Image

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിക്ക് തിരിതെളിഞ്ഞു

Published on 07 February, 2020
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിക്ക് തിരിതെളിഞ്ഞു
ലണ്ടന്‍: അറബിക്കടലിന്റെ റാണിയായ കൊച്ചിയ്ക്കു മാത്രമല്ല കലാകേരളത്തിന്റെ തിലകക്കുറിയായി മാറിയ കലാഭവന്‍ ഇനി ലണ്ടനിലും. മലയാളിയുള്ളടത്തോളം കാലം എന്നും സ്മരിക്കപ്പെടുന്ന കലാഭവന്‍, കലയുടെ ചേതന എന്നും നിറകതിരായി വസന്തമായി വിരിഞ്ഞ സരസ്വതി ക്ഷ്രേത്രത്തിന്റെ ലണ്ടന്‍ അക്കാഡമിയ്ക്ക് തുടക്കമായി.

യുക്മയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ലാറ്റിമെര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദരസന്ധ്യ 2020 ന്റെ മെഗാ ഇവന്റ് വേദിയില്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡിന്റെ പിതാവുമായ കെ.എസ് പ്രസാദ്
കലാഭവന്‍ ലണ്ടന്‍ 'അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സുവര്‍ണജൂബിലി നിറവിലെത്തിയ കലാഭവന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും, പ്രകടനങ്ങളും കൂട്ടിയിണക്കി സാങ്കേതിക സഹായത്തോടെ എല്‍ഇഡി സ്‌ക്രീനില്‍ ഒരു ദൃശ്യവിരുന്നൊരുക്കിയാണ് കലാഭവനെ സദസിന് പരിചയപ്പെടുത്തിയത്. കൈരളിയുടെ കലാസംസ്‌ക്കാരം കലാഭവനിലൂടെ ബ്രിട്ടനില്‍ പൂത്തുലയട്ടെയെന്ന് കെഎസ് പ്രസാദ് ആശംസിച്ചു.

യുക്മ പുരസ്‌കാരം നേടിയ കുന്നത്തുനാട് എംഎല്‍എ അഡ്വ. വി.പി. സജീന്ദ്രന്‍, യൂറോപ്പിലെ മലയാളി മാദ്ധ്യമപ്രവര്‍ത്തകനും കലാഭവന്‍ ഷെയര്‍ ഹോള്‍ഡറുമായ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ലണ്ടന്‍ കലാഭവനിലൂടെ മികച്ച കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ കഴിയട്ടെയെന്ന് എംഎല്‍എ ആശംസിച്ചു. കലയുടെ കേളി വസന്തമായി എല്ലാ കലകളെയും ഉള്‍ക്കൊണ്ടുള്ള ആബേലച്ചന്റെ ദീര്‍ഘവീക്ഷണം കലാഭവനെ സമാനതകളില്ലാത്ത ഒരു കലാ കേന്ദ്രമാക്കി ഉയര്‍ത്തിയതും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പ്രത്യേകിച്ച് ജര്‍മനിയില്‍ നിരവധി തവണ കലാഭവന്റെ ബാനറില്‍ സ്റ്റേജ് ഷോകള്‍ നടത്തിയതും ജോസ് കുമ്പിളുവേലില്‍ അനുസ്മരിച്ചു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയിസന്‍ ജോര്‍ജ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പുതുതലമുറയിലെയും യുവതലമുറയിലെയും കലാവാസനയുള്ള കുട്ടികളെ കേരളത്തിന്റെ പൈതൃക കലകള്‍ അഭ്യസിപ്പിയ്ക്കാന്‍ മാതാപിതാക്കള്‍ മുന്നോട്ടുവരണമെന്ന് ജെയിസണ്‍ അഭ്യര്‍ത്ഥിച്ചു.

മികച്ച യുക്മ ദേശീയ ഭാരവാഹികളായ മനോജ് മുകാര്‍ പിള്ളൈ, എബി സെബാസ്റ്റ്യന്‍, അലക്സ് വര്‍ഗീസ്, എബ്രഹാം പൊന്നുംപുരയിടം, അനീഷ് ജോണ്‍, യുക്മ പുരസ്‌ക്കാരം നേടിയ ജോളി തടത്തില്‍(ജര്‍മനി), മേഴ്സി തടത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഷാര്‍ജ, ഖത്തര്‍, ദുബായ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും, സിംഗപ്പൂരിലും ലണ്ടനിലെപ്പോലെ ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

1969 സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച കലാഭവന്റെ ശില്‍പ്പി മണ്‍മറഞ്ഞ ആബേലച്ചനാണ്. സിഎംഐ സഭയിലെ അംഗമായ ആബേലച്ചന്‍ തന്റെ സഭയുടെ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വാക്കുകളെ അക്ഷരം പ്രതി പ്രാവര്‍ത്തികമാക്കിയ ഒരു പുണ്യാത്മാവാണ്. അതുകൊണ്ടുതന്നെ ചാവറയച്ചന്റെ വാക്കുകളെ കടമെടുത്താല്‍ പള്ളിയ്ക്കൊരു പള്ളിക്കുടം എന്ന ആപ്തവാക്യത്തില്‍ ആബേലച്ചന്‍ അത് ഒരു വീടിനൊരു കലാകാരന്‍ എന്ന സ്വതസിദ്ധമായ തത്വത്തിലൂടെ കലാഭവനെ കലയുടെ വലിയൊരു സങ്കേതമാക്കി മാറ്റുകയായിരുന്നു.

സംഗീതംപോലെ തന്നെ മിമിക്രിയെന്ന കലയെ ജനകീയമാക്കിയെന്നു മാത്രമല്ല മിമിക്രി ലൈവ് പരേഡിലൂടെ('മിമിക്സ് പരേഡ്') കേരളത്തിലെ ആദ്യത്തെ സംഘടിത പ്രകടനം നടത്തുന്ന മിമിക്രി ഗ്രൂപ്പായി കലാഭവനെ ശ്രദ്ധേയമാക്കി. അതിലൂടെ കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ മലയാളികള്‍ക്കിടയില്‍ മിമിക്രി കലയെ ജനപ്രിയമാക്കി. അതുപോലെതന്നെ ആരംഭകാലം മുതല്‍, കലാഭവന്‍ അഭിനേതാക്കളുടെ അഭിനയ കേന്ദ്രമായി നിലകൊള്ളുകവഴി നിരവധി അഭിനേതാക്കളെയും ചലച്ചിത്ര സംവിധായകരെയും കലാഭവന്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും സാധിച്ചു.

ഏതു കാര്യത്തിനും നായകത്വം മികച്ചതെങ്കില്‍ അതിന്റെ വിജയവും ഒന്നുവേറെതന്നെയാണ്. അതായിരുന്നു ആബേലച്ചന്‍. കഴിവുള്ള കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് വേണ്ടത്ര പരിശീലനവും പ്രോല്‍സാഹനവും നല്‍കുന്നതിലും ആബേലച്ചന്‍ കാണിയ്ക്കുന്ന അര്‍പ്പണം ഏറെ കണ്ടറിഞ്ഞിട്ടുള്ളവരാണ് ജര്‍മന്‍ മലയാളികള്‍.

വിഷയം ചെറുതായാലും വലുതായാലും അതിലെ നര്‍മ്മം എങ്ങനെ പൊതുജനങ്ങളില്‍ കാലാകരന്മാരിലൂടെ സന്നിവേശിപ്പിയ്ക്കാമെന്ന് ജര്‍മനിയിലെ പല സ്റ്റേജ് ഷോകളിലും കലാഭവന്‍ തെളിയിച്ചിട്ടുണ്ട്.ആബേലച്ചനും സംഘവും ജര്‍മനിയില്‍ എത്തിയപ്പോഴൊക്കെ അവരുടെ കൂടെ ഇടപഴകാനും പ്രത്യേകിച്ച് കൊളോണില്‍ നടത്തിയ സ്റ്റേജ് ഷോകളില്‍ സഹായിയായി പ്രവര്‍ത്തിയ്ക്കാനും ലേഖകന് കഴിഞ്ഞിരുന്നു.

സ്റ്റേജിലായാലും പിന്നണിയിലായാലും അച്ചന്റെ കാര്‍ക്കശ്യം കലാകാരന്മാരെ ഏറെ സ്വാധീനിച്ചിരുന്നു എന്ന് നേരിട്ടറിവുള്ളതാണ്. വലിയൊരു ഗ്രൂപ്പായിട്ടാണ് ഇവര്‍ ജര്‍മനിയില്‍ ഷേജ് ഷോയ്ക്ക് എത്തിയിട്ടുള്ളത്. സംഗീതം, നൃത്തം, മിമിക്രി, സ്‌കിറ്റ്, സോളോ അങ്ങനെ വൈവിദ്ധ്യമാര്‍ന്ന മികവുള്ള പരിപാടികള്‍ ലൈവായി അവതരിപ്പിയ്ക്കുന്നതില്‍ ആബേലച്ചന്റെ നേതൃത്വവും കര്‍മ്മശേഷിയും കൂര്‍മ്മ മുനയും കലാഭവന്‍ പരിപാടികളുടെ നിലവാരം വിളിച്ചോതുന്നവയായിരുന്നു.

റിപ്പോര്‍ട്ട് : ജോസ് കുമ്പിളുവേലില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക