Image

"ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തു൦", കോണ്‍ഗ്രസ്‌ നേതാവിന്‍റെ പ്രവചന൦

Published on 27 January, 2020
"ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തു൦", കോണ്‍ഗ്രസ്‌ നേതാവിന്‍റെ പ്രവചന൦

ജയ്പൂര്‍: രാജ്യമൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്. അധികാരം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയും അധികാരം പിടിച്ചെടുക്കാന്‍ BJPയും തീവ്ര ശ്രമത്തിലാണ്. ഒപ്പം ഡല്‍ഹിയില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താന്‍ 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിയും രംഗത്തുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണ മികവ് എടുത്തുകാട്ടി ആം ആദ്മി പാര്‍ട്ടി വോട്ട് തേടുമ്ബോള്‍, ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല എന്ന കാരണം എടുത്തുകാട്ടിയാണ് ബിജെപി വോട്ട് തേടുന്നത്.

അതിനിടെയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി കോണ്‍ഗ്രസ്‌ നേതാവിന്‍റെ രംഗപ്രവേശം.


ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്‌ നടത്തിയിരിക്കുന്ന പ്രവചനം.

ജയ്പുര്‍ സാഹിത്യോത്സവ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സച്ചിന്‍ ഈ പ്രവചനം നടത്തിയത്. ജനങ്ങള്‍ എല്ലാം അറിഞ്ഞു വരുന്നു. അവരുടെ അറിവാണ് ഇന്ന് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമെല്ലാം ജനങ്ങള്‍ ബിജെപിയെ തൂത്തെറിഞ്ഞതായും സച്ചന്‍ പറഞ്ഞു.


ബിജെപിയുടെ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പണവും അധികാരവും മാധ്യമങ്ങളുമെല്ലാം തങ്ങള്‍ക്കനുകൂലമാക്കി അധികകാലം മുന്നോട്ടുപോകാനാവില്ല. വോട്ടിംഗ് മെഷീന്‍റെ മുന്നില്‍ നില്‍ക്കുന്ന വ്യക്തി എല്ലാം തീരുമാനിക്കും. അത്തരത്തിലുള്ള തിരിച്ചറിവ് ജനങ്ങള്‍ക്ക് ഏറി വരികയാണ്. അതാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടുന്ന വിജയത്തിനു കാരണമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

അതേസമയം, മൂന്ന് പാര്‍ട്ടികളും ഡല്‍ഹിയില്‍ തികഞ്ഞ ആവേശത്തോടെയാണ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 8 നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വോട്ടെണ്ണല്‍ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക