...ഉം വരാം. മേളുവാ.....''
സിസ്റ്റര്‍ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പല്‍ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകള്‍ കാണാന്‍ പുറപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക