Image

താളമേളങ്ങളുടെ "തടിതുള്ളല്‍" (എന്റെ വൈക്കം 7: ജയലക്ഷ്മി)

Published on 27 January, 2020
 താളമേളങ്ങളുടെ "തടിതുള്ളല്‍" (എന്റെ വൈക്കം 7: ജയലക്ഷ്മി)
വൈക്കത്തമ്പലത്തിനോട് അല്പം വടക്കു മാറി കാലാക്കല്‍ അമ്പലം ഉണ്ട് .വൈക്കത്തപ്പന്‍റെ പരിവാരങ്ങളില്‍ ശ്രേഷ്ഠനായ നന്ദികേശ്വരനാണ് കാലാക്കലെ പ്രധാന പ്രതിഷ്ഠ. ഈ പ്രതിഷ്ഠാമൂര്‍ത്തിയെ കാലാക്കല്‍ വല്ല്യച്ഛന്‍ എന്നും അറിയപ്പെടുന്നു.പ്രധാനമൂര്‍ത്തിയെ കൂടാതെ ഘണ്ടാകര്‍ണ്ണന്‍, ഭദ്ര, യക്ഷി, സര്‍പ്പം മുതലായ ഉപദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.പത്താമുദയ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം,വൈക്കം ക്ഷേത്രത്തിലെ നട അടച്ചുകഴിഞ്ഞാല്‍ ( അത്താഴപ്പൂജയും, ശ്രീബലിയും കഴിഞ്ഞ് ) പിന്നെ പള്ളി ഉണര്‍ത്തുന്നതുവരെയുള്ള ക്ഷേത്രസംരക്ഷണച്ചുമതല കാലാക്കല്‍ വല്ല്യച്ഛനാണ് എന്നാണ് വിശ്വാസം. അത്യന്തം ക്ലേശകരമായ, വൈക്കത്ത് വലിയ ഭജനം നടത്തി നിരവധി അഗ്‌നി പരീക്ഷണങ്ങളില്‍കൂടി കടന്ന് വൈക്കത്തപ്പന്‍റെ പരമപ്രീതിക്കു പാത്രമായ അതീവസുകൃതിയായിരുന്ന മഹാപണ്ഡിതനായ വൈക്കത്ത് പാച്ചുമൂത്തത്(വൈദ്യന്‍, സാഹിത്യകാരന്‍, സാമ്പത്തിക വിദഗ്ദ്ധന്‍ തുടങ്ങി വിവിധമേഖലകളില്‍ കഴിവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്നു വൈക്കത്തു പാച്ചുമൂത്തതു്.) – അദ്ദേഹം ഭജനത്തിന്‍റെ ചടങ്ങായ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു അപൂര്‍വ്വദൃശ്യം കണ്ടു. ഒരു കൈകൊണ്ട് ശ്രീകോവിലിന്‍റെ താഴികക്കുടത്തില്‍ പിടിച്ചുകൊണ്ട് ഒരു അത്ഭുതരൂപം ചുറ്റുമതിലിന്മേല്‍കൂടി നടന്ന് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. ഇത് കാലാക്കല്‍ വല്ല്യച്ഛനായിരുന്നു എന്നാണ് വിശ്വാസം. വൈക്കത്തപ്പന്‍റെ എഴുന്നള്ളത്ത് ക്ഷേത്രമതില്‍ക്കകം വിട്ട് എവിടെപ്പോയാലും കാലാക്കല്‍ ക്ഷേത്രത്തില്‍നിന്നും കൊണ്ടുവരുന്ന ഉടവാളും പിടിച്ചുകൊണ്ട് ഒരാള്‍ അകമ്പടി സേവിക്കണം എന്നൊരാചാരം കാലാക്കല്‍ ക്ഷേത്രത്തിനും വൈക്കം ക്ഷേത്രത്തിനും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിക്കുന്നു. വൈക്കം ദേവസ്വത്തില്‍നിന്നും കാലാക്കല്‍ ക്ഷേത്രത്തിലേക്ക് ആവശ്യം വേണ്ട വിളക്കെണ്ണ കൊടുക്കുന്ന ഒരു ഏര്‍പ്പാടും ഉണ്ട്.ഇവിടെ പത്താമുദയ ഉത്സവത്തിന് കളം പാട്ടും പിന്നെ തടി തുള്ളലും ഉണ്ട് .ആള്‍ത്തടി ആണ് പ്രധാനം പിന്നെ നമ്മുക്ക് ചെറിയ രീതിയില്‍ കൈത്തടി, കാല്‍ത്തടി ഇവ നടത്താം.കവുങ്ങിന്‍ പാളയില്‍ അരിപ്പൊടി ശര്‍ക്കര എന്നിവയെല്ലാം ചേര്‍ത്തു കനലില്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.വീട്ടില്‍ ഇതുണ്ടാക്കുവാനായി അടുത്തുള്ള ഒരാള്‍ ഉണ്ടായിരുന്നു (വേങ്കി നാണു) അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല

ഈ തടി ചുടുന്നതു പറമ്പില്‍ വളരെ വൃത്തിയാക്കപ്പെട്ട ഒരിടത്തു ആയിരിക്കും
പക്ഷെ ഒരിക്കല്‍ പോലും അത് കാണുവാന്‍ വേണ്ടി അനുവാദം ഞങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല .വൈകിട്ട് എണ്ണയും കര്‍പ്പൂരവും ചന്ദനത്തിരിയുമെല്ലാം ആയി ഈ തടിയും കൊണ്ട് ഞങ്ങളെല്ലാം കൂടി കാലാക്കല്‍ പോവും അവിടെ അത് നേദിച്ച ശേഷം വീട്ടില്‍ കൊണ്ടുവരും. ആള്‍ത്തടി ബഹു കേമം ആയാണ് കൊണ്ട് പോവുക ഒരുപാടു ആളുകള്‍ മേളം എന്നിവയെല്ലാം ചെന്ന് വളരെ ആഘോഷമായിട്ടു, ആള്‍ത്തടി നടത്തുന്ന വീടുകളില്‍ രാവിലെ തന്നെ മേളം ഉയരും. രാത്രിയാകുമ്പോള്‍ താളമേളങ്ങളുടെ അകമ്പടിയോടെ ഇത്  ക്ഷേത്രത്തില്‍ എത്തിക്കും "തടിതുള്ളല്‍" എന്നാണ്  പറയാറ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക