Image

10 ലക്ഷം കൈക്കൂലി, മനസ്സു മടുത്ത് കേരളം വിടുന്നു: സംരംഭകദമ്പതിമാര്‍

Published on 25 January, 2020
10 ലക്ഷം കൈക്കൂലി, മനസ്സു മടുത്ത് കേരളം വിടുന്നു: സംരംഭകദമ്പതിമാര്‍
ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്‍ക്കുമ്പോള്‍ കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ് അവരുടെ വിശദീകരണം.

ആലപ്പുഴ കടപ്പുറത്ത് കടല്‍ക്കാഴ്ചയുടെ പ്രദര്‍ശനം നടത്തുന്നതിന് നഗരസഭാ ചെയര്‍മാന്‍ പത്തുലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച സംരഭക ആര്‍ച്ച ഉണ്ണിയും ഭര്‍ത്താവ് കെ.കെ. നിമിലുമാണ് കേരളം മടുത്തുവെന്ന് പറയുന്നത്. ഇനി തുടങ്ങാന്‍ പോകുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വന്‍ സംരംഭങ്ങളാണ് ഇവര്‍ തമിഴ്‌നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്.

ഇവരോട് നഗരസഭാ ചെയര്‍മാന്‍ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന ആരോപണം വിവാദമായിരുന്നു.

പ്രദര്‍ശനാനുമതി നീട്ടിക്കൊടുക്കാന്‍ ഹൈക്കോടതി നഗരസഭാ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടും പറഞ്ഞ സമയത്തിനകം അനുമതി നല്‍കിയില്ലെന്ന് ആര്‍ച്ച ഉണ്ണി പറഞ്ഞു.

ഒരുദിവസത്തിനുശേഷം രാത്രി വൈകി പ്രദര്‍ശനത്തിന്റെ കവാടത്തില്‍ അനുമതി ഉത്തരവ് അറിയിപ്പ് നിരവധി വ്യവസ്ഥകളോടെ നഗരസഭ പതിച്ചു. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലെ പ്രദര്‍ശനം നിശ്ചയിച്ചതിനേക്കാള്‍ നേരത്തെ അവസാനിപ്പിക്കാന്‍ യുവസംരംഭകര്‍ തീരുമാനിച്ചു.

‘കോടതി ഉത്തരവുപോലും നടപ്പാക്കിത്തരാത്ത ഉദ്യോഗസ്ഥര്‍, തങ്ങള്‍ക്ക് എത്ര പണം തരുമെന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍. ഭയം തോന്നുന്നു, മനസ്സു മടുത്തു. ഇത്തരക്കാരോട് എതിരിട്ട് ഒന്നും ഇവിടെ നടത്താന്‍ ഞങ്ങളില്ല.’ആര്‍ച്ചയും നിമിലും പറഞ്ഞു. കൊച്ചിയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ തുടങ്ങാനിരുന്ന 50 കോടിയുടെ സ്ഥിരം ടണല്‍ എക്‌സ്‌പോ പദ്ധതിയും ഉപേക്ഷിക്കുകയാണെന്ന് ആര്‍ച്ചയും നിമിലും പറഞ്ഞു. നീല്‍ എന്റര്‍ടെയിന്‍മെന്റ് എന്നതാണ് ഇവരുടെ കമ്പനി.

ചെങ്ങന്നൂര്‍ സ്വദേശിനിയായ ആര്‍ച്ച(26)യും കണ്ണൂര്‍ സ്വദേശിയായ നിമിലും(30) ഇപ്പോള്‍ കൊച്ചിയില്‍ പാലാരിവട്ടത്ത് താമസിക്കുന്നു.

താന്‍ സംരഭകയോട് പണം ആവശ്യപ്പെട്ടത് ചെയര്‍മാന്റെ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്കാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ ഇത് സംബന്ധിച്ച് ആലപ്പുഴ ഡി.സി.സി.ക്ക് നല്‍കിയ വിശദീകരണം.

Join WhatsApp News
A.P. Kaattil. 2020-01-25 20:53:26
ലോക മഹാ സഭ എന്നൊരു വേദി എന്തിനെന്നു മനസ്സിലായല്ലോ? പത്തു തുട്ടുള്ളവൻ വിദേശത്താണെന്ന് ഉത്തരവാദപ്പെട്ടവർക്കറിയാം. അങ്ങനെയുള്ളവർ നാട്ടിലെത്തിയാൽ കീഴ്ഘടകങ്ങൾക്ക് ഫണ്ട് ശേഖരണം എളുപ്പമായി. നോക്കുകൂലി നിരോധിക്കാൻ സാധിക്കാത്ത ഒരിടത്തേക്ക് മുതലിറക്കാൻ തയ്യാറാകുന്നവർ രണ്ടു വട്ടം ചിന്തിക്കുക. രാജ്യസ്നേഹം ഇല്ലാഞ്ഞിട്ടല്ല, സ്നേഹിക്കുന്ന രാജ്യത്ത് നിലനിൽക്കുന്ന അരാജകത്വത്തെ ഓർത്ത് പറഞ്ഞതാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക