Image

കളക്ടര്‍ ബ്രോയും, 'ക്വിസ് മാനും' സാരഥി കുവൈറ്റിനൊപ്പം

Published on 28 January, 2020
കളക്ടര്‍ ബ്രോയും, 'ക്വിസ് മാനും' സാരഥി കുവൈറ്റിനൊപ്പം
കുവൈത്ത്: 'കളക്ടര്‍ ബ്രോ' എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍ ഐഎസ്, ഡയറക്ടര്‍ - കെഎസ്ഐഎന്‍സി, കെഐഡിസി (മുന്‍ കോഴിക്കോട് കളക്ടര്‍) സാരഥി കുവൈറ്റ് നടത്തിയ മോട്ടിവേഷണല്‍ / പേഴ്സണാലിറ്റി ഡെവലപ്മെന്റ് പങ്കെടുത്ത് ക്ലാസെടുത്തു. ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ ഡയറക്ടറും കേരളത്തിലെ ക്വിസ് മാന്‍ എന്നറിയപ്പെടുന്ന സ്‌നേഹജ് ശ്രീനിവാസനും കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അഭിസംബോധന ചെയ്തു.

സാരഥി കുവൈറ്റിന്റെ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 25 ന് മംഗഫിലെ ഇന്ദ്രപ്രസ്ഥയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ' പരാജയങ്ങളെ എങ്ങനെ വിജയത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാം' എന്ന വിഷയത്തില്‍ പ്രശാന്ത് നായര്‍ ഐഎഎസ് സംസാരിക്കുകയും സംവേദനാത്മക സെഷനില്‍ ഐഎഎസിലേക്ക് താന്‍ എത്തിപെടാനുള്ള അനുഭവം ഉള്‍പ്പെടെ പല അനുഭവങ്ങളും വിദ്യാര്‍ഥികളുമായി പങ്കുവച്ചു.

ക്വിസ് മാന്‍ സ്‌നേഹജ് ശ്രീനിവാസന്‍ 'എങ്ങനെ പഠനത്തെ ഒരു വിനോദമാക്കി മാറ്റാം' എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുകയും അറിവ് ഫലപ്രദമായി നേടുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള നുറുങ്ങുകള്‍ പങ്കിടുകയും ചെയ്തു.

സാരഥി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. സുരേഷ് യോഗത്തെ സ്വാഗതം ചെയ്യുകയും കേരളത്തിലെ സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് (SCFE) നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സാരഥി ജനറല്‍ സെക്രട്ടറി കെ.ആര്‍. അജി നന്ദി പറഞ്ഞു.

സാരഥി വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍, ട്രഷറര്‍ സി.വി. ബിജു, ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാര്‍, ട്രഷറര്‍ രാജീഷ് മുല്ലക്കല്‍, വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, ജോയിന്റ് സെക്രട്ടറി ബിനുമോന്‍, വനിതാവേദി ചെയര്‍പേഴ്സണ്‍ ബിന്ദു സജീവ്, സാരഥി, ജോയിന്റ് സെക്രട്ടറി സബീഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക