Image

സ്ത്രീകള്‍ക്ക് വാളെടുക്കാമെങ്കില്‍ മുഷ്ടിയുയര്‍ത്തിയാലെന്താണ്.? (സുരഭി ഫൈസല്‍)

സുരഭി ഫൈസല്‍ Published on 29 January, 2020
സ്ത്രീകള്‍ക്ക് വാളെടുക്കാമെങ്കില്‍ മുഷ്ടിയുയര്‍ത്തിയാലെന്താണ്.? (സുരഭി ഫൈസല്‍)
പ്രവാചകപത്‌നി ആയിഷാബീവി നേരിട്ടുനയിച്ച ജമല്‍ യുദ്ധത്തെക്കുറിച്ച് ഇസ്ലാമികചരിത്രം പഠിച്ച പണ്ഡിതര്‍ മറന്നുപോയതാണോ..?

യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് നയിച്ച വനിതാരത്‌നങ്ങള്‍ ഇസ്ലാമിലുണ്ടായിട്ടില്ലേ.. പിന്നെയെന്താണ് ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് സമരമുഖത്തേക്കിറങ്ങിയാല്‍...?

ജാറങ്ങളില്‍, മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ കൊട്ടിഘോഷിച്ചു നടത്തുന്ന ചന്ദനക്കുട / ഹുറൂസ് നേര്‍ച്ചകളില്‍ സ്ത്രീകള്‍ കൂട്ടംകൂട്ടമായി പങ്കെടുക്കുന്നില്ലേ.?
 
ആര്‍ഭാടങ്ങളുടെയും   അനാചാരങ്ങളുടെയും ആഭാസങ്ങളുടെയും കൂത്തരങ്ങുകളായി അധഃപതിച്ച വിവാഹ ആഘോഷങ്ങളില്‍ അനിസ്ലാമികമായിതന്നെ വസ്ത്രം ധരിച്ചുകൊണ്ട് മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നില്ലേ.?

ഇത്തരം ആഭാസങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന അതേ പണ്ഡിതര്‍ക്ക് എങ്ങിനെയാണ് മുസ്ലീമായതിന്റെ പേരില്‍ മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നതിനെതിരായ  
ഒരു ചരിത്രസമരത്തില്‍ പങ്കെടുത്ത് മുഷ്ടിയുയര്‍ത്തുന്നതിനെ എതിര്‍ക്കാനാവുക.?

ആതുരമേഖലയില്‍ ജോലിയെടുക്കാന്‍ മുസ്ലീം സ്ത്രീകളെ അനുവദിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ.?

യുദ്ധമുഖങ്ങളില്‍ പരിക്കുപറ്റിയവരെ പരിചരിച്ചിരുന്ന വനിതകളെക്കുറിച്ച് യാഥാസ്ഥിതിക പുരോഹിതന്മാരെ ഓര്‍മിപ്പിക്കുകയും
ആ ഓര്‍മ്മപ്പെടുത്തലുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പണ്ട് എതിര്‍ത്തു ഫത്വവ പുറപ്പെടുവിച്ച അതേ സംഘടനകള്‍ക്ക് കീഴില്‍ കൂണൂകള്‍ പോലെ മെഡിക്കല്‍ കോളേജുകളൂം സ്ത്രീകള്‍ക്കുമാത്രമായുള്ള നഴ്‌സിങ് കോളേജുകളും  മുളച്ചുവന്നതും നാം തന്നെ കണ്ടതാണ്.

ആണ്‍ മേധാവിത്വമുള്ള ഒരു സാമൂഹികവ്യവസ്ഥ ശക്തിപ്പെട്ടപ്പോള്‍, അധികാരത്തിന്റെ ഗര്‍വ്വില്‍ വീടിന്റെയുള്ളിന്റെ ഉള്ളാണു നിനക്കുത്തമമെന്ന് പറഞ്ഞ്, അടുക്കളയിലും അകത്തളങ്ങളിലും തളയ്ക്കപ്പെടുന്ന അവസ്ഥ പൊതുവേ എല്ലാ മതസമൂഹങ്ങളിലും കടന്നുപോയിട്ടുണ്ട്.
എന്നാല്‍,  അവിടേയും വിദ്യഭ്യാസപരമായും മറ്റും  കൂടുതലും പിന്നോക്കം നിര്‍ത്തപ്പെട്ടത്  മുസ്ലീം സ്ത്രീകള്‍ തന്നെയാണെന്ന സത്യം ആര്‍ക്കാണ് നിഷേധിക്കാനാവുക. സ്ത്രീരത്‌നങ്ങളിലെ ഉത്തമ മാതൃകയായി ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തിയ വ്യവസായ പ്രമുഖയായിരുന്ന പ്രവാചക പത്‌നി ഖദീജാബീവിയുടെ സാമൂഹിക ഇടപെടലുകളെ മനപ്പൂര്‍വ്വം മറന്നുപോയതായിരുന്നു അതിന് കാരണം.

ലോക സമൂഹങ്ങളിലും ശാസ്ത്രലോകത്തും സ്ത്രീയുടെ ബൗദ്ധീകവും ചിന്താപരവുമായ തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ പൊതുവെ പുരുഷ മേധാവിത്വം അനുവദിക്കാതിരുന്നിട്ടുള്ളത് ചരിത്രപരമായ മണ്ടത്തരമാണെന്ന വസ്തുത ആര്‍ക്കാണറിയാത്തത്.?

അവിടെയും മുസ്ലീം സ്ത്രീകളുടെതായുള്ള  സംഭാവനകള്‍ കേവലം വിരലിലെണ്ണാവുന്നത്ര പോലും രേഖപ്പെടുത്താതെ പോയതിനുപിന്നില്‍ പൗരൊഹിത്യത്തിന്റെ മൂഢശാഠ്യമല്ലാതെ പിന്നെയെന്താണ്.?

ചൂഷണത്തിന്റെ ഭാഷയിലേക്ക് ഇസ്ലാമിന്റെ മൂല്യങ്ങളെ ഒതുക്കിയ മതാധ്യക്ഷന്മാര്‍ക്കെതിരെയോ, പൊതുവായുള്ള സാമൂഹിക പ്രശ്‌നങ്ങളിലോ സ്വതന്ത്രമായി പ്രതികരിക്കുന്ന സ്ത്രീകളെ അവഹേളിക്കാനുള്ള, കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ മതസംഘടനകളിലെ പുരുഷമേല്‍ക്കോയ്മയ്ക്ക് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. ഇന്നും സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായുള്ള ആള്‍ക്കൂട്ട ആക്രോശങ്ങളെ നിരന്തരം കാണുകയും അതിനെതിരെ ക മാ എന്നൊരക്ഷരം മിണ്ടാതിരിക്കുകയും ചെയ്തിട്ട് ഇസ്ലാമികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെടാനാവുന്ന സമസ്തമേഖലയിലും ഇടപെട്ടുകൊണ്ട് പ്രതികരിക്കാനുള്ള, പ്രതിഷേധിക്കാനുള്ള മുസ്ലീംസ്ത്രീകളുടെ അവകാശത്തെ എന്തിനാണ് കൂച്ചുവിലങ്ങിടുന്നത്.?

പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള മുസ്ലീം സ്ത്രീകളുടെ ചങ്കൂറ്റത്തെ, ആത്മവിശ്വാസത്തെ തകര്‍ക്കുന്ന അനവസരങ്ങളിലെ ഇത്തരം പ്രഖ്യാപനങ്ങളെ പണ്ഡിത സമൂഹം പുനഃപരുശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് നിറുത്തുന്നു.

സ്ത്രീകള്‍ക്ക് വാളെടുക്കാമെങ്കില്‍ മുഷ്ടിയുയര്‍ത്തിയാലെന്താണ്.? (സുരഭി ഫൈസല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക